രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിൻ നവംബർ ഒന്നിന് സർവീസ് ആരംഭിക്കും. ബെംഗളൂരു – മുംബൈ റൂട്ടിലാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്ലീപ്പർ സർവീസ് യാഥാർത്ഥ്യമാകുന്നത്.കേന്ദ്ര റെയില്‍വേ സഹമന്ത്രി വി. സോമണ്ണയാണ് ഇതേക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ നിലവില്‍ 24 മണിക്കൂർ നീളുന്ന ബെംഗളൂരു-മുംബൈ യാത്രാസമയം വെറും 16 മണിക്കൂറായി കുറയും.ആകെ 16 എ.സി കോച്ചുകളുമായിട്ടാണ് ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് നടത്തുക. ഇതില്‍ 823 ബെർത്തുകളുണ്ടാകും.
ബെംഗളൂരുവില്‍ നിന്ന് രാത്രി 7.50-ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11.55-ഓടെ മുംബൈയിലെത്തും. 16 മണിക്കൂറും 5 മിനിറ്റുമാണ് ഈ ദിശയിലുള്ള യാത്രാസമയം. മടക്കയാത്രയില്‍ മുംബൈയില്‍ നിന്ന് രാത്രി 8.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.55-ഓടെ ബെംഗളൂരുവില്‍ എത്തിച്ചേരും (യാത്രാസമയം 15 മണിക്കൂറും 45 മിനിറ്റും). ആഴ്ചയില്‍ ആറ് ദിവസമായിരിക്കും ട്രെയിൻ സർവീസ് ഉണ്ടാവുക. അതേസമയം, നവംബർ ഒന്നിന് സർവീസ് ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച് റെയില്‍വേ ബോർഡില്‍ നിന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയ്ക്ക് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകളുണ്ട്.