Home കർണാടക അശാസ്ത്രീയമായ രീതിയില്‍ സംഭരിച്ച ചിക്കൻ, ലേബലിംഗില്‍ ഗുരുതര പിഴവുകള്‍: സൊമാറ്റോയുടെ വിതരണ കേന്ദ്രത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നോട്ടീസ്

അശാസ്ത്രീയമായ രീതിയില്‍ സംഭരിച്ച ചിക്കൻ, ലേബലിംഗില്‍ ഗുരുതര പിഴവുകള്‍: സൊമാറ്റോയുടെ വിതരണ കേന്ദ്രത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നോട്ടീസ്

by ടാർസ്യുസ്

ബംഗളൂരു: ബാനർഘട്ട റോഡിലുള്ള സൊമാറ്റോ വിതരണ കേന്ദ്രത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ സ്ഥാപനത്തിന് നോട്ടീസ് അയച്ച്‌ കർണാടക ഭക്ഷ്യസുരക്ഷാ-ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വകുപ്പ്.ലേബലിംഗിലെ അപാകതകള്‍, ലൈസൻസ് ചട്ടങ്ങളുടെ ലംഘനം, അശാസ്ത്രീയമായ സംഭരണ രീതികള്‍ എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരുടെ നടപടി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്‌ട് (2006) പ്രകാരമായിരുന്നു പരിശോധന.സകലാ വാരയിലുള്ള ഈ വെയർഹൗസ് പരിസരം വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടായിരുന്നെങ്കിലും, ഇവിടെ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളില്‍ ഗുരുതരമായ നിയമലംഘനങ്ങളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

നിർമ്മാതാവിന്റെ എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നമ്പർ ഇല്ലാത്ത 146 കിലോ ചിക്കൻ വെയർഹൗസില്‍ നിന്ന് പിടിച്ചെടുത്തു. കൂടാതെ, ലൈസൻസ് കാലാവധി കഴിഞ്ഞ നിർമ്മാതാവില്‍ നിന്ന് ശേഖരിച്ച 40 കിലോ വെളുത്തുള്ളിയും ഇവിടെ ഉണ്ടായിരുന്നു.പാക്ക് ചെയ്ത 300 കിലോ അരി, 20 കിലോ ഉണക്കമുന്തിരി ഉള്‍പ്പെടെയുള്ള ഡ്രൈ ഫ്രൂട്ട്സ്, 15 കിലോ മസാലപ്പൊടി എന്നിവയുടെ ലേബലിംഗിലും ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. തണുപ്പിച്ചു സൂക്ഷിക്കേണ്ടിയിരുന്ന 10 കിലോ ഇറക്കുമതി ചെയ്ത മുള്ളങ്കി അച്ചാർ സാധാരണ ഊഷ്മാവില്‍ സൂക്ഷിച്ചതായും അധികൃതർ കണ്ടെത്തി.

തുടർന്ന് കൂടുതല്‍ ലാബ് പരിശോധനകള്‍ക്കായി ഇവിടെ നിന്നും 5 ലീഗല്‍ സാമ്പിളുകളും 35 സർവേ സാമ്പിളുകളും ഉള്‍പ്പെടെ ആകെ 40 സാമ്പിളുകള്‍ ഉദ്യോഗസ്ഥർ ശേഖരിച്ചു.നിയമലംഘനങ്ങള്‍ കണ്ടെത്തിയ യൂണിറ്റിന് നോട്ടീസ് നല്‍കിയതായും വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അശാസ്ത്രീയമായ മാലിന്യ നിക്ഷേപവും ശുചിത്വമില്ലായ്മയും കണ്ടെത്തിയതിനെ തുടർന്ന് ബംഗളൂരുവിലെ സെപ്റ്റോയുടെ ഗോഡൗണ്‍ അധികൃതർ പൂട്ടിച്ച്‌ സീല്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൊമാറ്റോയ്ക്ക് നേരെയും നടപടിയുണ്ടാകുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group