Home കർണാടക ബെംഗളൂരുവിലെ തിരക്കേറിയ ജങ്ഷന് അടിയിലൂടെ കൂറ്റൻ തുരങ്കപാത; 4.5 കി.മീറ്ററില്‍ പദ്ധതി

ബെംഗളൂരുവിലെ തിരക്കേറിയ ജങ്ഷന് അടിയിലൂടെ കൂറ്റൻ തുരങ്കപാത; 4.5 കി.മീറ്ററില്‍ പദ്ധതി

ബെംഗളൂരു: ഏറെ തിരക്കുള്ള ബെംഗളൂരു നഗരത്തിനടിയിലൂടെ മറ്റൊരു തുരങ്കപാത കൂടി യാർഥാർഥ്യമാകാനൊരുങ്ങുന്നു. ബാംഗ്ലൂർ വികസന അതോറിറ്റി (ബിഡിഎ) തിരക്കേറിയ ഗൊരഗുണ്ടേപാളയ ജങ്ഷന് താഴെയായി മറ്റൊരു ഭൂഗർഭ ഇടനാഴി കൂടി നിർദേശിച്ചു.ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളിലൊന്നായ ഗൊരഗുണ്ടേപാളയ ജങ്ഷന് താഴെയായി 4.5 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് നിർദിഷ്ട തുരങ്കപാത.ഔട്ടർ റിങ് റോഡിലെ (ORR) ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായിട്ടാണ് ബാംഗ്ലൂർ വികസന അതോറിറ്റി (BDA) തിരക്കേറിയ ഗൊരഗുണ്ടേപാളിയ ജങ്ഷന് അടിയിലായി ഭൂഗർഭ തുരങ്ക പാത നിർമിക്കാൻ ഉദ്ദേശിക്കുന്നത്.

2.2 കിലോമീറ്റർ ദൈർഘ്യമുള്ള ഹെബ്ബാള്‍ തുരങ്ക പാതയുടെ നിർമാണം ആരംഭിച്ച ശേഷമാണ് ഈ നീക്കം ഉണ്ടാകുന്നത്.നിർദിഷ്ട തുരങ്കപാതയ്ക്കായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) അതോറിറ്റി ഇപ്പോള്‍ തയ്യാറാക്കുമെന്ന് ബിഡിഎ കമ്മീഷണർ മേജർ പി മണിവണ്ണൻ പറഞ്ഞു. പദ്ധതിയുടെ ഡിപിആർ തയാറായിക്കഴിഞ്ഞാല്‍ സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.പദ്ധതിയുടെ സാങ്കേതിക സാധ്യത, യാത്രാ സമയത്തിലെ കുറവ്, നിർമാണ രീതി, ഇടനാഴിയിലെ മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികളുമായുള്ള സംയോജനം എന്നിവ ഡിപിആറിൻ്റെ ഭാഗമായി വരുമെന്ന് ബിഡിഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി.ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഗതാഗത ജങ്ഷനുകളിലൊന്നായ തുമകുരു റോഡില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരക്കേറിയ ഗൊരഗുണ്ടേപാളയ ജങ്ഷനിലൂടെ സഞ്ചരിക്കാതെ ബിഇഎല്‍ സർക്കിളിലേക്കും ഡോ. രാജ്കുമാർ സ്മാരകത്തിലേക്കും തടസ്സമില്ലാതെ പ്രവേശിക്കാൻ അനുവദിക്കുന്ന ഒരു സംവിധാനം തുരങ്കത്തില്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുരങ്കപാതയുടെ നിർമാണ രീതി അതോറിറ്റി ഇതുവരെ തീരുമാനിച്ചിട്ടില്ല.

കട്ട് – ആൻഡ് – കവർ, ബോക്സ് – പുഷ്, ടണല്‍ ബോറിങ് മെഷീൻ (ടിബിഎം) സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെയുള്ള ഓപ്ഷനുകള്‍ നിർമാണത്തിനായി വിലയിരുത്തുകയാണ്.ജെപി നഗർ നാലാം ഘട്ടത്തില്‍ നിന്ന് ഹെബ്ബാലിലെ കെമ്പാപുര വരെ 37 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിള്‍ ഡെക്കർ ഇടനാഴി ബാംഗ്ലൂർ മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) നിർദേശിച്ചിട്ടുണ്ട്. ഈ പദ്ധതിയില്‍ മെട്രോ ലൈനും എലിവേറ്റഡ് റോഡും ഉള്‍പ്പെടുന്നുണ്ട്.എലിവേറ്റഡ് റോഡ് ഘടകത്തിന് മാത്രം 9,692.33 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു.

ഗൊരഗുണ്ടേപാളയയില്‍ ഒരു പുതിയ സ്റ്റേഷൻ കൂടി മെട്രോ അധികൃതർ ആസൂത്രണം ചെയ്യുന്നുണ്ട്. ഈ സ്റ്റേഷൻ നിലവിലുള്ള ഗ്രീൻ ലൈൻ സ്റ്റേഷനുമായി ഒരു ഫുട് ഓവർ ബ്രിഡ്ജ് (എഫ്‌ഒബി) വഴി ബന്ധിപ്പിക്കും. രണ്ട് പദ്ധതികളും പരസ്പരം പൂരകമാണെന്ന് ഉറപ്പാക്കുന്നതിന് നിർദിഷ്ട ഡബിള്‍ ഡെക്കർ മെട്രോ പദ്ധതിയുമായി ഏകോപിപ്പിച്ച്‌ തുരങ്കത്തിന്റെ വിന്യാസം അന്തിമമാക്കുമെന്ന് ബിഡിഎ ഉദ്യോഗസ്ഥർ പറഞ്ഞു.അതേസമയം, 2.2 കിലോമീറ്റർ ദൈർഘ്യമുള്ള ഹെബ്ബാള്‍ ടണല്‍ റോഡിന്റെ നിർമാണം ബിഡിഎ ആരംഭിച്ചു. 1,139.67 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. ഹെബ്ബാള്‍, ഗൊരഗുണ്ടേപാളയ ടണല്‍ പദ്ധതികള്‍ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group