ബെംഗളൂരു: ഇത്രയും കാലത്തെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ബെംഗളൂരു നഗരത്തില്‍ ഇത്തരമൊരു കാഴ്ച കാണാനിട വന്നിട്ടില്ല എന്നാണ് ഗീതശ്രീ നാഗരാജ് എന്ന യുവതി തന്റെ ഇൻസ്റ്റഗ്രാം പേജില്‍ ഷെയർ ചെയ്ത വീഡിയോയില്‍ പറയുന്നത്.നഗരത്തില്‍ ഇപ്പോളനുഭവപ്പെടുന്ന കനത്ത ചൂടിന്റെ സ്വഭാവം എത്ര തീവ്രമാണെന്ന് മനസ്സിലാക്കാൻ ഈയൊരൊറ്റ വീഡിയോ മതി. ചൂടില്‍ വീട്ടിനകത്ത് സൂക്ഷിച്ച ക്രയോണുകള്‍ ഉരുകുന്നത് കണ്ട് സ്തബ്ധയായി നില്‍ക്കുകയാണ് ഗീതശ്രീ നാഗരാജ്. ഇതിന്റെ വീഡിയോ അതിവേഗം വൈറലായി.വീഡിയോക്ക് ചുവട്ടില്‍ നഗരത്തിലെ വർദ്ധിച്ചുവരുന്ന താപനിലയെക്കുറിച്ചുള്ള ചർച്ച സജീവമായി. മേശയില്‍ സൂക്ഷിച്ചിരിക്കുന്ന ക്രയോണുകള്‍ ഉരുകാൻ തുടങ്ങിയെന്നാണ് ഗീതശ്രീ പറയുന്നത്. ആദ്യമായി വീടിനുള്ളില്‍ അസാധാരണമായ ചൂട് അനുഭവപ്പെട്ടതായും അവർ പറഞ്ഞു.
നഗരത്തില്‍ മുമ്പ് ഒരിക്കലും ഇങ്ങനയൊരു അനുഭവം തനിക്കുണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.ഗീതശ്രീ നാഗരാജ് പോസ്റ്റ് ചെയ്ത വൈറല്‍ വീഡിയോയില്‍ ക്രയോണുകളടങ്ങിയ ഒരു ട്രേ കാണാം. അവയില്‍ പലതും ചൂട് കാരണം ചെറുതായി ഉരുകിത്തുടങ്ങിയിട്ടുണ്ട്. വർഷങ്ങളായി ബെംഗളൂരുവില്‍ താമസിക്കുന്ന ആളാണ് താനെന്നും ഇങ്ങനെയൊന്ന് താൻ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു.അതെസമയം നഗരത്തിലെ നിലവിലെ താപനില വലിയ തോതില്‍ ഉയരുകയാണ്. കർണാടകകത്തില്‍ പലയിടത്തും ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ പ്രകാരം വടക്കൻ കർണാടകയുടെ പല ഭാഗങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട്. ബെംഗളൂരുവിലും ചൂട് കുത്തനെ കൂടിയിരിക്കുകയാണ്.കർണാടകയുടെ വടക്കൻ ജില്ലകളില്‍ പൊതുവെ ഉയർന്ന ചൂട് ഉണ്ടാകാറുണ്ട്. ഇത്തവണ ചൂട് കൂടുതാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു. കലബുറഗി പോലുള്ള നഗരങ്ങളില്‍ 44-45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്. കർണാടകയിലെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നാണ് കാലബുറഗി ഇപ്പോള്‍. റായ്ച്ചൂർ, ബല്ലാരി, വിജയപുര തുടങ്ങിയ മറ്റ് ജില്ലകളും കടുത്ത ചൂടിലാണ്.
താപനില മിക്കയിടത്തും 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. താരതമ്യേന തണുത്ത പ്രദേശങ്ങളില്‍ പോലും ഉയർന്ന താപനിലയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബാഗല്‍കോട്ട്, കൊപ്പല്‍, ബിദാർ തുടങ്ങിയ ജില്ലകളില്‍ തുടർച്ചയായി 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തുന്നുണ്ട്.ബെംഗളൂരു താപനില 38 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ 36.6 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയിരുന്നു ബെംഗളൂരുവില്‍. ബെംഗളൂരു അർബൻ, സൗത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ ഇതിനകം തന്നെ പരമാവധി താപനില 38 ഡിഗ്രിക്ക് മുകളിലാണ്.ബെംഗളൂരു നഗരത്തിന്റെ കാലാവസ്ഥാപരമായ അനുകൂലഘടങ്ങള്ക്ക് ഇടിവ് വരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. പല ബിസിനസ്സുകളും ബെംഗളൂരുവിനെ കേന്ദ്രമായി തിരഞ്ഞെടുക്കുന്നതിനു പിന്നില്‍ സുഖകരമായ കാലാവസ്ഥ ഒരു പ്രധാന ഘടകമാണ്.