തേനി: തേനി സബ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട 17 തടവുകാരില്‍ 13 പേരെയും പിടികൂടി. സംഭവത്തെ തുടർന്ന് ഒമ്പത് ജയില്‍ ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്.ഒളിവില്‍ തുടരുന്ന മറ്റ് നാല് പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഒരു തടവുകാരന് അപസ്മാരം ബാധിച്ചുവെന്ന വ്യാജേന ബഹളമുണ്ടാക്കിയാണ് പ്രതികള്‍ ജയില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ചത്.
ബഹളം കേട്ട് വാതില്‍ തുറന്ന അസിസ്റ്റന്റ് ജയിലറെയും സുരക്ഷാ ജീവനക്കാരെയും തടവുകാർ ആക്രമിക്കുകയായിരുന്നു.പിന്നാലെ പുറത്തുകടന്ന തടവുകാർ ജയില്‍ വളപ്പിലെ മതിലും ചാടിക്കടന്നാണ് രക്ഷപ്പെട്ടത്. ജയിലിന് പിൻവശത്തെ കാട്ടില്‍ ഒളിച്ചിരുന്ന പ്രതികളെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാൻ ശ്രമിച്ച ഒരു പ്രതിയെ യാത്രാമധ്യേ പിടികൂടുകയായിരുന്നു.