ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഇംഗ്ലീഷ് യുവതാരം ജേക്കബ് ബേഥല്‍ വിരാട് കോഹ്ലിയെക്കുറിച്ചുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു.ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാരില്‍ ഒരാളായ കോഹ്ലിക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നതും സമയം ചെലവഴിക്കുന്നതും വലിയൊരു പാഠമാണെന്ന് താരം പറഞ്ഞു. ഈ സീസണില്‍ ആർസിബിക്കായി കോലിക്കൊപ്പം ബാറ്റിംഗിന് ഇറങ്ങുന്നത് തനിക്ക് വലിയൊരു പഠനാനുഭവമാണെന്നും ബേഥല്‍ വ്യക്തമാക്കി.“വിരാട് കോഹ്ലി റണ്‍സ് പിന്തുടരുന്നത് നേരില്‍ കാണുമ്പോള്‍ ബാറ്റിംഗിന്റെ കല എന്താണെന്ന് കൃത്യമായി മനസ്സിലാക്കാം. സാഹചര്യത്തിനനുസരിച്ച് ഗിയർ മാറ്റുന്നതും, പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിക്കുന്നതും എങ്ങനെയെന്ന് അദ്ദേഹം കാട്ടിത്തരുന്നു. ഐപിഎല്‍ ലോകത്തെ ഏറ്റവും വലിയ ടൂർണമെന്റാണ്. ഇവിടെയല്ലെങ്കില്‍ പിന്നെ എവിടെയാണ് ഒരാള്‍ക്ക് മെച്ചപ്പെടാൻ സാധിക്കുക?” – ബേഥല്‍ ചോദിച്ചു. കഴിഞ്ഞ വർഷത്തേക്കാള്‍ മികച്ച കളിക്കാരനാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കോഹ്ലിക്കൊപ്പമുള്ള സമയം തന്റെ കരിയറിനെ വളരെയധികം സഹായിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, ബെഥലിന് ഐപിഎല്ലില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് മുൻ ഇംഗ്ലണ്ട് നായകൻ അലസ്റ്റർ കുക്ക് രംഗത്തെത്തിയിരുന്നു. ഐപിഎല്ലില്‍ ബെഞ്ചിലിരിക്കുന്നതിന് പകരം താരം ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് കളിക്കണമായിരുന്നു എന്നായിരുന്നു കുക്കിന്റെ വിമർശനം. എന്നാല്‍ വിരാട് കോഹ്ലിയെപ്പോലുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും തനിക്ക് വിലപ്പെട്ടതാണെന്ന മറുപടിയാണ് ബേഥല്‍ നല്‍കുന്നത്.ബാർബഡോസില്‍ ജനിച്ച് പിന്നീട് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ താരം വാർവിക്ഷെയറിലൂടെയാണ് കരിയർ ആരംഭിച്ചത്. പരിക്കുകള്‍ മൂലം കരിയറില്‍ തിരിച്ചടികള്‍ നേരിട്ടെങ്കിലും കരുത്തോടെ തിരിച്ചുവന്ന ബെഥല്‍ ഇംഗ്ലണ്ട് ദേശീയ ടീമിലും തുടർന്ന് ഐപിഎല്ലിലും ഇടംപിടിച്ചു. കഴിഞ്ഞ മാസം നടന്ന ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യക്കെതിരെ തകർപ്പൻ പ്രകടനം നടത്തി ബേഥല്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.