ബെംഗളൂരു: നിർദിഷ്ട കർണാടക അപ്പാർട്ട്മെന്റ് (ഉടമസ്ഥാവകാശവും മാനേജ്മെന്റും) ബില്‍ 2026 കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തിമമാക്കൂ എന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ.അപ്പാർട്ട്മെന്റ് ഉടമകള്‍ക്ക് അവരുടെ സ്വത്തവകാശങ്ങള്‍ക്ക് ശക്തമായ നിയമ പരിരക്ഷ ഉറപ്പാക്കും. വീട് വാങ്ങുന്നവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഡെവലപ്പർമാർ, പ്രോപ്പർട്ടി രേഖകള്‍, അപ്പാർട്ട്മെന്റ് ഭരണം എന്നിവയുമായി ബന്ധപ്പെട്ട ദീർഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും. അപ്പാർട്ട്മെന്റ് ഉടമകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ക്ക് പൂർണ്ണമായ നിയമ സംരക്ഷണം ലഭിക്കണം. അപ്പാർട്ട്മെന്റ് അസോസിയേഷനുകള്‍, ഡെവലപ്പർമാർ, നിയമ വിദഗ്ധർ, രാഷ്ട്രീയ പാർട്ടികള്‍ എന്നിവരില്‍ നിന്ന് സർക്കാർ നിർദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്.
ബില്‍ മന്ത്രിസഭയ്ക്കും തുടർന്ന് നിയമസഭയ്ക്കും മുൻപാകെ വയ്ക്കുന്നതിന് മുൻപ് ക്രിയാത്മകമായ ഫീഡ്ബാക്ക് ഉള്‍പ്പെടുത്തുമെന്നും ബെംഗളൂരുവിലെ അപ്പാർട്ട്മെന്റ് അസോസിയേഷനുകളുടെ പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി ശിവകുമാർ പറഞ്ഞു.പലരും തങ്ങളുടെ ജീവിതത്തിലെ സമ്പാദ്യം ഒരു വീട് വാങ്ങുന്നതിനായി നിക്ഷേപിക്കുന്നുണ്ട്. കഠിനാധ്വാനത്തിലൂടെ സ്വന്തമാക്കിയസ്വത്തിന് പൂർണമായ നിയമ പരിരക്ഷ അർഹിക്കുന്നുണ്ട്. അതിനാല്‍ തന്നെ ദുരുപയോഗം പാടില്ല. യഥാർഥ സ്വത്ത് രേഖകള്‍ വാങ്ങുന്നവർക്ക് കൈമാറാത്ത ഡെവലപ്പർമാരെ ചർച്ചയ്ക്ക് വിളിക്കും.ബാങ്കുകളില്‍ സ്വത്തുക്കള്‍ പണയപ്പെടുത്തിയ ശേഷം രേഖകള്‍ തടഞ്ഞുവയ്ക്കുന്ന രീതിക്കെതിരെ മുന്നറിയിപ്പ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.സർക്കാരിന്റെ ആറാമത്തെ ഗ്യാരണ്ടി എന്ന് വിശേഷിപ്പിച്ച നിർദിഷ്ട ‘ഭൂമി ഗ്യാരണ്ടി’ കൈക്കൂലി നല്‍കാതെ തന്നെ സ്വത്ത് ഉടമകള്‍ക്ക് ഖാട്ട സർട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ശിവകുമാർ പറഞ്ഞു. ഏകദേശം 40 ലക്ഷം പ്രോപ്പർട്ടികള്‍ ഇതിനകം ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. 26 ലക്ഷം ഖാട്ട സർട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മലിനജല സംസ്കരണ പ്ലാന്റുകള്‍ ശരിയായി പരിപാലിക്കാനും പൗര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സർക്കാരുമായി സഹകരിക്കാനും അപ്പാർട്ട്മെന്റ് അസോസിയേഷനുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബെംഗളൂരു നഗരത്തിലെ ജനസംഖ്യ ഏകദേശം ഇരട്ടിയായി 1.4 കോടിയായി. വാഹനങ്ങളുടെ എണ്ണം ഏകദേശം 1.35 കോടിയായി വർധിച്ചു. ഇത് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ സമ്മർദ്ദം ചെലുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.ബെംഗളൂരുവിലെ വിവിധ വകുപ്പുകളിലായി ഏകദേശം 1.5 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടന്നുവരുന്നുണ്ട്. റോഡ് നവീകരണത്തിനും കുഴികള്‍ നന്നാക്കുന്നതിനുമായി ഏകദേശം 4,000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചു.