ടെഹ്റാൻ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സൈനിക അധിനിവേശത്തെയും കുറ്റകൃത്യങ്ങളെയും അന്താരാഷ്ട്ര തലത്തില്‍ ശക്തമായി നേരിടുമെന്ന് ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പ്രഖ്യാപിച്ചു.അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ചൈന, നമീബിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസിഡന്റ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ഇരുരാജ്യങ്ങളെയും അവരെ പിന്തുണച്ചവരെയും ആഗോള നീതിന്യായ കോടതികളിലും അന്താരാഷ്ട്ര വേദികളിലും വിചാരണ ചെയ്യാൻ ആവശ്യമായ എല്ലാ നിയമ നയതന്ത്ര മാർഗ്ഗങ്ങളും തേടുമെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.അതേസമയം, യുദ്ധത്തിന് ശേഷം മാറിയ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും യാഥാർത്ഥ്യങ്ങളും ഉള്‍ക്കൊള്ളാൻ അമേരിക്ക തയ്യാറാകണമെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആവശ്യപ്പെട്ടു. ഉസ്ബെക്കിസ്ഥാൻ പാർലമെന്റ് സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻപത്തെ അപേക്ഷിച്ച് മേഖലയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും നിലവിലെ യാഥാർത്ഥ്യങ്ങള്‍ അംഗീകരിക്കാൻ യുദ്ധാനന്തര സംഭവവികാസങ്ങള്‍ അമേരിക്കയെ നിർബന്ധിതരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പുതിയ അന്തരീക്ഷത്തില്‍ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങള്‍ വിപുലീകരിക്കാൻ സാധിക്കുമെന്നും ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ നീക്കം ചെയ്യാനുള്ള വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേർഷ്യൻ ഗള്‍ഫിലും ഹോർമുസ് കടലിടുക്കിലും ഇറാനും ഒമാനും സംയുക്തമായി നടത്തുന്ന സുരക്ഷാ മേല്‍നോട്ടം വഴി മേഖലയിലെ അമേരിക്കൻ ഇടപെടലുകള്‍ കുറയ്ക്കാനും ഗതാഗത-വ്യാപാര സഹകരണം മെച്ചപ്പെടുത്താനും സാധിക്കുമെന്നും ഇറാന്റെ പാർലമെന്റ് സ്പീക്കർ പ്രത്യാശ പ്രകടിപ്പിച്ചു.
ഖമേനിയുടെ വിലാപ ചടങ്ങിനിടെ വൻ നീക്കവുമായി ഇറാൻ, ലോക നേതാക്കള്‍ക്ക് മുന്നില്‍ നിര്‍ണായക ആവശ്യം ഉന്നയിച്ചു; ‘അധിനിവേശത്തെ നേരിടും’
previous post