Home തിരഞ്ഞെടുത്ത വാർത്തകൾ ചെന്നൈ – ബെംഗളൂരു ബുള്ളറ്റ് ട്രെയിൻ: വൈറ്റ്ഫീല്‍ഡിലും ബയ്യപ്പനഹള്ളിയിലും ഭൂഗര്‍ഭ സ്റ്റേഷനുകള്‍ വരും

ചെന്നൈ – ബെംഗളൂരു ബുള്ളറ്റ് ട്രെയിൻ: വൈറ്റ്ഫീല്‍ഡിലും ബയ്യപ്പനഹള്ളിയിലും ഭൂഗര്‍ഭ സ്റ്റേഷനുകള്‍ വരും

by ടാർസ്യുസ്

ന്യൂഡല്‍ഹി: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാത അടുത്ത വർഷത്തോടെ ഘട്ടം ഘട്ടമായി തുറക്കാനിരിക്കെ ചെന്നൈ-ബെംഗളൂരു ഉള്‍പ്പെടെയുള്ള അടുത്ത ഘട്ട പദ്ധതികള്‍ക്ക് വേഗം കൂട്ടി കേന്ദ്രസർക്കാർ.ഭാവിയില്‍ രാജ്യത്ത് വരാൻ പോകുന്ന എല്ലാ ബുള്ളറ്റ് ട്രെയിൻ പദ്ധതികള്‍ക്കും ഒരേ മാതൃകയിലുള്ള എഞ്ചിനീയറിങ് ഡിസൈൻ തയാറാക്കാനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നീക്കം. ഇത് നിർമ്മാണ ജോലികള്‍ വേഗത്തിലാക്കാനും രാജ്യത്തുടനീളമുള്ള ബുള്ളറ്റ് ട്രെയിൻ ശൃംഖലയില്‍ ഒരേ നിലവാരം കൊണ്ടുവരാനും സഹായിക്കും. പദ്ധതിക്കുള്ള കണ്‍സള്‍ട്ടൻ്റിനായി നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് ടെൻ്റർ ക്ഷണിച്ചിട്ടുണ്ട്.ചെന്നൈ, ബെംഗളൂരു നഗരങ്ങള്‍ക്കുള്ളില്‍ ബുള്ളറ്റ് ട്രെയിൻ പാത ഭൂമിക്കടിയിലൂടെയാണ് നിർമ്മിക്കുന്നത്. ഐടി ജീവനക്കാരുടെ യാത്രാസൗകര്യം മുൻനിർത്തിയാണ് ബെംഗളൂരുവിലെ സ്റ്റേഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഐടി ഹബ്ബായ വൈറ്റ്ഫീല്‍ഡിലും ബയ്യപ്പനഹള്ളിയിലുമാണ് ബെംഗളൂരുവിലെ ഭൂഗർഭ സ്റ്റേഷനുകള്‍ വരുന്നത്. ചെന്നൈയിലാണ് മൂന്നാമത്തെ അണ്ടർഗ്രൗണ്ട് സ്റ്റേഷൻ. ഇതില്‍ ചെന്നൈയും ബയ്യപ്പനഹള്ളിയും ആറ് ലൈനുകളുള്ള പ്രധാന ടെർമിനലുകളായി മാറ്റാനാണ് പദ്ധതി. രണ്ട് ലൈനുകള്‍ മാത്രമുള്ള വൈറ്റ്ഫീല്‍ഡ് സ്റ്റേഷനില്‍ സർവീസ് നടത്തുന്ന എല്ലാ ബുള്ളറ്റ് ട്രെയിനുകള്‍ക്കും സ്റ്റോപ്പുണ്ടായിരിക്കും.ചെന്നൈ – ബെംഗളൂരു പാതയില്‍ ആകെ 34.6 കിലോമീറ്റർ ദൂരമാണ് തുരങ്കങ്ങളിലൂടെ കടന്നുപോകുന്നത്. പ്രധാനമായും വനമേഖലകളിലും നഗരങ്ങളിലുമാണ് തുരങ്കങ്ങള്‍ നിർമ്മിക്കുക. കൗണ്ടിന്യ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മൊഗിലി ഘട്ടിലൂടെ കടന്നുപോകുന്ന 14.7 കിലോമീറ്റർ തുരങ്കമാണ് ഇതില്‍ ഏറ്റവും നീളമേറിയത്. ബെംഗളൂരുവിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് 15.92 കിലോമീറ്ററും ചെന്നൈ ടെർമിനലിനോട് ചേർന്ന് 3.8 കിലോമീറ്ററും നീളമുള്ള തുരങ്കങ്ങളുണ്ടാകും.ഡല്‍ഹി – വാരണാസി പാതചെന്നൈ പാതയ്ക്കൊപ്പം ഡല്‍ഹി – വാരണാസി ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പ്രാരംഭ ജോലികളും റെയില്‍വേ ആരംഭിച്ചിട്ടുണ്ട്. ഈ പാതയില്‍ ഉത്തർപ്രദേശിലെ ജേവാറിലാണ് ഭൂഗർഭ സ്റ്റേഷൻ വരുന്നത്. ഇവിടെ 9 കിലോമീറ്റർ നീളമുള്ള തുരങ്കവുമുണ്ടാകും.

പുതിയതായി നിയമിക്കുന്ന കണ്‍സള്‍ട്ടന്റാണ് പാലങ്ങള്‍, മേല്‍പ്പാലങ്ങള്‍, ഭൂഗർഭ സ്റ്റേഷനുകള്‍, തുരങ്കങ്ങള്‍, ഡിപ്പോകള്‍ എന്നിവയുടെ പൊതുരൂപരേഖ തയാറാക്കുക. ബജറ്റില്‍ പ്രഖ്യാപിച്ച, 4,000 കിലോമീറ്റർ നീളമുള്ള ഏഴ് പുതിയ ബുള്ളറ്റ് ട്രെയിൻ പാതകള്‍ക്കും ഇതേ ഡിസൈനുകളാണ് ഉപയോഗിക്കുക. ഇതില്‍ നാല് പാതകളുടെ വിശദമായ പദ്ധതി റിപ്പോർട്ടിന് (DPR) ഇതിനകം അനുമതിയായിട്ടുണ്ട്. ബാക്കി പാതകളുടെ സർവേ ജോലികള്‍ പുരോഗമിക്കുകയാണ്.പാലങ്ങളുടെ ഘടന, ഭൂകമ്പ പ്രതിരോധം, ശബ്ദമലിനീകരണം കുറയ്ക്കാനുള്ള സംവിധാനങ്ങള്‍, തുരങ്കങ്ങളിലെ വായുസഞ്ചാരം, അടിയന്തര രക്ഷാമാർഗ്ഗങ്ങള്‍ എന്നിവയെല്ലാം ഈ പുതിയ മാതൃകയിലുണ്ടാകും. മണിക്കൂറില്‍ 320 കിലോമീറ്റർ വേഗത്തില്‍ സർവീസ് നടത്താൻ തക്കവണ്ണമാണ് പാതകള്‍ ഒരുക്കുന്നത്. ഇന്ത്യൻ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ട്രെയിനുകള്‍ തദ്ദേശീയമായി നിർമിക്കാൻ (മേക് ഇൻ ഇന്ത്യ) താല്‍പര്യമുള്ള ആഗോള കമ്പനികളുമായി നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോർപ്പറേഷൻ ചർച്ചകള്‍ തുടങ്ങിയിട്ടുണ്ട്. സാങ്കേതിക മികവും ദേശീയ സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിച്ചായിരിക്കും കമ്പനികളെ തിരഞ്ഞെടുക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group