ബംഗളൂരു: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉഷ്ണതരംഗം തുടരുന്നതിനിടെ, ബംഗളൂരുവില്‍ നിന്നുള്ള ഹൃദ്യമായ ഒരു ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.റോഡരികില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഐസ്ക്രീം വിതരണം ചെയ്ത് ആശ്വാസം പകരുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ലക്ഷക്കണക്കിന് ആളുകളുടെ മനസ്സ് കീഴടക്കിയത്.ലക്ഷ്മണ്‍ ഗോസ്വാമി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചത്. 40 ഡിഗ്രി ചൂടില്‍ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് ഒരു ചെറിയ ഐസ്ക്രീം വലിയ പുഞ്ചിരി സമ്മാനിക്കുമെന്ന് അദ്ദേഹം വീഡിയോയുടെ അടിക്കുറിപ്പില്‍ കുറിച്ചു.
തന്റെ ബൈക്കില്‍ ഐസ്ക്രീമുകളുമായി എത്തിയ ലക്ഷ്മണ്‍, കത്തുന്ന വെയിലില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സമീപിച്ച് അവ ഓരോന്നായി നല്‍കുകയായിരുന്നു. അപ്രതീക്ഷിതമായ ഈ സ്നേഹപ്രകടനത്തില്‍ ആദ്യം ഒന്ന് അമ്പരന്നെങ്കിലും, പുഞ്ചിരിയോടെ അവർ ഐസ്ക്രീം സ്വീകരിക്കുന്നതും നന്ദി പറയുന്നതും വീഡിയോയില്‍ കാണാം.സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ നിരവധി പേർ യുവാവിനെ അഭിനന്ദിച്ച് രംഗത്തെത്തി. “എല്ലാ ഹീറോകളും കേപ്പ് ധരിക്കാറില്ല” എന്നും “നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു സഹോദരാ” എന്നും തുടങ്ങുന്ന കമന്റുകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. കഠിനമായ കാലാവസ്ഥയില്‍ ചുറ്റുമുള്ളവർക്ക് വേണ്ടി ചെയ്യുന്ന ഇത്തരം ചെറിയ പ്രവൃത്തികള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് ഈ വീഡിയോ ഓർമ്മിപ്പിക്കുന്നു.