ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ ഭരണരംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ സംസ്ഥാന ഖജനാവിന് നേട്ടമുണ്ടാക്കുന്നതായി റിപ്പോർട്ട്.ചെറിയ പൊതുമരാമത്ത് ജോലികള്‍ പോലും ഓപ്പണ്‍ ടെൻഡർ വഴി നടപ്പിലാക്കാൻ തുടങ്ങിയതോടെയാണ് കുറഞ്ഞ നിരക്കില്‍ കരാറുകള്‍ ഉറപ്പിക്കാൻ സർക്കാരിന് സാധിക്കുന്നത്.10 ലക്ഷം കോടി രൂപയിലധികം കടബാധ്യതയുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഈ ഭരണശൈലി സഹായിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഴിമതിയും കമ്മീഷൻ ഇടപാടുകളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കം കരാറുകാർക്കിടയിലും വലിയ സ്വീകാര്യതയാണ് നേടുന്നത്.മുൻകാലങ്ങളില്‍ നിയന്ത്രിത ടെൻഡറുകളിലൂടെയും പ്രീ-ഫിക്സഡ് കരാറുകളിലൂടെയും പദ്ധതികള്‍ നടപ്പിലാക്കിയിരുന്ന രീതിക്ക് വിജയ് സർക്കാർ അന്ത്യം കുറിച്ചു. ഇതോടെ കരാറുകാർക്കിടയില്‍ ആരോഗ്യകരമായ മത്സരം ഉണ്ടാകുകയും സർക്കാർ നിശ്ചയിച്ച തുകയേക്കാള്‍ 25 മുതല്‍ 30 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ പണികള്‍ ഏറ്റെടുക്കാൻ അവർ തയ്യാറാകുകയും ചെയ്യുന്നു.ജൂണ്‍ 28-ന് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ചെന്നൈ കോർപ്പറേഷനിലെ അമ്പത്തൂർ മേഖലയില്‍ 25 ലക്ഷം രൂപ കണക്കാക്കിയ ഒരു റോഡ് പുനരുദ്ധാരണ പദ്ധതി 17 ലക്ഷം രൂപയ്ക്കാണ് കരാർ നല്‍കിയത്.
ഇതിലൂടെ ഒരു പദ്ധതിയില്‍ മാത്രം സർക്കാരിന് ഏകദേശം ഒൻപത് ലക്ഷം രൂപ ലാഭിക്കാൻ കഴിഞ്ഞു. ഷോളിംഗനല്ലൂർ പോലുള്ള ഇടങ്ങളില്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ 36 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് കരാറുകള്‍ വിളിക്കപ്പെട്ടത്.മുൻ സർക്കാരുകളുടെ കാലത്ത് പദ്ധതി തുകയുടെ പത്ത് ശതമാനം അധികം നല്‍കി കരാറുകള്‍ നല്‍കിയിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ കുറഞ്ഞ തുകയ്ക്ക് ടെൻഡറാകുന്നത് സംസ്ഥാന ഖജനാവിന് വലിയ നേട്ടമായി മാറുന്നത്. മുൻകാലങ്ങളില്‍ നിലനിന്നിരുന്ന 40 ശതമാനം വരെയുള്ള ‘കമ്മീഷൻ സംസ്കാരം’ അവസാനിച്ചതാണ് ഇതിന് കാരണമെന്ന് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രാമറാവു ചൂണ്ടിക്കാട്ടി.രാഷ്ട്രീയക്കാർക്കോ ഉദ്യോഗസ്ഥർക്കോ കൈക്കൂലി നല്‍കേണ്ടതില്ലാത്തതിനാലാണ് കുറഞ്ഞ നിരക്കില്‍ ടെൻഡർ നല്‍കാൻ തങ്ങള്‍ക്ക് സാധിക്കുന്നതെന്ന് കരാറുകാരും പറയുന്നു. വിജയ് സർക്കാരിന്റെ നടപടി ഇന്ത്യയിലുടനീളമുള്ള ഭരണകൂടങ്ങള്‍ക്ക് മാതൃകയാകുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നുണ്ട്. എങ്കിലും, കുറഞ്ഞ തുകയ്ക്ക് കരാർ നല്‍കുമ്പോള്‍ നിർമാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക എന്നത് വിജയ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണ്.