ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരേ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിൻ. വിജയ്‍ ഡമ്മി മുഖ്യമന്ത്രിയാണെന്നും കഴിവുകെട്ട മുഖ്യമന്ത്രിയാണെന്നുമായിരുന്നു സ്റ്റാലിന്റെ വിമർശനം. കാവേരി നദീജല വിഷയത്തിലെ സർക്കാരിന്റെ പരാജയം മറയ്ക്കാനും ശ്രദ്ധതിരിക്കാനുമാണ് വിജയ് സർക്കാർ ഉദയനിധിയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഈ അഹങ്കാരം നാശത്തിലേക്കാണെന്നും അദ്ദേഹയം വിജയ്ക്ക് മുന്നറിയിപ്പ് നല്‍കി.നടി തൃഷയ്ക്കെതിരേ ദ്വയാർഥ പരാമർശം നടത്തിയെന്ന കേസിലാണ് ചൊവ്വാഴ്ച ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെയാണ് വിജയ്‍ക്കെതിരേ രൂക്ഷവിമർശനവുമായി എം.കെ. സ്റ്റാലിൻ രംഗത്തെത്തിയത്.കഴിവുകെട്ട ഡമ്മിയായ മുഖ്യമന്ത്രിക്ക് കാവേരി ജലം തമിഴ്നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയില്ല. തമിഴ്നാട്ടിലെ കർഷകർ പ്രയാസപ്പെടുമ്പോള്‍ ടിവികെ മന്ത്രി വിജയ്ന്റെ സിനിമ(ജനനായകൻ) കണ്ട് കണ്ണീരൊഴുക്കുകയാണ്. ഒരു കോമാളി മന്ത്രിസഭയാണ് തമിഴ്നാട്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഉദയനിധിയെ ചോദ്യംചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെങ്കില്‍ എന്തുകൊണ്ട് അത് ചെന്നൈയില്‍ ആയിക്കൂടാ? എന്തുകൊണ്ടാണ് ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയത്? അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെയും സർക്കാരിനെയും വിമർശിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിലാണ് വിജയ്ന്റെ ശ്രദ്ധ. വെറും റീല്‍സെടുക്കാനും റീല്‍സ് ക്രിയേറ്ററായി നടക്കാനുമാണ് മുഖ്യമന്ത്രിക്ക് താല്‍പര്യം. മുഖ്യമന്ത്രി തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാനാകണം. അഹങ്കാരം നാശത്തിലേക്കുള്ള വഴിയൊരുക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.ഉദയനിധി സ്റ്റാലിൻ അധിക്ഷേപകരമായ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്നായിരുന്നു സ്റ്റാലിന്റെ വിശദീകരണം. ഉദയനിധിയുടെ പ്രസംഗത്തില്‍ അധിക്ഷേപകരമായി ആരെയും പരാമർശിച്ചിട്ടില്ല. ഇനി തെറ്റ് ചെയ്താല്‍പോലും ഉടൻ തന്നെ മാപ്പ് പറയുന്നയാളാണ് ഉദയനിധിയെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.