Home കർണാടക ബെംഗളൂരുവിലെ പാര്‍ക്കിംഗ് രീതികളില്‍ വൻ മാറ്റം വരുന്നു; സ്വകാര്യ ഭൂമികള്‍ കൂടി ഉപയോഗിക്കാൻ നീക്കം

ബെംഗളൂരുവിലെ പാര്‍ക്കിംഗ് രീതികളില്‍ വൻ മാറ്റം വരുന്നു; സ്വകാര്യ ഭൂമികള്‍ കൂടി ഉപയോഗിക്കാൻ നീക്കം

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തിലെ റോഡുകളിലെ അനിയന്ത്രിതമായ പാർക്കിംഗ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ പുതിയ വഴികള്‍ തേടി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകള്‍.വർധിച്ചുവരുന്ന പാർക്കിംഗ് ആവശ്യകത നിറവേറ്റുന്നതിനായി സ്വകാര്യ ഭൂമിയുടമകളെ പ്രോത്സാഹിപ്പിച്ച്‌ കൂടുതല്‍ പാർക്കിംഗ് സ്ഥലങ്ങള്‍ ഒരുക്കാനാണ് പുതിയ പദ്ധതി.ഇതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പാർക്കിംഗ് നയത്തില്‍ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ കരട് തയ്യാറാക്കിയിട്ടുണ്ട്. സർക്കാർ അനുമതി ലഭിച്ചാല്‍ ഇത് നടപ്പാക്കും. തിരക്കേറിയ റോഡുകള്‍ക്കും പ്രധാന വ്യാപാര കേന്ദ്രങ്ങള്‍ക്കും സമീപമുള്ള സ്വകാര്യ സ്ഥലങ്ങള്‍ ഏറ്റെടുക്കുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്‌ത പൊതുപാർക്കിംഗ് സൗകര്യം ഒരുക്കുക എന്നതാണ് കരടിലെ പ്രധാന നിർദേശങ്ങളിലൊന്ന്.

‘നിലവില്‍ പാർക്കിംഗ് ആവശ്യവും ലഭ്യതയും തമ്മില്‍ വലിയ അന്തരമുണ്ട്. അതിനാല്‍ സ്വകാര്യ ഭൂമിയുടമകള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കി കൂടുതല്‍ പാർക്കിംഗ് സൗകര്യം ഒരുക്കുക എന്നതാണ് ആദ്യ ലക്ഷ്യം’ ജിബിഎ ചീഫ് കമ്മിഷണർ മഹേശ്വർ റാവു പറയുന്നു. ഇതിനായി വിവിധ നഗരസഭകള്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.സാധ്യമായിടത്ത് എല്ലാം ട്രാൻസ്‌ഫറബിള്‍ ഡെവലപ്‌മെന്റ് റൈറ്റ്സ് (ടിഡിആർ) സംവിധാനം ഉപയോഗിച്ച്‌ ഭൂമി ഏറ്റെടുക്കും. മറ്റ് സാഹചര്യങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്ത് പാർക്കിംഗ് ഫീസ് വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച്‌ പാട്ടത്തുക നല്‍കുന്ന രീതിയും പരിഗണിക്കുന്നുണ്ട്. ഇത് ഭൂവുടമകള്‍ക്കും സാമ്പത്തികമായി നേട്ടം നല്‍കുന്ന ഒന്നാണ്.ബെംഗളൂരു വെസ്‌റ്റ് സിറ്റി കോർപ്പറേഷന്റെ പരിധിയിലെ മല്ലേശ്വരം 18-ാം ക്രോസിന് സമീപം കോടതിയിലെ വ്യവഹാരത്തില്‍ ഉള്‍പ്പെട്ടതും നിലവില്‍ ഉപയോഗിക്കപ്പെടാത്തതുമായ ഒരു സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. കേസ് തീരുന്നതുവരെ പൊതുപ്രയോജനത്തിനായി ഈ സ്ഥലം പാർക്കിംഗായി ഉപയോഗിക്കാൻ കോടതിയെ സമീപിക്കാനാണ് നഗരസഭയുടെ തീരുമാനം.പിന്നീട് കേസില്‍ വിജയിക്കുന്ന വ്യക്തിക്ക് നഷ്‌ടപരിഹാരമോ ടിഡിആറോ നല്‍കുമെന്നും ബെംഗളൂരു വെസ്‌റ്റ് സിറ്റി കോർപ്പറേഷൻ കമ്മിഷണർ അറിയിച്ചു.

കൂടാതെ ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷനും സർക്കാർ ഉടമസ്ഥതയിലോ സ്വകാര്യ ഉടമസ്ഥതയിലോ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.സ്ഥലങ്ങള്‍ കണ്ടെത്തിയ ശേഷം ഉടമകളുമായി ചർച്ച നടത്തി പാർക്കിംഗ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് കമ്മിഷണർ കെ.എൻ. രമേഷ് അറിയിച്ചു.സ്വന്തമായി പാർക്കിംഗ് സൗകര്യം ഒരുക്കാൻ തയ്യാറാകുന്ന സ്വകാര്യ ഭൂമിയുടമകള്‍ക്കും വിവിധ പ്രോത്സാഹനങ്ങള്‍ നല്‍കും.കൂടാതെ ഫ്ലൈഓവറുകള്‍ക്ക് താഴെയുള്ള ഉപയോഗിക്കാത്ത സർക്കാർ സ്ഥലങ്ങളും മറ്റ് തുറസായ ഇടങ്ങളും പാർക്കിംഗ് കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സാധ്യതയും നഗരസഭകള്‍ പരിശോധിച്ചു വരികയാണ്.

ബെംഗളൂരു ട്രാഫിക് പോലീസും അഞ്ച് നഗരസഭകളും ചേർന്ന് നഗരത്തിലെ പല റോഡുകളിലും ഓണ്‍-സ്ട്രീറ്റ് പാർക്കിംഗിനും പണമടച്ച്‌ പാർക്ക് ചെയ്യുന്ന സംവിധാനത്തിനും കർശന നിയന്ത്രണങ്ങള്‍ നടപ്പാക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങള്‍.നിലവിലെ സാഹചര്യത്തില്‍ നഗരത്തിലെ നിരവധി റോഡുകള്‍ അധികം വീതി ഉള്ള ഇടങ്ങള്‍ അല്ലാത്തതിനാല്‍ എല്ലാ സ്ഥലങ്ങളിലും റോഡരികില്‍ പണമടച്ച്‌ പാർക്ക് ചെയ്യാനുള്ള സംവിധാനം നടപ്പാക്കാൻ കഴിയില്ല. അതിനാല്‍ കൂടുതല്‍ ഓഫ്-സ്ട്രീറ്റ് പാർക്കിംഗ് സൗകര്യങ്ങള്‍ സൃഷ്‌ടിക്കേണ്ടത് അനിവാര്യമാണെന്നാണ് ജിബിഎയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. ഇതിന്റെ ഭാഗമാണ് പുതിയ വഴികള്‍ തേടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group