ബെംഗളൂരു: യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിയിലെ 665.61 കോടി രൂപയുടെ നിർമ്മാണ ജോലികള്‍ക്കായി ഏറ്റവും കുറഞ്ഞ തുക നിർദ്ദേശിച്ച കമ്പനിയായി അദാനി ഗ്രൂപ്പിന്റെ പിന്തുണയുള്ള സെമിൻഡിയ പ്രോജക്റ്റ്സ് ലിമിറ്റഡ്.കർണാടക റെയില്‍ അടിസ്ഥാനസൗകര്യ വികസന കമ്പനി 671.65 കോടി രൂപയാണ് ഈ ജോലികള്‍ക്കായി കണക്കാക്കിയിരുന്നത്.സെമിൻഡിയ പ്രോജക്റ്റ്സ് ലിമിറ്റഡ് 665.61 കോടി രൂപയാണ് നിർദ്ദേശിച്ചത്. രണ്ടാമത്തെ കുറഞ്ഞ തുക നിർദ്ദേശിച്ചത് റെയില്‍ വികാസ് നിഗം ലിമിറ്റഡാണ്. അവർ 759.05 കോടി രൂപയാണ് നിർദ്ദേശിച്ചത്. കരാർ ലഭിക്കുന്ന കമ്പനിക്ക് നിർമ്മാണം പൂർത്തിയാക്കാൻ 24 മാസമാണ് സമയം.

കഴിഞ്ഞ ഡിസംബറില്‍ സെൻട്രല്‍ സില്‍ക്ക് ബോർഡ് മുതല്‍ ഹെബ്ബാള്‍ വരെയുള്ള 16.75 കിലോമീറ്റർ തുരങ്ക റോഡ് പദ്ധതിയുടെ രണ്ട് ഭാഗങ്ങളിലും അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഏറ്റവും കുറഞ്ഞ തുക നിർദേശിച്ചിരുന്നു.എന്നാല്‍ ഈ കരാറുകള്‍ ഇതുവരെ ഔദ്യോഗികമായി നല്‍കിയിട്ടില്ല. നേരത്തെ ഓഗസ്റ്റ് 23ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ബെംഗളൂരുവിലെ സദാശിവനഗറിലുള്ള കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗഹൃദ സന്ദർശനം മാത്രമായിരുന്നു ഇതെന്നാണ് ശിവകുമാർ പറഞ്ഞത്.പുതിയ കരാറില്‍ ബെണ്ണിഗാനഹള്ളി മുതല്‍ ചിക്കബാണവര വരെയുള്ള രണ്ടാം ഇടനാഴിയില്‍ 7.8 കിലോമീറ്റർ നീളമുള്ള ഉയർന്ന റെയില്‍പ്പാതയും നിർമിക്കും. ഈ പദ്ധതിയിലെ പ്രധാന ഭാഗം മാത്തികെരെയിലെ ടേബിള്‍ ഡെക്കർ റെയില്‍-റോഡ് മേല്‍പ്പാലമാണ്. ഇതിനൊപ്പം ഡബിള്‍ ഡെക്കർ റെയില്‍വേ സ്റ്റേഷനും നിർമിക്കും.മാത്തികെരെയും യശ്വന്ത്പുരയും തമ്മിലുള്ള മോഹൻ കുമാർ റോഡില്‍ ഏകദേശം 1.2 കിലോമീറ്റർ നീളമുള്ള ഡബിള്‍ ഡെക്കർ ഘടനയാണ് നിർമ്മിക്കുന്നത്. താഴത്തെ നില റോഡ് ഗതാഗതത്തിനും മുകളിലെ നില സബർബൻ റെയില്‍ ഗതാഗതത്തിനുമാണ് ഉപയോഗിക്കുക.
