ബെംഗളൂരു: നിർദ്ദിഷ്ട ഹെബ്ബാള്‍ തുരങ്കപാതാ പദ്ധതിക്കായി മരങ്ങള്‍ മുറിക്കുന്നതിനെതിരായ നിയമനടപടി തുടരുന്നതിനിടെ നിർണായക ഉത്തരവ്.പാതയിലെ മരങ്ങള്‍ മുറിക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടതോടെയാണ് ഇത്. കേസില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ഒരു മരവും മുറിച്ചുമാറ്റാൻ പാടില്ലെന്നാണ് നിർദേശം. പദ്ധതിക്കായി 1128 മരങ്ങള്‍ മുറിക്കാനുള്ള നിർദേശത്തിനെതിരെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് ഇതിനകം 1500ലധികം എതിർപ്പുകള്‍ ലഭിച്ചിട്ടുണ്ട്.ഒക്ടോബർ 16ന് ചെന്നൈയിലെ ട്രൈബ്യൂണലിന്റെ ദക്ഷിണ മേഖലാ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അരന്യ പരിസര മാതു ഹവാമാന ബദലാവനെ സംഘ എന്ന സംഘടന നല്കിയ ഹർജി പരിഗണിച്ചായിരുന്നു നടപടി. കേസ് ഡിസംബർ 15ന് വീണ്ടും പരിഗണിക്കും.
അതുവരെ പദ്ധതിയുടെ ഭാഗമായി മരങ്ങള്‍ മുറിക്കുന്നത് അനുവദിക്കില്ലെന്ന് സംഘടനയുടെ സെക്രട്ടറി വ്യക്തമാക്കി.ആവശ്യമായ നിയമാനുമതികള്‍ ലഭിക്കാതെ മരങ്ങള്‍ വെട്ടുകയോ മുറിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നത് തടയണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. എഴുപതിലധികം ഇനങ്ങളില്‍പ്പെട്ട 1128 മരങ്ങള്‍ മുറിക്കാനുള്ള പദ്ധതിയെക്കുറിച്ചും അവർ ആശങ്ക അറിയിച്ചു. ഹെബ്ബാള്‍ തടാകം, സമീപത്തെ തണ്ണീർത്തടങ്ങള്‍, ഭൂഗർഭജലം, സ്വാഭാവിക നീരൊഴുക്ക് സംവിധാനങ്ങള്‍ എന്നിവയ്ക്ക് പദ്ധതി ദോഷകരമാകാൻ സാധ്യതയുണ്ടെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടി.ഹെബ്ബാളിലെ എസ്റ്റീം മാള്‍ ജങ്ഷനില്‍നിന്ന് ബെല്ലാരി റോഡിലെ വെറ്ററിനറി കോളേജ് വരെയാണ് 2.2 കിലോമീറ്റർ ദൈർഘ്യമുള്ള ഹ്രസ്വ തുരങ്കം നിർമ്മിക്കാൻ നിർദേശിച്ചിരിക്കുന്നത്. കോളേജ് വളപ്പിലെ ഒഴിഞ്ഞ സ്ഥലത്ത് നിർമ്മാണപ്രവർത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതിയുടെ മറ്റു ഭാഗങ്ങളിലെ മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ നിയമപരമായ പരിശോധനയ്ക്ക് വിധേയമായിരിക്കുകയാണ്.സെപ്റ്റംബർ 20നാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍നിന്ന് എതിർപ്പുകള്‍ ക്ഷണിച്ചത്. ഇതിനായി പത്ത് ദിവസത്തെ സമയപരിധിയും നിശ്ചയിച്ചിരുന്നു. എന്നാല്‍ മുറിക്കാൻ നിർദേശിച്ച മരങ്ങളുടെ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയ പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്തതിനെതിരെ അതോറിറ്റിക്ക് വിമർശനം നേരിടേണ്ടിവന്നു.
പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരും വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. സത്യ അരികുത്താരം, ബെംഗളൂരു എൻവയോണ്‍മെന്റ് ട്രസ്റ്റിന്റെ ട്രസ്റ്റിയായ ദത്താത്രേയ ടി ദേവാരെ, സിറ്റിസണ്‍ ആക്ഷൻ ഫോറത്തിലെ എൻഎസ് മുകുന്ദ, പരിസ്ഥിതി പ്രവർത്തകനും ഫോട്ടോജേണലിസ്റ്റുമായ പുനീത് സച്ച്ദേവ് എന്നിവർ ചേർന്ന് ചേഞ്ച് ഡോട്ട് ഓർഗ് വെബ്സൈറ്റിലൂടെ ഒപ്പുശേഖരണ പ്രചാരണം ആരംഭിച്ചിരുന്നു. പദ്ധതിക്കായി മരങ്ങള്‍ മുറിക്കുന്നതിനെതിരെയാണ് ഇവരുടെ നീക്കം.പാതയിലുടനീളം നടത്തിയ സർവേയില്‍ 1,400ലധികം മരങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ രണ്ട് കിലോമീറ്ററോളം വരുന്ന ഭാഗത്ത് ഇപ്പോഴത്തെ കണക്കനുസരിച്ച് 1128 മരങ്ങളെ പദ്ധതി ബാധിക്കുമെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. പൈതൃകപ്രാധാന്യമുള്ള മരങ്ങള്‍ക്കൊപ്പം തദ്ദേശീയ ഇനങ്ങള്‍, പൂക്കളും പഴങ്ങളും നല്കുന്ന മരങ്ങള്‍ എന്നിവയും പട്ടികയിലുണ്ട്.ഹെബ്ബാള്‍ ട്രീ പാർക്ക്, ഹെബ്ബാള്‍ തടാക പരിസരം, വെറ്ററിനറി കോളേജ് വളപ്പ്, കാർഷിക സർവകലാശാല ജീവനക്കാരുടെ താമസകേന്ദ്രം, സമീപപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ മരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെയാണ് കടുത്ത എതിർപ്പ് നേരിട്ടത്. പദ്ധതിയുടെ കാര്യത്തില്‍ ഇതോടെ വലിയ അനിശ്ചിതത്വമാണ് ഉയർന്നിരിക്കുന്നത്.