ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ വരുമാന മാർഗങ്ങള്‍ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ആദ്യമായി ബസുകളില്‍ ശബ്‌ദപരസ്യങ്ങള്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.ഡീസല്‍ വില വർധിച്ചതും സ്ത്രീകള്‍ക്കുള്ള ‘ശക്തി’ സൗജന്യ യാത്രാ പദ്ധതിയുടെ കുടിശ്ശിക സർക്കാർ സമയത്ത് നല്‍കാത്തതുമാണ് ബിഎംടിസിയെ പുതിയ വരുമാന മാർഗങ്ങള്‍ തേടാൻ പ്രേരിപ്പിച്ചത്.ഇതിനായി ഉടൻ തന്നെ ഒരു ഏജൻസിയെ തിരഞ്ഞെടുക്കാൻ ടെൻഡർ ക്ഷണിക്കുമെന്ന് ബിഎംടിസി അധികൃതർ അറിയിച്ചു. നിലവില്‍ എല്ലാ ബസുകളിലും അടുത്ത സ്‌റ്റോപ്പുകള്‍ അറിയിക്കുന്ന ശബ്‌ദ പ്രഖ്യാപന സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ഈ സ്‌റ്റോപ്പ് പ്രഖ്യാപനങ്ങള്‍ക്കിടയിലായിരിക്കും പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുക. രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ബസ് ഗതാഗത സ്ഥാപനങ്ങളില്‍ ഇത്തരമൊരു സംവിധാനം ആദ്യമായി നടപ്പാക്കുന്നത് ബിഎംടിസിയാണെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യൻ റെയില്‍വേയും ഡല്‍ഹി മെട്രോയും സമാന രീതിയിലുള്ള പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ബസുകളില്‍ ഇത് ആദ്യമായിരിക്കും. നിലവില്‍ ബിഎംടിസിക്ക് 6981 ബസുകളുണ്ട്. ഇതില്‍ 1759 എണ്ണം ഇലക്‌ട്രിക് ബസുകളാണ്. പ്രതിദിനം ഏകദേശം 45 ലക്ഷം യാത്രക്കാരാണ് ബിഎംടിസി ബസുകള്‍ ഉപയോഗിക്കുന്നത്. യാത്രാ ടിക്കറ്റിലൂടെ മാത്രം പ്രതിദിനം ഏകദേശം 7.21 കോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്.വലിയ യാത്രക്കാരുടെ ശൃംഖല ഉള്ളതിനാല്‍ കമ്പനികള്‍ക്ക് പരസ്യം നല്‍കാൻ മികച്ച അവസരമാണിതെന്നും ഇതിലൂടെ ബിഎംടിസിക്കും പരസ്യദാതാക്കള്‍ക്കും ഒരുപോലെ നേട്ടമുണ്ടാകുമെന്നും അധികൃതർ പറഞ്ഞു. എന്നാല്‍ ബസുകളില്‍ ഇടയ്ക്കിടെ ശബ്‌ദപരസ്യങ്ങള്‍ കേള്‍ക്കേണ്ടിവരുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുമെന്ന ആശങ്കയും ചിലർ ഉയർത്തിയിട്ടുണ്ട്.ശബ്‌ദപരസ്യങ്ങള്‍ മാത്രമല്ല, വരുമാനം വർധിപ്പിക്കാൻ മറ്റ് പദ്ധതികളും ബിഎംടിസി ആലോചിക്കുന്നുണ്ട്.
ഇലക്‌ട്രോണിക് ടിക്കറ്റിംഗ് മെഷീനില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റുകളുടെ പിൻവശത്ത് പരസ്യങ്ങള്‍ അച്ചടിക്കുന്നതിനുള്ള ടെൻഡർ ഇതിനകം ക്ഷണിച്ചിട്ടുണ്ട്. കൂടാതെ ഓരോ സീറ്റിന്റെയും പിന്നില്‍ ക്യൂആർ കോഡ് സ്ഥാപിച്ച് അത് സ്‌കാൻ ചെയ്യുമ്പോള്‍ പരസ്യദാതാക്കളുടെ വെബ്സൈറ്റിലേക്കോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്കോ യാത്രക്കാരെ എത്തിക്കുന്ന പദ്ധതിയും പരിഗണനയിലാണ്.വരുമാനം വർധിപ്പിക്കാനുള്ള ഈ നീക്കങ്ങള്‍ക്കൊപ്പം ബിഎംടിസി നിരക്ക് വർധനയും സർക്കാർ പരിഗണിക്കുന്നുണ്ട്.കഴിഞ്ഞ അഞ്ച് മുതല്‍ ആറ് മാസത്തിനിടെ ഡീസല്‍ വില നാല് തവണ വർധിച്ചെങ്കിലും യാത്രാനിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ലെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് പറഞ്ഞിരുന്നു. പൊതുജനങ്ങള്‍ക്ക് അധികഭാരം സൃഷ്‌ടിക്കാതെ ഗതാഗത കോർപ്പറേഷനുകളുടെ നഷ്‌ടം കുറയ്ക്കുന്ന രീതിയിലാണ് നിരക്ക് പരിഷ്‌കരണം പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കോണ്‍ഗ്രസ് സർക്കാരിന്റെ ‘ശക്തി’ പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതിന്റെ നഷ്‌ടപരിഹാരമായി സംസ്ഥാനത്തെ ഗതാഗത കോർപ്പറേഷനുകള്‍ക്ക് ലഭിക്കാനുള്ള ഏകദേശം 5500 കോടി രൂപ ഇപ്പോഴും കുടിശ്ശികയാണെന്നും ഈ തുക എത്രയും വേഗം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉള്‍പ്പെടെയുള്ള സാമ്പത്തിക വിഷയങ്ങളും സർക്കാർ ഉടൻ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.