Home കർണാടക ബെംഗളൂരു മന്ത്രി മാളിന് പിന്നില്‍ കാല്‍നട അടിപ്പാത വരുന്നു;37 ട്രെയിനുകള്‍ സ്ഥിരപ്പെടുത്തി

ബെംഗളൂരു മന്ത്രി മാളിന് പിന്നില്‍ കാല്‍നട അടിപ്പാത വരുന്നു;37 ട്രെയിനുകള്‍ സ്ഥിരപ്പെടുത്തി

ബെംഗളൂരു: മല്ലേശ്വരത്തെ മന്ത്രി മാളിന് പിന്നിലായി റെയില്‍വേ ട്രാക്കുകള്‍ മുറിച്ചുകടക്കാൻ പുതിയ അടിപ്പാത വരുന്നു.5.5 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന അടിപ്പാതയുടെ തറക്കല്ലിടല്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി വി. സോമണ്ണ നിർവഹിച്ചു.ആളുകള്‍ റെയില്‍വേ ട്രാക്കിലേക്ക് അതിക്രമിച്ചു കയറുന്നത് തടയാനും കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് 5 മീറ്റർ നീളവും 2.65 മീറ്റർ വീതിയുമുള്ള അടിപ്പാത നിർമിക്കുന്നതെന്ന് തെക്കുപടിഞ്ഞാറൻ റെയില്‍വേ ( എസ് ഡബ്ല്യു ആർ ) അറിയിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ ശേഷാദ്രിപുരം, ഓകലിപുരം, ശ്രീരാംപുര, മല്ലേശ്വരം നിവാസികള്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും. പ്രദേസവാസികളുടെ സുരക്ഷിതത്വവും യാത്രാസൗകര്യവും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു .റെയില്‍വേ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കാൻ റോഡ് ഓവർ ബ്രിഡ്ജ് (ആർ ഒ ബി), റോഡ് അണ്ടർ ബ്രിഡ്ജ് (ആർ യു ബി) പദ്ധതികളുടെ 100 ശതമാനം ചെലവും കേന്ദ്രസർക്കാരാണ് വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെങ്കേരിക്ക് സമീപമുള്ള രാമോഹള്ളി ഗേറ്റിലെ അടിപ്പാത പണികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്നും അത് ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്രക്കാരുടെ സൗകര്യാർത്ഥം നേരത്തെ സ്പെഷ്യല്‍ സർവീസുകളായി ഓടിക്കൊണ്ടിരുന്ന 37 ട്രെയിനുകള്‍ ഇപ്പോള്‍ സ്ഥിരം സർവീസുകളാക്കി മാറ്റിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ബെംഗളൂരു കന്റോണ്‍മെന്റ് – വൈറ്റ്ഫീല്‍ഡ് പാത നാലിരട്ടിയാക്കുന്ന ജോലി പൂർത്തിയായി വരികയാണ്. വർദ്ധിച്ചുവരുന്ന തിരക്ക് പരിഹരിക്കുന്നതിനായി കെ എസ് ആർ ബെംഗളൂരു – തുമകുരു റെയില്‍വേ ലൈനും നാലിരട്ടിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.കർണാടകയില്‍ റെയില്‍വേ വികസനംകർണാടകയിലെ മറ്റ് റെയില്‍വേ വികസനങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. 485 കോടി രൂപ ചെലവില്‍ ബെംഗളൂരു കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷൻ നവീകരണം പുരോഗമിക്കുകയാണ്. യശ്വന്ത്പുർ ജംഗ്ഷനിലെ പണികളും വേഗത്തില്‍ നടക്കുന്നുണ്ട്. യെലഹങ്കയില്‍ ഒരു കോച്ചിംഗ് ടെർമിനല്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും തുമകുരു-ദാവൻഗരെ, രായദുർഗ-തുമകുരു റെയില്‍വേ ലൈൻ പദ്ധതികള്‍ക്ക് മുൻഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ ഹൊസകോട്ടെ, നരസാപുര, വേമഗല്‍ വഴി ബെംഗളൂരുവിനെയും കോലാറിനെയും ബന്ധിപ്പിക്കുന്ന പുതിയ നേരിട്ടുള്ള റെയില്‍വേ ലൈനിനായുള്ള പദ്ധതികളും തയ്യാറായി വരികയാണെന്ന് മന്ത്രി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group