ന്യൂഡല്‍ഹി: ട്രെയിനുകളില്‍ സ്‌ത്രീകള്‍ക്ക് മാത്രമായുള്ള കോച്ചുകളില്‍ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് കനത്ത പിഴ ചുമത്താനൊരുങ്ങി ഇന്ത്യൻ റെയില്‍വേ.ഇത്തരക്കാരില്‍ നിന്ന് ജൂലായ് ഒന്ന് മുതല്‍ 2,500 രൂപ തല്‍ക്ഷണം പിഴ ഈടാക്കും. വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രെയിനുകളിലെ അനധികൃത പ്രവേശനം തടയുന്നതിനുമായാണ് റെയില്‍വേ കടുത്ത തീരുമാനമെടുത്തിരിക്കുന്നത്.പുതുക്കിയ മാർഗനിർദേശങ്ങള്‍ പ്രകാരം പിഴ ഈടാക്കുക മാത്രമല്ല, നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ 1989ലെ റെയില്‍വേ ആക്‌ട് പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
നിയമലംഘകരെ നിർദിഷ്‌ട കാലയളവിലേക്ക് ട്രെയിൻ യാത്രകളില്‍ നിന്ന് വിലക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ജൂണ്‍ 20 മുതല്‍ പ്രാബല്യത്തില്‍ വന്ന ജൻ വിശ്വാസ് ആക്‌ട്, 2026 പ്രകാരമാണ് റെയില്‍വേ ആക്‌ടിലെ സെക്ഷൻ 162ന് കീഴിലെ കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴത്തുക 500ല്‍ നിന്ന് 2500 രൂപയായി ഉയർത്തിയത്.രാത്രിയിലും തിരക്കേറിയ സമയങ്ങളിലും ലേഡീസ് കോച്ചുകളില്‍ ആർപിഎഫും ടിടിഇയും കർശന പരിശോധന നടത്തും. ദീർഘദൂര ട്രെയിനുകളില്‍ വനിതാ കോച്ചുകള്‍ക്ക് പ്രത്യേക മുൻഗണന നല്‍കും. പുതിയ നിയമത്തെക്കുറിച്ച് യാത്രക്കാരെ ബോധവല്‍ക്കരിക്കുന്നതിനായി സ്റ്റേഷനുകളിലും ട്രെയിനുകളിലും പ്രത്യേക അറിയിപ്പുകള്‍ നല്‍കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.