Home കർണാടക ചിക്കൻ കറിയില്‍ നിന്ന് കഷ്ണം അധികമെടുത്തതിനെ ചൊല്ലി തര്‍ക്കം, ഒരുമിച്ച്‌ മദ്യപിക്കുന്നതിനിടെ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

ചിക്കൻ കറിയില്‍ നിന്ന് കഷ്ണം അധികമെടുത്തതിനെ ചൊല്ലി തര്‍ക്കം, ഒരുമിച്ച്‌ മദ്യപിക്കുന്നതിനിടെ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

by ടാർസ്യുസ്

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയില്‍ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു ഒന്നിച്ച്‌ മദ്യപിക്കുന്നതിനിടെയാണ് സംഭവം.ഉത്തർപ്രദേശ് സ്വദേശിയായ പിലിഭിത് ജില്ലയിലെ കബീർഗഞ്ച് സ്വദേശിയായ സീതാറാം ചന്ദ്രദേവ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് അരുണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം സംഭവം അപകടമാണെന്ന് വരുത്തിത്തീർക്കാൻ അരുണ്‍ ശ്രമിച്ചെങ്കിലും പൊലീസിന്റെ സമയോചിതമായ ഇടപെടലില്‍ പ്രതി കുടുങ്ങുകയായിരുന്നു.

കൊല്ലപ്പെട്ട സീതാറാമും പ്രതിയായ അരുണ്‍ കുമാറും ഒരേ നാട്ടുകാരാണ്. ഇരുവരും മൂഡലഗിയിലെ പ്രിയ സ്റ്റീല്‍ കമ്പനിയിലെ ജീവനക്കാരായിരുന്നു.സംഭവദിവസം രാത്രി സുഹൃത്തുക്കള്‍ താമസസ്ഥലത്ത് നടത്തിയ മദ്യപാന പാർട്ടിക്കിടെയാണ് സംഭവം. ഒരുമിച്ച്‌ മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിനിടെ സീതാറാം കൂടുതല്‍ ചിക്കൻ കഷണങ്ങള്‍ എടുത്തു എന്ന് ആരോപിച്ച്‌ അരുണ്‍ കുമാർ തർക്കത്തിലേർപ്പെടുകയായിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ അരുണ്‍ സമീപത്തുണ്ടായിരുന്ന കത്തിയെടുത്ത് സീതാറാമിന്റെ നെഞ്ചില്‍ കുത്തി വീഴ്ത്തി. കുത്തിയതിനു പിന്നാലെ ഗുരുതരമായി പരുക്കേറ്റ സീതാറാമിനെ പ്രതി അരുണ്‍ കുമാർ ഗോകാക് സർക്കാർ ആശുപത്രിയില്‍ എത്തിച്ചു.

കൊലപാതകം മറച്ചുവെക്കാൻ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്ന് അരുണ്‍ ഡോക്ടർമാരോട് പറഞ്ഞു.എന്നാല്‍ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ് കണ്ട ഡോക്ടർമാർക്ക് ഇയാളുടെ വിശദീകരണത്തില്‍ കടുത്ത സംശയം തോന്നി. ഉടൻ ആശുപത്രി അധികൃതർ പൊലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് അരുണ്‍ കുമാറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് ചിക്കൻ കഷണങ്ങളെച്ചൊല്ലി നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group