ബെംഗളൂരു: നഗരത്തിന്റെ വടക്ക്-തെക്ക്, കിഴക്ക്-പടിഞ്ഞാറ് ഇടനാഴികളിലൂടെ 40 കിലോമീറ്റർ നീളമുള്ള തുരങ്കപാത നിർമിക്കാനുള്ള നിർദ്ദേശം അടുത്ത മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കും.മുഖ്യമന്ത്രി ഡികെ ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്. ബെംഗളൂരുവിലെ ഗതാഗത അടിസ്ഥാനസൗകര്യങ്ങള്‍ സമഗ്രമായി വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 1.5 ലക്ഷം കോടി രൂപയുടെ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി.ഇലക്ട്രോണിക്സ്, ഐടി, ബിടി വകുപ്പ് സംഘടിപ്പിച്ച ‘കാറ്റലിസ്റ്റ് കണക്റ്റ്’ പരിപാടിയില്‍ 200ഓളം ഗ്ലോബല്‍ കപ്പാബിലിറ്റി സെന്റർ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, രാഷ്ട്രീയ വിമർശനങ്ങള്‍ ഉണ്ടായാലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ തുരങ്കപാത പദ്ധതി നടപ്പാക്കുന്നതില്‍ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഡികെ ശിവകുമാർ പറഞ്ഞു.
’40 കിലോമീറ്റർ തുരങ്കപാതയ്ക്കുള്ള നിർദ്ദേശം അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും. രാഷ്ട്രീയ വിമർശനങ്ങളെ കുറിച്ച് എനിക്ക് ആശങ്കയില്ല. ബെംഗളൂരുവിന് ദീർഘകാല അടിസ്ഥാനസൗകര്യ വികസനം ആവശ്യമാണ്. അത് നടപ്പാക്കാൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’ അദ്ദേഹം പറഞ്ഞു. തുരങ്കപാത പദ്ധതിയാണ് വിപുലമായ മൊബിലിറ്റി പദ്ധതിയുടെ പ്രധാന ഭാഗം.ഇതിന്റെ ഭാഗമായി റോഡുകള്‍, ഫ്ലൈഓവറുകള്‍, ലാസ്റ്റ്-മൈല്‍ കണക്ടിവിറ്റി എന്നിവയ്ക്കായി ഏകദേശം 1.5 ലക്ഷം കോടി നിക്ഷേപിക്കാനാണ് സംസ്ഥാന സർക്കാർ പദ്ധതിയിടുന്നത്. പദ്ധതിയുടെ ഭാഗമായി 44 കിലോമീറ്റർ നീളമുള്ള ഡബിള്‍ ഡെക്കർ കോറിഡോറും വിമാനത്താവളത്തിലേക്കുള്ള 133 കിലോമീറ്റർ ഫ്ലൈഓവർ ശൃംഖലയും വികസിപ്പിക്കും. ഹെബ്ബാളിലെ ചെറിയ തുരങ്കപാതയുടെ നിർമ്മാണം ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും വലിയ തുരങ്കപാത പദ്ധതിയുടെ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.123 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിയും സർക്കാർ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഏകദേശം 50,000 കോടി ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 26,000 കോടി നിക്ഷേപിക്കും.
യെലഹങ്ക, കോഗിലു, ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവള മേഖല, മന്യത ടെക് പാർക്ക് തുടങ്ങിയ പ്രധാന വികസന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ബന്ധം മെച്ചപ്പെടുത്താൻ ഈ കോറിഡോർ സഹായിക്കും.റോഡ് വികസനത്തിനൊപ്പം ബെംഗളൂരുവിലെ മെട്രോ ശൃംഖല വരും വർഷങ്ങളില്‍ 500 കിലോമീറ്ററായി വിപുലീകരിക്കാനും ലാസ്റ്റ്-മൈല്‍ കണക്ടിവിറ്റി കൂടുതല്‍ ശക്തമാക്കാനും സർക്കാർ പദ്ധതിയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ബിയോണ്ട് ബെംഗളൂരു’ പദ്ധതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ബെംഗളൂരുവിന്റെ വളർച്ച മാതൃക പിന്തുടർന്ന് സംസ്ഥാനത്തെ മൂന്നോ നാലോ നഗരങ്ങളെ കൂടി വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.ആഗോള നിക്ഷേപം ആകർഷിക്കുന്നതിനായി കൂടുതല്‍ ഫ്ലോർ ഏരിയ റേഷ്യോ അനുവദിക്കുമെന്നും ഇതിലൂടെ ബെംഗളൂരുവിന്മേലുള്ള സമ്മർദം കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തെരുവ് കച്ചവടക്കാർ കൈയേറിയ നടപ്പാതകള്‍ തിരിച്ചുപിടിക്കുന്ന നടപടികള്‍ സർക്കാർ ശക്തമാക്കിയിട്ടുണ്ടെന്നും, അവരെ പുനരധിവസിപ്പിക്കാൻ ബദല്‍ സ്ഥലങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.