ബെംഗളൂരു: കാവേരി നദിക്ക് കുറുകെ നിർമിക്കാൻ പദ്ധതിയിടുന്ന മേക്കേദാട്ടു അണക്കെട്ടിനെ ചോല്ലി കർണാടകയില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു.വിഷയത്തില്‍ തമിഴ്നാട് കോണ്‍ഗ്രസ് പരസ്യമായി വെല്ലുവിളി ഉയർത്തിയിട്ടും കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ മൗനം പാലിക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ ആർ അശോക രംഗത്തെത്തി. തമിഴ്നാട് കോണ്‍ഗ്രസിന് മുന്നില്‍ ശിവകുമാർ മൗനവ്രതം അനുഷ്ഠിക്കുകയാണെന്ന് അശോക പരിഹസിച്ചു.മേക്കേദാട്ടു പദ്ധതിക്കു വേണ്ടി ഒരു ഇഷ്ടിക പോലും സ്ഥാപിക്കാൻ സമ്മതിക്കില്ല എന്ന് തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷൻ ബി മാണിക്യം ടാഗോർ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.
ഇത് കർണാടകയില്‍ വലിയ വാർത്തയായി മാറി. കർണാടകത്തിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ മറ്റൊരു നിലപാടാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തി. കർണാടകയില്‍ അധികാരത്തില്‍ വരാൻ വേണ്ടി മേക്കേദാട്ടു മേഖലയില്‍ നിന്ന് ബംഗളൂരുവിലേക്ക് വലിയ പദയാത്ര നടത്തി തെരുവ് നാടകം കളിച്ച ശിവകുമാറിന്, ഇപ്പോള്‍ തമിഴ്നാട് ഘടകത്തെ ചോദ്യം ചെയ്യാൻ ഭയമാണെന്ന് പ്രതിപക്ഷ നേതാവ് അശോക കുറ്റപ്പെടുത്തി.കന്നഡിഗരോട് സ്നേഹമുണ്ടെങ്കില്‍ ഡികെ ശിവകുമാർ ഇപ്പോള്‍ ചെന്നൈയിലേക്ക് പദയാത്ര നടത്തണമെന്ന് അശോക പറഞ്ഞു. തമിഴ്നാട് കോണ്‍ഗ്രസ് ആസ്ഥാനത്ത് ചെന്നിരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തി രാഷ്ട്രീയ പ്രതിബദ്ധത തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എന്താണ് മേക്കേദാട്ടു അണക്കെട്ട് പദ്ധതി?കാവേരി നദിയും അതിന്റെ പോഷകനദിയായ അർക്കാവതിയും ചേരുന്ന ഭാഗത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഒരു അണക്കെട്ടാണ് മേക്കേദാട്ടു ഡാം പ്രൊജക്ട്. ഏതാണ്ട് 9,000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ ഒരു വലിയ റിസർവോയർ സ്ഥാപിക്കപ്പെടും. ബെംഗളൂരു നഗരത്തിലെയും സമീപ ജില്ലകളിലെയും വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ കുടിവെള്ള ആവശ്യങ്ങള്‍ളാണ് മേക്കേദാട്ടു പദ്ധതിക്കു പിന്നില്‍.ഇതുകൂടാതെ ഡാമിനോട് അനുബന്ധിച്ച് 400 മെഗാവാട്ട് ശേഷിയുള്ള ഒരു ജലവൈദ്യുത പദ്ധതിക്കും ആലോചനയുണ്ട്. മഴക്കാലത്ത് കാവേരി നദിയിലുണ്ടാകുന്ന അധിക വെള്ളം സംഭരിച്ചു നിർത്തുവാനും ഈ അണക്കെട്ട് ഉപകരിക്കുമെന്ന് കർണാടക പ്രതീക്ഷിക്കുന്നു.മേക്കേദാട്ടു പദ്ധതി തമിഴ്നാടിന്റെ അതിർത്തിയോട് വളരെ അടുത്താണ്. ഏകദേശം 4 കിലോമീറ്റർ മാത്രം അകലെയാണിത്. ഈ അണക്കെട്ട് നിർമ്മിക്കുന്നത് തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് തമിഴ്നാടിന്റെ വാദം. തമിഴ്നാടിന്റെ ‘നെല്ലറ’ എന്നറിയപ്പെടുന്ന കാവേരി ഡെല്‍റ്റ മേഖലയിലെ (തഞ്ചാവൂർ, തിരുച്ചിറപ്പള്ളി തുടങ്ങിയ ജില്ലകള്‍) ദശലക്ഷക്കണക്കിന് കർഷകർ പൂർണ്ണമായും കാവേരി വെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. കർണാടക മുകളില്‍ പുതിയൊരു അണക്കെട്ട് കൂടി വന്നാല്‍ തമിഴ്നാട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറയുമെന്നും ഇത് തമിഴ്നാടിനെ ഒരു മരുഭൂമിയാക്കുമെന്നും തമിഴ്നാട് ഭയപ്പെടുന്നു.