Home തിരഞ്ഞെടുത്ത വാർത്തകൾ 18 വര്‍ഷം എഞ്ചിനീയര്‍, സ്വന്തം കമ്പനി.. 40ാം വയസ്സില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി, വൈറലായി ജാൻവി

18 വര്‍ഷം എഞ്ചിനീയര്‍, സ്വന്തം കമ്പനി.. 40ാം വയസ്സില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി, വൈറലായി ജാൻവി

വയസ്സ് 40, സോഫ്റ്റ് വെയർ എഞ്ചിനീയർ.. ബെംഗളൂരുവില്‍ സ്വന്തമായി സ്റ്റാർട്ട്‌അപ്പ് കമ്പനി.. 18 വർഷമായി സാമ്പത്തികമായും പ്രൊഫഷണലായും വിജയകരമായി മുന്നോട്ട് പോകുന്ന കരിയർ.ഈ സമയത്ത് ഒരു ജോലി മാറ്റത്തെ കുറിച്ച്‌ ആരെങ്കിലും ചിന്തിക്കുമോ?അവിടെയാണ് ജാൻവി അജിത് റാവു വ്യത്യസ്തയാകുന്നത്. 18 വർഷത്തെ എഞ്ചിനീയറിംഗ് പ്രൊഫഷൻ ഉപേക്ഷിച്ച്‌ നാല്‍പ്പതാം വയസ്സില്‍ ജാൻവി ചെയ്തത് എംബിബിഎസ്സിന് ചേരുകയാണ്. ജീവിതത്തിലുണ്ടായ ഒരു അപ്രതീക്ഷിത സംഭവമാണ് ജാൻവിയുടെ കരിയർ മാറ്റിമറിച്ചത്.വികാസ് എന്ന് പേരുളള ഒരു എക്സ് അക്കൌണ്ടില്‍ പങ്കുവെയ്ക്കപ്പെട്ട ജാൻവിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുകയാണ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് ജാൻവി അജിത് റാവു ജനിച്ചത്.

അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയില്‍ നിന്ന് ഇലക്‌ട്രോണിക്സില്‍ ബിരുദം നേടിയ അവർ പിന്നീട് കാലിഫോർണിയ സർവകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.തുടർന്ന് അമേരിക്കയിലെ പ്രമുഖ ടെക് കമ്പനികളില്‍ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി നോക്കി. 2002ല്‍ എഞ്ചിനീയറായ ഭർത്താവിനൊപ്പം ജാൻവി ബെംഗളൂരുവിലേക്ക് മാറി. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷവും പല പ്രമുഖ കമ്പനികളിലും അവർ ജോലി ചെയ്തു. അതിനുശേഷമാണ് ഡിഫൻസ് ഇലക്‌ട്രോണിക്സ് മേഖലയില്‍ സ്വന്തമായി ഒരു ടെക് കമ്പനി അവർ ആരംഭിച്ചത്.ജാൻവിയുടെ കരിയർ അതിന്റെ ഏറ്റവും മികച്ച നിലയില്‍ മുന്നോട്ടുപോകുമ്പോഴാണ് 2003ല്‍ അവരുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവ് ഉണ്ടായത്. ജാൻവിക്ക് റുമാറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന ഓട്ടോഇമ്മ്യൂണ്‍ രോഗം ബാധിച്ചതായി കണ്ടെത്തി. ചികിത്സാ കാലയളവില്‍ ഡോക്ടർമാർ അവരുടെ പരിചരണത്തിലൂടെയും സമർപ്പണത്തിലൂടെയും രോഗികളുടെ ജീവിതം എങ്ങനെയാണ് മാറ്റിമറിക്കുന്നതെന്ന് ജാൻവി കണ്ടറിഞ്ഞു. ഇത് ജാൻഹവിയെ ആഴത്തില്‍ സ്വാധീനിക്കുകയും എഞ്ചിനീയറിംഗ് ഉപേക്ഷിച്ച്‌ മെഡിക്കല്‍ രംഗത്തേക്ക് കടക്കണമെന്ന തീരുമാനത്തിലേക് എത്തിക്കുകയും ചെയ്തു.

അങ്ങനെ 2013ല്‍, തന്റെ നാല്‍പതാം വയസ്സില്‍ ജാൻവി ബെംഗളൂരുവിലെ എംഎസ് രാമയ്യ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാർത്ഥിനിയായി ചേർന്നു. ആ തീരുമാനം ഒരിക്കലും എളുപ്പമുള്ള ഒന്നായിരുന്നില്ല. ഏകദേശം രണ്ട് പതിറ്റാണ്ടോളം തികച്ചും വ്യത്യസ്തമായ ഒരു മേഖലയില്‍ ജോലി ചെയ്ത ശേഷം വീണ്ടും ക്ലാസ് മുറികളിലേക്ക് മടങ്ങിയെത്തുക, വലിയ മെഡിക്കല്‍ പുസ്തകങ്ങള്‍ പഠിക്കാനായി രാത്രികള്‍ മാറ്റിവെക്കുക, തന്റെ പ്രായത്തിന്റെ പകുതി മാത്രം പ്രായമുള്ള കുട്ടികളോട് മത്സരിക്കുക എന്നതൊക്കെ വലിയ വെല്ലുവിളി തന്നെയായിരുന്നു.ഈ വെല്ലുവിളികള്‍ക്കിടയിലും അവർ തന്റെ ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. കഠിനാധ്വാനത്തിനൊടുവില്‍ ജാൻവി തന്റെ 47ാം വയസ്സില്‍ വിജയകരമായി എംബിബിഎസ് ബിരുദം സ്വന്തമാക്കി. അമേരിക്കയില്‍ തന്റെ ആഗ്രഹം പോലെ പ്രൈമറി കെയർ ഫിസിഷ്യൻ ആയി ജോലി നോക്കുകയാണ് ജാൻവി ഇപ്പോള്‍. ജീവിതത്തിന് ഒരു മാറ്റം വേണം എന്ന് ആഗ്രഹിച്ചാല്‍ അതിന് പ്രായം ഒരു തടസ്സമേ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജാൻവി.

You may also like

error: Content is protected !!
Join Our WhatsApp Group