Home കർണാടക റെയില്‍വേ ടിക്കറ്റില്‍ പ്രായം രേഖപ്പെടുത്തിയത് ഇങ്ങനെ; 24 വയസുകാരന് കിട്ടിയത് 7,035 രൂപയുടെ പിഴ!

റെയില്‍വേ ടിക്കറ്റില്‍ പ്രായം രേഖപ്പെടുത്തിയത് ഇങ്ങനെ; 24 വയസുകാരന് കിട്ടിയത് 7,035 രൂപയുടെ പിഴ!

ബെംഗളൂരു: ഓണ്‍ലൈനില്‍ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒരു ചെറിയ ടൈപ്പിങ് പിഴവ് പോലും എത്ര വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കാമെന്നതിന് ഉദാഹരണമായി മാറുകയാണ് ബെംഗളൂരുവിലെ 24കാരന്റെ അനുഭവം.ടിക്കറ്റില്‍ യഥാർഥ പ്രായമായ 24ന് പകരം ‘1’ വയസ് രേഖപ്പെടുത്തിയതിനെ തുടർന്ന് സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്തതായി കണക്കാക്കി യുവാവില്‍ നിന്ന് റെയില്‍വേ 7,035 രൂപ പിഴ ഈടാക്കി.കഴിഞ്ഞ ജൂണ്‍ 23-നാണ് സംഭവം. ബെംഗളൂരു-ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്‌സ്പ്രസില്‍ ബെംഗളൂരുവില്‍ നിന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു രമാകാന്ത് എം. ടിക്കറ്റ് പരിശോധിക്കാനെത്തിയ ടിടിഇയാണ് ഇ-ടിക്കറ്റില്‍ യാത്രക്കാരന്റെ പ്രായം 24ന് പകരം ‘1’ വയസ് ആയി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടെത്തിയത്.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെ സംഭവിച്ച സാങ്കേതിക പിഴവാണിതെന്നും മനഃപൂർവമായ തെറ്റല്ലെന്നും രമാകാന്ത് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. തന്റെ യഥാർഥ പ്രായവും വ്യക്തിത്വവും തെളിയിക്കുന്ന സർക്കാർ അംഗീകൃത തിരിച്ചറിയല്‍ രേഖയും അദ്ദേഹം ഹാജരാക്കി. എന്നാല്‍ ടിക്കറ്റിലെ വിവരങ്ങളും തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുള്ളതിനാല്‍ ടിക്കറ്റ് സാധുവല്ലെന്ന നിലപാടില്‍ ടിടിഇ ഉറച്ചുനിന്നു.തുടർന്ന് ടിക്കറ്റില്ലാതെ യാത്ര ചെയ്തതായി കണക്കാക്കി 7,035 രൂപ പിഴ ചുമത്തുകയായിരുന്നു. യാത്രയ്ക്കിടെ തന്നെ യുപിഐ മുഖേന രമാകാന്ത് പിഴത്തുക അടയ്ക്കുകയും ചെയ്തു.സംഭവത്തിന് പിന്നാലെ റെയില്‍വേയുടെ ഔദ്യോഗിക പരാതി പരിഹാര പോർട്ടലായ റെയില്‍ മദദ് വഴി രമാകാന്ത് അപ്പീല്‍ നല്‍കി.

ടിക്കറ്റില്‍ പ്രായം തെറ്റായി രേഖപ്പെടുത്തിയെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ യാത്രാനിരക്കില്‍ യാതൊരു ഇളവും ലഭിച്ചിട്ടില്ലെന്നും റെയില്‍വേയെ വഞ്ചിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.എന്നാല്‍ റെയില്‍വേ അധികൃതർ ടിടിഇയുടെ നടപടി പൂർണമായും ശരിവെക്കുകയും പരാതി ഒരു ദിവസത്തിനകം തള്ളുകയും ചെയ്തു. റിസർവേഷൻ ടിക്കറ്റിലെ വിവരങ്ങളും യാത്രക്കാരന്റെ യഥാർഥ വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ ആ ടിക്കറ്റ് അസാധുവായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അതിലെ എല്ലാ വിവരങ്ങളും പരിശോധിച്ച്‌ ഉറപ്പുവരുത്തേണ്ടത് യാത്രക്കാരന്റെ ഉത്തരവാദിത്വമാണെന്നും, ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പ് പിആർഎസ് കൗണ്ടറുകള്‍ വഴി തെറ്റുകള്‍ തിരുത്താനുള്ള അവസരം ലഭ്യമാണെന്നും റെയില്‍വേ അറിയിച്ചു.

പ്രായം പോലുള്ള നിർണായക വിവരങ്ങളിലെ പിഴവ് സാധാരണ ടൈപ്പിങ് തെറ്റായി കണക്കാക്കാനാകില്ലെന്നും നിലവിലെ ചട്ടപ്രകാരം പിഴ ഈടാക്കിയത് നിയമാനുസൃതമാണെന്നും അധികൃതർ വിശദീകരിച്ചു.ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എളുപ്പമായെങ്കിലും അതിലെ ഓരോ വിവരവും കൃത്യമാണെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം യാത്രക്കാരനാണ്. പേര്, വയസ്, ലിംഗം തുടങ്ങിയ അടിസ്ഥാന വിവരങ്ങളിലെ ചെറിയ അശ്രദ്ധ പോലും യാത്ര മുടങ്ങാനോ വലിയ പിഴ അടയ്‌ക്കേണ്ട സാഹചര്യമോ സൃഷ്ടിക്കാമെന്ന മുന്നറിയിപ്പാണ് ബെംഗളൂരു സ്വദേശിയുടെ ഈ അനുഭവം. ടിക്കറ്റ് ബുക്ക് ചെയ്ത ഉടൻ വിവരങ്ങള്‍ വീണ്ടും പരിശോധിക്കുകയും പിഴവ് കണ്ടെത്തിയാല്‍ യാത്രയ്ക്ക് മുമ്പ് തന്നെ തിരുത്തുകയും ചെയ്യണമെന്നാണ് റെയില്‍വേയുടെ നിർദേശം.

You may also like

error: Content is protected !!
Join Our WhatsApp Group