ബെംഗളൂരു: വർഷങ്ങളായി നീണ്ടുനില്‍ക്കുന്ന ഈജിപുര ഫ്ലൈഓവർ പദ്ധതിയുടെ നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നല്കി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മിഷണർ എം മഹേശ്വർ റാവു.കഴിഞ്ഞ ദിവസം പദ്ധതി സ്ഥലം സന്ദർശിച്ച അദ്ദേഹം, നിർമ്മാണം നിശ്ചിത സമയപരിധിക്കുള്ളില്‍ പൂർത്തിയാക്കാൻ കരാറുകാരൻ കൂടുതല്‍ തൊഴിലാളികളെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടു.പോർട്ടല്‍ ഫ്രെയിം നിർമാണ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി പ്രതിദിനം കുറഞ്ഞത് 40 തൊഴിലാളികളെയെങ്കിലും നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിശോധനയ്ക്കിടെ തൊഴിലാളികളുടെ കുറവാണ് നിർമാണം മന്ദഗതിയിലാകാൻ പ്രധാന കാരണമെന്ന് അദ്ദേഹം വിലയിരുത്തി.
അധിക തൊഴിലാളികളെ ഉടൻ നിയമിച്ച് പ്രവൃത്തികള്‍ വേഗത്തിലാക്കാൻ കരാറുകാരനോട് ചീഫ് കമ്മീഷണർ നിർദ്ദേശിച്ചു.ബന്ധപ്പെട്ട എൻജിനീയർമാരും ഉദ്യോഗസ്ഥരും പദ്ധതിയുടെ പുരോഗതി ദിവസേന നിരീക്ഷിച്ച് കാലതാമസം ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ തന്നെ ഏറ്റവും കൂടുതല്‍ ചർച്ച ചെയ്യപ്പെടുന്ന അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നാണ് ഈജിപുര ഫ്ലൈഓവർ. കോറമംഗല 100 ഫീറ്റ് റോഡിനെയും ഇന്നർ റിംഗ് റോഡിനെയും ബന്ധിപ്പിക്കുന്ന ഈ ഫ്ലൈഓവർ ഏകദേശം 2.5 കിലോമീറ്റർ നീളമുള്ളതാണ്.സോണി വേള്‍ഡ് ജംഗ്ഷൻ, ഈജിപുര, കേന്ദ്രീയ സില്‍ക്ക് ബോർഡ് ഭാഗങ്ങളിലേക്കുള്ള ഗതാഗത സമ്മർദ്ദം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2017-ലാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ കരാറുകാരനുമായുണ്ടായ തർക്കം, സാമ്പത്തിക പ്രതിസന്ധി, കോവിഡ് മഹാമാരി, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ എന്നിവ കാരണം നിർമ്മാണം ഇക്കഴിഞ്ഞ കാലയളവില്‍ പലപ്പോഴായി തടസ്സപ്പെടുന്ന സാഹചര്യമായിരുന്നു.
ആദ്യ കരാറുകാരൻ പദ്ധതി പൂർത്തിയാക്കാൻ കഴിയാതിരുന്നതിനാല്‍ കരാർ റദ്ദാക്കുകയും പിന്നീട് പുതിയ കരാറുകാരനെ നിയമിച്ച് നിർമ്മാണം പുനരാരംഭിക്കുകയും ചെയ്യുകയായിരുന്നു. നിലവില്‍ ഫ്ലൈഓവറിന്റെ തൂണുകള്‍, ഗർഡർ സ്ഥാപിക്കല്‍, പോർട്ടല്‍ ഫ്രെയിം, ഡെക്ക് സ്ലാബ് എന്നിവയുടെ നിർമ്മാണമാണ് വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുന്നത്.പ്രധാന ഘടനയുടെ നിർമാണം പൂർത്തിയാകുന്ന ഘട്ടത്തിലാണെങ്കിലും ചില നിർണായക ഭാഗങ്ങളില്‍ തൊഴിലാളികളുടെ കുറവ് കാരണം പ്രവൃത്തികള്‍ പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണ്. ഇതാണ് കൂടുതല്‍ തൊഴിലാളികളെ വിന്യസിക്കാൻ ജിബിഎ നിർദ്ദേശം നല്കാൻ കാരണം. കൂടുതല്‍ തൊഴിലാളികളെ വിന്യസിച്ചാല്‍ ജോലികള്‍ വേഗത്തില്‍ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
പദ്ധതി പൂർത്തിയായാല്‍ കോറമംഗല, ഈജിപുര, ഡോംലൂർ, ഇന്നർ റിംഗ് റോഡ്, ഓള്‍ഡ് എയർപോർട്ട് റോഡ്, സർജാപൂർ റോഡ് എന്നിവിടങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാകും. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ സോണി വേള്‍ഡ് സിഗ്നലിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.ബെംഗളൂരുവിലെ ഐടി കമ്പനികളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർക്കും ഈ ഫ്ലൈഓവർ വലിയ ആശ്വാസമാകും. യാത്രാസമയം കുറയുന്നതോടൊപ്പം ഇന്ധന ഉപഭോഗവും മലിനീകരണവും കുറയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതി വേഗത്തില്‍ പൂർത്തിയാക്കണമെന്ന ആവശ്യം പ്രദേശവാസികളും യാത്രക്കാരും നിരന്തരം ഉന്നയിച്ചുവരികയാണ്.