ജനസാന്ദ്രത കൂടുതലുള്ള പ്രദേശത്ത് സ്ഥലപരിമിതി പരിഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.നാലാം ഇടനാഴിയിലെ ഒന്നാം ഭാഗത്തിന്റെ നിർമ്മാണത്തിനായി ആർഎൻഎസ്-ജിപിഎല്‍ സംയുക്ത സംരംഭം ഏകദേശം 342 കോടി രൂപയാണ് നിർദ്ദേശിച്ചത്. ഈ ഭാഗത്തേക്ക് ടെൻഡർ സമർപ്പിച്ച ഏക കമ്പനിയാണിത്. ബെണ്ണിഗാനഹള്ളി മുതല്‍ ജക്കൂർ വരെയുള്ള 6.2 കിലോമീറ്റർ ഭൂനിരപ്പിലുള്ള റെയില്‍പ്പാതയും 3.6 കിലോമീറ്റർ ഉയർന്ന റെയില്‍പ്പാതയും ഇതില്‍ ഉള്‍പ്പെടുന്നു.ഒരു കമ്പനി മാത്രമാണ് ടെൻഡർ നല്‍കിയതെങ്കിലും നിർദ്ദേശിച്ച തുക യുക്തിസഹമാണെന്നും ഉടൻ തീരുമാനമെടുക്കുമെന്നും കർണാടക റെയില്‍ അടിസ്ഥാനസൗകര്യ വികസന കമ്പനി അധികൃതർ അറിയിച്ചു. കൂടാതെ നാലാം ഇടനാഴിയിലെ ഹീലാലിഗെ മുതല്‍ രാജാനുകുണ്ടെ വരെയുള്ള രണ്ടാം ഭാഗത്തിന്റെ ടെൻഡറും ഉടൻ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഹീലാലിഗെ മുതല്‍ ബെല്ലന്ദൂർ വരെയുള്ള 12.6 കിലോമീറ്റർ ഭൂനിരപ്പിലുള്ള റെയില്‍പ്പാതയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ചിക്കബാണവരയ്ക്ക് സമീപമുള്ള സൊളദേവനഹള്ളിയില് സബർബൻ ട്രെയിനുകള്‍ വാങ്ങുന്നതിനും ട്രെയിൻ പരിപാലന കേന്ദ്രം നിർമ്മിക്കുന്നതിനുമായി ഏകദേശം 200 കോടി രൂപയുടെ കരാറും ഉടൻ അന്തിമമാക്കും.
നാലാം ഇടനാഴിയിലെ റെയില്‍വേ ഗേറ്റുകള്‍ ഒഴിവാക്കുന്നതിനായി 59.61 കോടി രൂപയുടെയും 49.55 കോടി രൂപയുടെയും രണ്ട് പദ്ധതികളും അന്തിമമാക്കും. ബെണ്ണിഗാനഹള്ളി മുതല്‍ ചിക്കബാണവര വരെയുള്ള റെയില്‍പ്പാതയിലെ യശ്വന്ത്പുര-ചിക്കബാണവര ഭാഗത്തെ നിർമാണ ജോലികള്‍ 106 കോടി രൂപയ്ക്ക് പിജെബി എൻജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് നല്കി.ബയ്യപ്പനഹള്ളി-ഹെബ്ബാള്‍ ഭാഗത്തെ ജോലികള്‍ പിജെബി എൻജിനീയേഴ്സും സിവിസിസിയും ചേർന്ന സംയുക്ത കമ്പനിക്ക് 263 കോടി രൂപയ്ക്ക് നല്കി. എട്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന രണ്ടാം ഇടനാഴിയിലെ മറ്റൊരു ഭാഗത്തിന്റെ 501.25 കോടി രൂപയുടെ കരാർ എൻ.സി.സി ലിമിറ്റഡിന് ലഭിച്ചു. അതേസമയം, സബർബൻ റെയില്‍ പദ്ധതിയുടെ പൂർത്തീകരണത്തിനായി കാത്തിരിക്കുകയാണ് യാത്രക്കാർ.