പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്ത നടപടിയില്‍ പാർലമെന്ററി ഐടി സമതിക്ക് മുന്നില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ അധികൃതർ.വീഡിയോ നീക്കം ചെയ്തത് സാങ്കേതിക പിഴവുകൊണ്ടാണെന്ന് മെറ്റ യോഗത്തില്‍ വിശദീകരിച്ചു. എന്നാല്‍ പ്രശ്നം ഉദ്യോഗസ്ഥർ മാപ്പ് പറഞ്ഞാല്‍ തീരില്ലെന്ന് സമിതിയിലെ ഭരണപക്ഷ അംഗങ്ങള്‍ അറിയിച്ചു. മാർക്ക് സക്കർബർഗ് തന്നെ മാപ്പ് പറയണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മെറ്റയ്ക്ക് നല്കുന്ന സേഫ് ഹാർബർ പരിരക്ഷ പിൻവലിക്കുമെന്നും മുന്നറിയിപ്പ് നല്കി. അതേസമയം ഇത് പാർലമെന്റില്‍ ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. സിജെപി സമരത്തില്‍ പങ്കെടുത്തവരുടെ അടക്കം സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരായ നടപടിയിലും സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ ആശങ്ക അറിയിച്ചു. സർക്കാറിനെതിരായ വിമർശനങ്ങള്‍ എല്ലാം രാജ്യത്തിനെതിരായത് എന്ന രീതിയില്‍ കൈകാര്യം ചെയ്യരുതെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.