ബെംഗളൂരു: കർണാടകയിലെ യെല്ലാപുരിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരപരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ദേശീയപാത 52-ല്‍ യെല്ലാപുർ അർബെയ്ല്‍ ചുരത്തില്‍ ലോറിയും ഫോഴ്സ് ക്രൂയിസർ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ധാർവാഡില്‍നിന്ന് ചിക്കമഗളൂരുവിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന എട്ടുപേരും ഡ്രൈവറുമാണ് ജീപ്പിലുണ്ടായിരുന്നത്. അങ്കോളയില്‍നിന്ന് വരികയായിരുന്നു ലോറി. അമിതവേഗത്തിലായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് ലോറിയുമായി കൂട്ടിയിടിച്ചെന്നാണ് റിപ്പോർട്ട്. ജീപ്പിലുണ്ടായിരുന്ന ഏഴുപേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഏഴുപേരുടെ ജീവൻ നഷ്ടമായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ഉത്തരകന്നഡ ജില്ലയിലുണ്ടായ അപകടം അഗാധമായ ദുഃഖമുണ്ടാക്കുന്നതാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പരിക്കേറ്റവർ എത്രയുംവേഗം സുഖംപ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.