കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം കമ്മട്ടിപ്പാടത്തെ അപ്പാർട്ട്മെന്റില്‍ ഉറങ്ങിക്കിടന്ന യുവതിക്ക് നേരെ പീഡന ശ്രമം.സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാരായ അഞ്ച് യുവതികള്‍ തങ്ങുന്ന അപ്പാർട്ട്മെന്റില്‍ തിങ്കളാഴ്ച പുലർച്ചെ 4.15നായിരുന്നു സംഭവം. ദേഹത്ത് ആരോ സ്പർശിക്കുന്നത് അനുഭവപ്പെട്ട യുവതി എഴുന്നേറ്റ് ബഹളമുണ്ടാക്കിയതോടെ അക്രമി ബാല്‍ക്കണിയിലൂടെ ഇറങ്ങിയോടി രക്ഷപ്പെട്ടു.ബഹുനില കെട്ടിടത്തിന്റെ അഞ്ചാംനിലയിലെ അപ്പാർട്ട്മെന്റില്‍ യുവതികള്‍ മാത്രമാണ് താമസം. മൂന്ന് യുവതികള്‍ ഒരു മുറിയിലും മറ്റ് രണ്ട് യുവതികള്‍ തനിച്ച് രണ്ട് മുറികളിലുമായിട്ടാണ് കിടത്തം. തനിച്ച് കിടന്നുറങ്ങിയ 25 കാരിക്ക് നേരെയാണ് ലൈംഗികാതിക്രമ ശ്രമം ഉണ്ടായത്.
ഉറക്കമുണർന്നപ്പോള്‍ അക്രമി കട്ടിലിനടുത്ത് ഇരിക്കുന്നത് കണ്ടതായിട്ടാണ് യുവതി നല്കിയ മൊഴി. ബഹളമുണ്ടാക്കിയതോടെ ഇയാള്‍ ഓടിയിറങ്ങി. യുവതികള്‍ ഉടൻ പൊലീസില്‍ വിവരം അറിയിച്ചു. കണ്ട്രോള് റൂം പൊലീസും കടവന്ത്ര പൊലീസും പരിസരത്ത് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ സാധിച്ചില്ല. ബാല്‍ക്കണിയിലൂടെ മുകളില്‍ ചാടിക്കടന്ന അക്രമി തുറന്നു കിടന്ന ജനാലയിലൂടെ വാതിലിന്റെ കുറ്റിയിളക്കിയാണ് അകത്തു കടന്നത്. ചാടിക്കടക്കുന്നതിനിടെ ഇയാളുടെ കാല് കമ്പിയില്‍ തട്ടിയുണ്ടായ മുറിവില്‍ നിന്ന് മുറിയില്‍ രക്തക്കറ പുരണ്ടിരുന്നു.യുവതി പിന്നീട് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്കി. വിവാഹം ഉറപ്പിച്ചതിനാല്‍ കേസ് വേണ്ടെന്നും പൊലീസിനെ അറിയിച്ചു. കടവന്ത്ര എസ്.എച്ച്.ഒ ആർ.ബിജുവിന്റെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തി.