Home തിരഞ്ഞെടുത്ത വാർത്തകൾ പെട്രോള്‍ വില കുറയുമെന്ന സൂചന നല്‍കി കേന്ദ്രം; ‘ഇപ്പോഴും ശരിക്കും വില കൂടിയിട്ടില്ല’

പെട്രോള്‍ വില കുറയുമെന്ന സൂചന നല്‍കി കേന്ദ്രം; ‘ഇപ്പോഴും ശരിക്കും വില കൂടിയിട്ടില്ല’

by ടാർസ്യുസ്

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായ ഘട്ടത്തിലും രാജ്യത്ത് ഇന്ധനവില നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചതായി കേന്ദ്ര പെട്രോളിയം – പ്രകൃതി വാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി.കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ ഇടവേളകളില്‍ എക്‌സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ചതാണ് സാധാരണക്കാര്‍ക്ക് ആശ്വാസമായതെന്നും വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ ഇന്ധന നിരക്കുകള്‍ ഇനിയും കുറയാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്രയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ആഗോള ക്രൂഡ് ഓയില്‍ വിപണിയിലെ കടുത്ത പ്രതിസന്ധികള്‍ക്കിടയിലും പൗരന്മാര്‍ക്ക് ഇന്ധന വിലക്കയറ്റത്തിന്റെ യഥാര്‍ത്ഥ ആഘാതം അനുഭവപ്പെടാത്ത രീതിയിലാണ് സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകളാണ് ഇന്ധനവില വലിയ തോതില്‍ വര്‍ധിക്കുന്നത് തടഞ്ഞത് എന്നും പുരി പറഞ്ഞു.2021 നവംബറിലും 2022 മേയിലും കേന്ദ്ര സര്‍ക്കാര്‍ ഇന്ധനങ്ങളുടെ എക്‌സൈസ് ഡ്യൂട്ടി ഘട്ടംഘട്ടമായി കുറച്ചിരുന്നു. ഇത് വഴി പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ലിറ്ററിന് പത്ത് രൂപയോളം വരുന്ന വലിയ സാമ്പത്തിക ബാധ്യതയാണ് പൊതുജനങ്ങള്‍ക്ക് ഭാരമാകാത്ത രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഏറ്റെടുത്തതെന്ന് ഹര്‍ദീപ് സിങ് പുരി ചൂണ്ടിക്കാട്ടി.മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ പലരാജ്യങ്ങളിലും ഇന്ധന വില വര്‍ധിച്ചിരുന്നു. ഇന്ത്യയില്‍ മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ വില വര്‍ധിച്ചില്ലെങ്കിലും മേയ് മാസത്തില്‍ നാല് തവണയായി എട്ട് രൂപയോളമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. എന്നാല്‍ ഇത് യഥാര്‍ത്ഥ വില വര്‍ധനവല്ല എന്നാണ് പുരി പറയുന്നത്.

റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം ആരംഭിച്ച 2022-ലെ പ്രത്യേക സാഹചര്യങ്ങളിലെ വിലനിലവാരവുമായി ഇപ്പോഴത്തെ നിരക്കുകളെ ഒത്തുനോക്കിയാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ യഥാര്‍ത്ഥത്തില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്ന് പറയാം എന്നും ആഗോളതലത്തില്‍ സങ്കീര്‍ണമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ നിലനിന്നിട്ടും ഇന്ത്യയിലെ ഇന്ധനവില സ്ഥിരതയോടെ നിലനിര്‍ത്താന്‍ കഴിഞ്ഞത് മികച്ച ആസൂത്രണത്തിന്റെ ഫലമായാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഐക്യരാഷ്ട്ര സഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ വളരെ കുറഞ്ഞ തോതില്‍ മാത്രം ഇന്ധന വില വര്‍ധനവ് രേഖപ്പെടുത്തിയ രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. ഈ പട്ടികയില്‍ ജപ്പാന്‍ മാത്രമാണ് ഇന്ത്യയേക്കാള്‍ കുറഞ്ഞ വര്‍ധനവോടെ ഒന്നാം സ്ഥാനത്തുള്ളത്. ലോകമെമ്പാടും പണപ്പെരുപ്പവും ഊര്‍ജ്ജ പ്രതിസന്ധിയും രൂക്ഷമായപ്പോഴും രാജ്യത്തെ സാധാരണക്കാരുടെ പോക്കറ്റ് ചോരാതെ കാക്കാന്‍ ഈ നയങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് മന്ത്രി അവകാശപ്പെട്ടു.മിഡില്‍ ഈസ്റ്റിലെ ഹോര്‍മൂസ് കടലിടുക്കില്‍ ഉണ്ടായ വന്‍ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് ആഗോള വിതരണ ശൃംഖല തടസ്സപ്പെട്ടിരുന്നു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് പ്രതിദിനം ഏകദേശം 1000 കോടി രൂപയുടെ ഭീമമായ നഷ്ടമാണ് നേരിടേണ്ടി വന്നത്. എന്നാല്‍ ഈ കനത്ത സാമ്പത്തിക ബാധ്യത ഒട്ടും തന്നെ ഉപഭോക്താക്കളിലേക്ക് കൈമാറാതെ സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയായിരുന്നു എന്ന് സര്‍ക്കാര്‍ പറഞ്ഞു.രാജ്യത്ത് ഇന്ധനവില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന സൂചനയും കേന്ദ്ര മന്ത്രി പങ്കുവെച്ചു. എണ്ണക്കമ്പനികള്‍ മുമ്പ് ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ എണ്ണയുടെ മുന്‍കൂര്‍ ശേഖരം നിലവില്‍ കൈവശം വെച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോള്‍ ലഭ്യമായ കുറഞ്ഞ നിരക്കിലുള്ള പുതിയ ക്രൂഡ് ഓയില്‍ സ്റ്റോക്ക് ഈ എണ്ണ ശുദ്ധീകരണശാലകളില്‍ എത്തുന്നതോടെ രാജ്യത്തെ പൊതു വിപണിയിലും അതിന്റെ പ്രതിഫലനം ഉണ്ടാകും. ഇതോടെ വരും മാസങ്ങളില്‍ പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ വീണ്ടും ഇളവ് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group