Home Featured ആടുജീവിത’ത്തിന്റെ ആദ്യ റിവ്യൂ പുറത്ത്; അതിഗംഭീര ചിത്രമെന്ന് സിനിമാപ്രവര്‍ത്തകര്‍

ആടുജീവിത’ത്തിന്റെ ആദ്യ റിവ്യൂ പുറത്ത്; അതിഗംഭീര ചിത്രമെന്ന് സിനിമാപ്രവര്‍ത്തകര്‍

ലോകസിനിമയ്ക്ക് മുന്നില്‍ മലയാള സിനിമയുടെ യശസ്സ് ഒരിക്കല്‍ക്കൂടി ഉയർത്താൻ കെല്‍പ്പുള്ള ചിത്രമെന്ന് ആരാധകർ ഉറച്ചുവിശ്വസിക്കുന്ന ബ്ലെസിയുടെ ‘ആടുജീവിതം’ റിലീസിനൊരുങ്ങുകയാണ്.പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം 28-ന് പ്രേക്ഷകർക്ക് മുന്നിലെത്തും. മലയാളത്തില്‍ ഇന്നും ബെസ്റ്റ് സെല്ലറുകളില്‍ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരില്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.ചിത്രത്തിനായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവസരത്തില്‍ തെലുങ്കാനയില്‍നിന്ന് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ പുറത്തെത്തുകയാണ്.

മൈത്രി മൂവി മേക്കേഴ്സാണ് ആന്ധ്രപ്രദേശിലും തെലുങ്കാനയിലും ചിത്രം വിതരണം ചെയ്യുന്നത്. തെലുങ്ക് സിനിമയിലെ ശ്രദ്ധേയരായ ചലച്ചിത്രപ്രവർത്തകർക്കും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാത്രമായായി പ്രിവ്യൂ ഷോ അവർ സംഘടിപ്പിച്ചിരുന്നു. ഗച്ചിബൗളിയിലുള്ള എഎംബി സിനിമാസിലായിരുന്നു സ്പെഷല്‍ സ്ക്രീനിംഗ്. ചിത്രം കണ്ടതിന് ശേഷമുള്ള സിനിമാപ്രവർത്തകരുടെ പ്രതികരണം മൈത്രി മൂവി മേക്കേഴ്സ് തന്നെ പുറത്തുവിട്ടിട്ടുണ്ട്.ആടുജീവിതം’ അന്താരാഷ്ട്ര നിലവാരമുള്ള ചിത്രമാണെന്നും വളരെ വൈകാരികമാണെന്നും സിനിമാപ്രവർത്തകർ അഭിപ്രായപ്പെട്ടു.

പൃഥ്വിരാജിന് ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലോകം മുഴുവൻ കയ്യടി നേടുമെന്നും അവർ കൂട്ടിച്ചേർത്തു. ബ്ലെസിയുടെ മേക്കിങ്ങിനെയും വാനോളം പ്രശംസിക്കുന്നു.

2008-ല്‍ ആരംഭിച്ച ‘ആടുജീവിതം’ വർഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14-നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരികമാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.ഓസ്കാർ അവാർഡ് ജേതാക്കളായ എ.ആർ. റഹ്മാൻ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഈ വർഷം ഏപ്രില്‍ പത്തിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.

എന്നാല്‍ ‘ആടുജീവിതം’ മാർച്ചില്‍ത്തന്നെ റിലീസ് ചെയ്യാൻ നിർമാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഒരു എഴുത്തുകാരനെന്ന നിലയില്‍ തന്റെ കഥ എത്തരത്തിലാകും ചിത്രീകരിച്ചിട്ടുണ്ടാവുകയെന്ന ആശങ്കയുണ്ടായിരുന്നെന്നും എന്നാല്‍ സിനിമ കണ്ടതിനുശേഷം പൂർണ്ണ സന്തോഷവാനാണെന്നും ‘ആടുജീവിത’ത്തിന്റെ എഴുത്തുകാരൻ ബെന്യാമിൻ നേരത്തേ പറഞ്ഞിരുന്നു.മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്ബാടി മേക്കപ്പും നിർവഹിച്ചിരിക്കുന്നു. ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ഡിജിറ്റല്‍ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പി.ആർ.ഒ.: ആതിര ദില്‍ജിത്ത്.

You may also like

error: Content is protected !!
Join Our WhatsApp Group