ബെംഗളൂരു: നഗരത്തിലെ ഇരുചക്ര, നാല് ചക്ര വാഹനങ്ങള്‍ക്ക് മതിയായ പാർക്കിംഗ് സൗകര്യങ്ങളുടെ അഭാവം ദീർഘകാലമായി നേരിടുന്ന പ്രശ്നമാണ്.അലക്ഷ്യമായ റോഡ് സൈഡ് പാർക്കിംഗ് കാല്‍നട, വാഹന ഗതാഗതം തടസപ്പെടുത്തുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നത്. ഇപ്പോഴിതാ നേരത്തെ ഇതുമായി ബന്ധപ്പെട്ട ജിബിഎ പ്രഖ്യാപിച്ച പദ്ധതി വൈകുന്നതില്‍ നഗരവാസികള്‍ കാര്യമായ ആശങ്ക പങ്കുവയ്ക്കുകയാണ്.പൈലറ്റ് പദ്ധതി നടപ്പിക്കിയെങ്കിലും നഗരം ഒട്ടാകെ വ്യാപിക്കുന്നത് വൈകുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. നേരത്ത എംജി റോഡില്‍ 2025 സെപ്റ്റംബറിലാണ് പേ-ആൻഡ്-പാർക്ക് സംവിധാനം തിരിച്ചെത്തിയത്. മായോ ഹാള്‍ മുതല്‍ എല്‍ഐസി കെട്ടിടം വരെയുള്ള റോഡരികുകള്‍ പാർക്കിംഗിന് ഉപയോഗിച്ചു. സ്വകാര്യ കരാറുകാരൻ നിയോഗിക്കുന്ന അഞ്ചോളം പേരാണ് ഫീസ് പിരിക്കുന്നത്.
ഇരുചക്ര വാഹനങ്ങള്‍ക്ക് മണിക്കൂറിന് 15 രൂപയും കാറുകള്‍ക്ക് 30 രൂപയുമാണ് ഇവിടെ നിരക്ക്. പൈലറ്റ് സംരംഭമായി ഇതിനെക്കണ്ട്, ജിബിഎ ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പോർട്ടുമായി ചേർന്ന് ഈ സംവിധാനം നഗരമെങ്ങും വ്യാപിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതിന്റെ നടപടികള്‍ വൈകുകയാണ്.എന്നാല്‍ പുതിയ പെയ്ഡ് പാർക്കിങ് സംവിധാനം ഉടൻ നിലവില്‍ വരുമെന്നാണ് അധികൃതർ പറയുന്നത്. തിരഞ്ഞെടുത്ത റോഡുകളില്‍ മണിക്കൂർ അടിസ്ഥാനത്തില്‍ പാർക്കിങ് ഫീസ് ഈടാക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. സെൻട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ്, ഹെബ്ബാള്‍, യെലഹങ്ക തുടങ്ങിയ പ്രധാന മേഖലകളില്‍ ഈ നിരക്കുകള്‍ ബാധകമാകും. കാറുകള്‍ക്ക് മണിക്കൂറിന് 30 രൂപ വരെയും ഇരുചക്ര വാഹനങ്ങള്‍ക്ക് 15 രൂപയും ഈടാക്കും.നിരക്കുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്മണിക്കൂർ നിരക്കുകള്‍ക്ക് പുറമെ, ദൈനംദിന, പ്രതിമാസ പാർക്കിങ് പാസുകളും അധികൃതർ അനുവദിച്ചിട്ടുണ്ട്. നാലുചക്ര വാഹനങ്ങള്‍ക്ക് ഒരു ദിവസത്തെ പാസിന് 150 രൂപയാണ്. ഇരുചക്ര വാഹനങ്ങള്‍ക്ക് ഇത് 75 രൂപയായിരിക്കും. പ്രതിമാസ പാസുകള്‍ക്ക് കാറുകള്‍ക്ക് 3,000 രൂപയും, ഇരുചക്ര വാഹനങ്ങള്‍ക്ക് 1,500 രൂപയും നിശ്ചയിച്ചിട്ടുണ്ട്. ഇതുവഴി സ്ഥിരമായി പാർക്ക് ചെയ്യുന്നവർക്ക് എളുപ്പത്തില്‍ പാസുകള്‍ സ്വന്തമാക്കാം.ആദ്യ ഘട്ടത്തില്‍ തിരക്കേറിയ വാണിജ്യ മേഖലകളിലെ റോഡുകളിലായിരിക്കും പുതിയ പാർക്കിങ് നിരക്കുകള്‍ നടപ്പാക്കുക.
