Home കർണാടക ബെംഗളൂരുവില്‍ മാലിന്യം ശേഖരിക്കുന്ന തൊഴിലാളികള്‍ക്ക് മാസങ്ങളായി ശമ്പളമില്ല; പലയിടത്തും വേസ്റ്റ് കുന്നുകൂടി

ബെംഗളൂരുവില്‍ മാലിന്യം ശേഖരിക്കുന്ന തൊഴിലാളികള്‍ക്ക് മാസങ്ങളായി ശമ്പളമില്ല; പലയിടത്തും വേസ്റ്റ് കുന്നുകൂടി

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തില്‍ മാലിന്യം ശേഖരിക്കാൻ എത്തുന്ന തൊഴിലാളികള്‍ മാസങ്ങളായി ശമ്ബളമില്ലാതെ ദുരിതത്തില്‍. ശ്മശാന തൊഴിലാളികള്‍ക്കും മാസങ്ങളായി ശമ്ബളം ലഭിക്കുന്നില്ല.നിലവില്‍ കൂലിയില്ലാതെ ജോലിയെടുക്കാൻ നിർബന്ധിതരായ തൊഴിലാളികള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യത്തില്‍ നിന്നുള്ള പ്ലാസ്റ്റിക് വിറ്റാണ് ഉപജീവനം നടത്തുന്നത്. ഇതുകൂടാതെ ചില താമസക്കാർ പ്രതിമാസം ദയാവായ്പ് മൂലം നല്‍കുന്ന പണമാണ് ആശ്രയം. മാലിന്യശേഖരണ സംവിധാനമാകെ അരാജകത്വത്തിലാണെന്ന് തൊഴിലാളി സംഘടനകള്‍ പറയുന്നു.പല തൊഴിലാളികള്‍ക്കും അവസാനമായി ശമ്ബളം ലഭിച്ചത് 2025 സെപ്റ്റംബറിലായിരുന്നു. ആറ് മാസത്തോളമായി ശമ്ബളം ലഭിച്ചിട്ടില്ല. മാലിന്യ ശേഖരണക്കാര്‍ക്ക് ബിബിഎംപി നേരിട്ട് ശമ്പളം നല്‍കണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി.

എന്നാല്‍ തൊഴിലാളികള്‍ക്ക് ഇതുവരെ ഈ സൗകര്യം ലഭ്യമായിട്ടില്ല. പകരം ഇടനിലക്കാർ വഴിയാണ് പണം ലഭിക്കുന്നത്.ബെംഗളൂരുവില്‍, മിക്ക മാലിന്യ ശേഖരണക്കാർക്കും (പ്രത്യേകിച്ച്‌ ഡ്രൈവർമാർ, സഹായികള്‍, ലോഡർമാർ, ക്ലീനർമാർ) ഇപ്പോഴും പണം നല്‍കുന്നത് സ്വകാര്യ കരാറുകാരാണ്. നിരവധി ഔട്ട്‌സോഴ്‌സിങ് സ്ഥാപനങ്ങളാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. ഇവരുടെ ചൂഷണത്തിന് തൊഴിലാളികള്‍ വിധേയമാകുകയാണ്. ഈ തൊഴില്‍മേഖലയില്‍ നേരിട്ട് ഇടപെടാൻ ബിബിഎംപി തയ്യാറാകുന്നില്ല.അതെസമയം തെരുവ് തൂത്തുവാരുന്ന ജോലി ചെയ്യുന്നവരും മറ്റുമായി കുറച്ചു പേർ ബിബിഎംപിയുടെ നേരിട്ടുള്ള പേയ്‌മെന്റിലേക്ക് വന്നിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം മാലിന്യശേഖര തൊഴിലാളികളും ഈ സംവിധാനത്തിന് പുറത്താണ് കഴിയുന്നത്. ഡ്രൈവർമാർ, സഹായികള്‍, ലോഡർമാർ, ക്ലീനർമാർ, ഖരമാലിന്യ ശേഖരണത്തിലും ഗതാഗതത്തിലും പ്രവർത്തിക്കുന്ന മറ്റ് ജീവനക്കാർ തുടങ്ങിയവരെല്ലാം ഇപ്പോഴും നേരിട്ടുള്ള ശമ്ബള സംവിധാനത്തിന് പുറത്താണ്. ഇവർക്ക് ഇടനിലക്കാരാണ് ശമ്ബളം നല്‍കുന്നത്. സ്വകാര്യ കരാറുകാരുടെ കീഴിലാണ് ഇവർ ജോലി ചെയ്യുന്നത്.

ചിലര്‍ സ്വകാര്യ മാലിന്യ സംസ്കരണ സ്ഥാപനങ്ങളിലെ ജോലിക്കാരാണ്. മാലിന്യം ശേഖരിക്കുന്നതിനും ഗതാഗതത്തിനുമായി ബിബിഎംപി ടെൻഡർ വിളിക്കുകയാണ് പതിവ്. ഈ സംവിധാനത്തെ ചൂഷണവ്യവസ്ഥയായാണ് യൂണിയനുകള്‍ കാണുന്നത്.അതെസമയം ബെംഗളൂരുവിലെ മാലിന്യ സംസ്കരണം മറ്റുചില പ്രശ്നങ്ങളെയും സമീപദിവസങ്ങളില്‍ നേരിടുന്നുണ്ട്. നഗരത്തിലുടനീളം മാലിന്യം കുന്നുകൂടുകയാണ്. മാലിന്യം വേർതിരിക്കുന്നതിനെ ചൊല്ലി പലയിടങ്ങളിലും തർക്കം നിലനില്‍ക്കുന്നുണ്ട്. മാലിന്യം ഉറവിടത്തിലും ശേഖരണ സമയത്തും വേർതിരിക്കല്‍ നിർബന്ധമാക്കുന്ന നിയമങ്ങള്‍ കരാറുകാർ പാലിക്കണമെന്ന് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജുമെന്റ് കമ്ബനി പറയുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് കരാറുകാരും പറയുന്നു. ഇതോടെ പലയിടങ്ങളിലും വേസ്റ്റ് എടുക്കല്‍ മുടങ്ങി.ഈ പ്രശ്നത്തില്‍ പല ദിവസങ്ങളിലായി തൊഴിലാളികള്‍ പണി മുടക്കുകയും ചെയ്തിട്ടുണ്ട്. മാലിന്യം വേർതിരിക്കലിന്റെ അധിക ഭാരം ജീവനക്കാർക്ക് മേല്‍ ചുമത്തുന്നതില്‍ പ്രതിഷേധിച്ച്‌ 300-ലധികം തൊഴിലാളികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പണിമുടക്കി. പലപ്പോഴും ഡ്രൈവർമാരടക്കം മാലിന്യമെടുക്കല്‍ ഏറ്റെടുത്താണ് ജോലി പൂർത്തീകരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group