ബെംഗളൂരു: കലബുറഗി ജില്ലയിലെലാഡ്ലാപൂരിന് സമീപം ക്രൂയിസർ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ചിറ്റാപൂർ താലൂക്കിലെ വാഡിക്ക് സമീപം ദേശീയപാത 150 ൽ വെള്ളിയാഴ്ച രാത്രി വൈകിയായിരുന്നു അപകടം.ഒരേ കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. മഹ്മൂദ് ഹുസൈൻ (60), ഫാത്തിമ അബ്‌ദുൾ സാബ് (40), റസൂൽ ബീ (40), മഹ്ബൂബ് സംഗവി (37), ക്രൂയിസർ ഡ്രൈവർ ടോളു പാഷ (24) എന്നിവരാണ് മരിച്ചത്. ചിറ്റാപൂർ താലൂക്കിലെ ഇംഗലഗി ഗ്രാമത്തിൽ താമസിക്കുന്നവരാണ് മരിച്ചവരെല്ലാം.തമിഴ്‌നാട്ടിൽ നിന്നും അമിതവേഗതയിൽ എതിർദിശയിൽ വന്ന ലോറി ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ക്രൂയിസർ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നുപോയി. അപകടം നടന്നയുടൻ ലോറി ഡ്രൈവർ വണ്ടി നിർത്തി ഓടി രക്ഷപ്പെട്ടതായി ചിറ്റാപൂർ പോലീസ് അറിയിച്ചു. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.