സെൻട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലുള്ള റോഡുകള്‍, ഹെബ്ബാള്‍, യെലഹങ്ക എന്നിവിടങ്ങളിലെ തിരക്കേറിയ തെരുവുകള്‍ എന്നിവ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. പാർക്കിങ്ങിനുള്ള ആവശ്യകത നിയന്ത്രിക്കുകയും അലക്ഷ്യമായ പാർക്കിംഗ് ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ഇത് ഗതാഗതക്കുരുക്ക് ലഘൂകരിക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു.കൂടുതല്‍ ഗതാഗതക്കുരുക്കും ദീർഘനേരത്തെ പാർക്കിങ് ആവശ്യകതയുമുള്ള റോഡുകളാണ് അധികൃതർ തിരഞ്ഞെടുത്തിട്ടുള്ളത്. ഇത്തരം സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പലപ്പോഴും മണിക്കൂറുകളോളം നിർത്തിയിടാറുണ്ട്. മണിക്കൂർ നിരക്കുകള്‍ വരുന്നതോടെ ദീർഘനേരം പാർക്ക് ചെയ്യുന്നത് കൂടുതല്‍ ചെലവേറിയതാകും. പതിവായി വാഹനങ്ങള്‍ പാർക്ക് ചെയ്യേണ്ടവർക്ക് പ്രതിമാസ പാസുകള്‍ പ്രയോജനപ്പെടുത്താം. ഇത് ലഭ്യമായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തുല്യമായി വിന്യസിക്കാൻ സഹായിക്കുമെന്നും അധികൃതർ കരുതുന്നു.പുതിയ പെയ്ഡ് പാർക്കിങ് സംവിധാനം വരുമ്പോഴും നിലവിലുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ക്ക് മാറ്റമില്ല.
ബെംഗളൂരുവില്‍ നോ-പാർക്കിംഗ് സോണില്‍ വാഹനം നിർത്തുന്നതിന് 1000 രൂപ പിഴ ചുമത്തും. ഇരുചക്ര, നാലുചക്ര വാഹനങ്ങള്‍ക്ക് ഇത് ബാധകമാണ്. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ ടോ ചെയ്യുന്നതിലൂടെ അധിക ചാർജുകളും ഉണ്ടാകാം. ഇ-ചെല്ലാനുകളും സിസിടിവി ക്യാമറകളും വഴിയാണ് ഇത്തരം ലംഘനങ്ങള്‍ കണ്ടെത്തുന്നത്.റോംഗ് പാർക്കിങ്ങിനുള്ള ഇ-ചെല്ലാനുകള്‍ ബെംഗളൂരു ട്രാഫിക് പോലീസ് തുടർന്നും വിതരണം ചെയ്യുന്നുണ്ട്. ക്യാമറകളില്‍ നിന്നും ഹാൻഡ്-ഹെല്‍ഡ് ഉപകരണങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ ഇതിന് സഹായകമാകുന്നു. വാഹന ഉടമകള്‍ക്ക് കർണാടക വണ്‍ പോർട്ടലുകളിലൂടെയും ഓണ്‍ലൈനായും കുടിശ്ശിക തീർക്കാം. ശക്തമായ നിയമപാലനവും വ്യക്തമായ നിരക്കുകളും അലക്ഷ്യമായ പാർക്കിംഗ് കുറയ്ക്കുമെന്ന് അധികൃതർ പറയുന്നു. വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിന് മുമ്പ് ബോർഡുകള്‍ ശ്രദ്ധിക്കാൻ ഡ്രൈവർമാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.ഈ പെയ്ഡ് പാർക്കിങ് പദ്ധതി നഗരത്തിന്റെ സമഗ്രമായ ഗതാഗത വികസന പദ്ധതികളുടെ ഭാഗമാണ്. ബെംഗളൂരുവിലെ റോഡുകളുടെ വിസ്തീർണ്ണത്തേക്കാള്‍ വേഗത്തിലാണ് വാഹനങ്ങളുടെ എണ്ണം വർധിക്കുന്നത്. പാർക്കിങ് നയം ഡിമാൻഡ് നിയന്ത്രിക്കാനുള്ള ഒരു ഉപാധിയായാണ് നഗരാസൂത്രകർ കാണുന്നത്.