ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചതിന് പിന്നാലെ സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് രാജി ഭീഷണി മുഴക്കിയ കോണ്‍ഗ്രസ് എംഎല്‍എമാർക്ക് കടുത്ത മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ആരെങ്കിലും രാജി സമർപ്പിച്ചാല്‍ മിനിറ്റുകള്‍ക്കകം അത് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.”ഈ ഘട്ടത്തില്‍ ക്ഷമയാണ് ആവശ്യം. പാർട്ടിയാണ് ഏറ്റവും പ്രധാനം. ആരെങ്കിലും രാജിവെച്ചാല്‍ മിനിറ്റുകള്‍ക്കകം ഞാൻ അത് സ്വീകരിക്കും”-ഡി.കെ. ശിവകുമാർ വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ രാജി വെക്കുന്നതും അതൃപ്തി പ്രകടിപ്പിക്കുന്നതും സ്വാഭാവികമാണെന്നും ആർക്കും അത് തടയാനാകില്ലെന്നും ശിവകുമാർ പറഞ്ഞു. കോണ്‍ഗ്രസ് പാർട്ടിയില്‍ നിലനിന്നാല്‍ മാത്രമേ എംഎല്‍എമാർക്ക് ഭാവി ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.പൂർവ്വകാല രാഷ്ട്രീയ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിവകുമാർ പ്രതികരിച്ചത്. ധരം സിങ് മുഖ്യമന്ത്രിയായിരുന്ന കാലത്തും സിദ്ധാരാമയ്യയുടെ ആദ്യ ഭരണകാലത്തും തനിക്കും മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ലെന്നും വേണമെങ്കില്‍ തനിക്കും അന്ന് രാജിവെക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും സമാനമായ സാഹചര്യം നേരിട്ടിട്ടുണ്ടെന്നും അന്നെല്ലാം തങ്ങള്‍ ക്ഷമ പാലിച്ചെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായത്. കോണ്‍ഗ്രസ് എം.എല്‍.എമാരായ യശ്വന്തരായഗൗഡ പാട്ടീല്‍, ബെലൂർ ഗോപാലകൃഷ്ണ, ബി.കെ. സംഗമേശ്വർ എന്നിവരാണ് രാജിവെക്കുമെന്ന് പ്രഖ്യാപിച്ചത്. കോലാർ, ചിക്കബെല്ലാപ്പൂർ ജില്ലകളില്‍ നിന്നുള്ള എം.എല്‍.എമാർക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടർന്ന് കൂട്ടരാജിക്ക് ഒരുങ്ങുന്നതായി അഭ്യൂഹമുണ്ട്.ഡി.കെ. ശിവകുമാറും 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് പുതിയ 19 മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. അവസാന നിമിഷം വരെ പട്ടികയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തത്.