Home തിരഞ്ഞെടുത്ത വാർത്തകൾ മലേഷ്യൻ ജയിലില്‍ 8 വര്‍ഷമായി മലയാളി യുവാക്കള്‍; രക്ഷിക്കണമെന്ന് ശബ്ദസന്ദേശവുമായി തടവുകാര്‍

മലേഷ്യൻ ജയിലില്‍ 8 വര്‍ഷമായി മലയാളി യുവാക്കള്‍; രക്ഷിക്കണമെന്ന് ശബ്ദസന്ദേശവുമായി തടവുകാര്‍

by ടാർസ്യുസ്

കൊല്ലം: ജോലി വാഗ്ദാനം നല്‍കി ലഹരി കടത്ത് സംഘത്തിന്റെ കെണിയില്‍ അകപ്പെട്ട് എട്ടു വർഷമായി മലേഷ്യൻ ജയിലില്‍ കഴിയുന്ന മൂന്ന് മലയാളി യുവാക്കള്‍ രക്ഷിക്കണമെന്ന് അഭ്യർഥിച്ച്‌ രംഗത്ത്.കൊല്ലം പേരയം സ്വദേശികളായ ഉമറുല്‍ ഫാറൂഖ്, സിയാദ്, സബീർ എന്നിവരാണ് മലേഷ്യൻ ജയിലില്‍ കഴിയുന്നത്. ഇവരില്‍ ഉമറുല്‍ ഫാറൂഖ് കുടുംബാംഗങ്ങള്‍ക്ക് അയച്ച ശബ്ദസന്ദേശം മീഡിയവണിന് ലഭിച്ചു.ശബ്ദരേഖയില്‍ തങ്ങള്‍ നിരപരാധികളാണെന്നും ജോലി വാഗ്ദാനം വിശ്വസിച്ച്‌ ചതിയില്‍ പെട്ടതാണെന്നും ഉമറുല്‍ ഫാറൂഖ് പറയുന്നു. ജയിലിനുള്ളില്‍ നിരവധി ഭീഷണികളും മർദന ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും ജീവൻ ഭയന്നാണ് പല കാര്യങ്ങളും ഇതുവരെ തുറന്നു പറയാൻ കഴിയാതിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.2018-ലാണ് ബന്ധുവഴി മലേഷ്യയിലെ ഒരു കെമിക്കല്‍ ഫാക്ടറിയില്‍ ജോലി വാഗ്ദാനം ലഭിച്ചത്.

ടിക്കറ്റും വിസയും സൗജന്യമായി നല്‍കിയതിനെ തുടർന്ന് മലേഷ്യയിലെത്തിയ യുവാക്കള്‍ ആദ്യ രണ്ട് മാസം ജോലി ചെയ്ത ശേഷമാണ് അത് കെമിക്കല്‍ ഫാക്ടറിയല്ല, ലഹരി ഉല്‍പാദന കേന്ദ്രമാണെന്ന് തിരിച്ചറിഞ്ഞതെന്ന് കുടുംബം പറയുന്നു. തുടർന്ന് ഇവരെ മുറിയില്‍ പൂട്ടിയിടുകയും പിന്നീട് മലേഷ്യൻ പോലീസിന്റെ പിടിയിലാക്കുകയുമായിരുന്നുവെന്നാണ് ആരോപണം.തങ്ങള്‍ നിരപരാധികളാണെന്ന് മനസ്സിലാക്കിയ ജയിലിനുള്ളിലെ ചില ഇന്ത്യൻ പൗരന്മാരുടെ സഹായത്തോടെ അഭിഭാഷകനെ ഏർപ്പെടുത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. 2022-ല്‍ ഇന്ത്യൻ എംബസിക്കും മറ്റ് അധികൃതർക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ ആരും അന്വേഷണം നടത്തിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ലക്ഷ്യമിട്ട് വിദേശ ജോലി വാഗ്ദാനം നല്‍കി ലഹരി മാഫിയ കുടുക്കുകയാണെന്നും, നിരപരാധികളായ തങ്ങളെ മലേഷ്യൻ ജയിലില്‍ നിന്ന് മോചിപ്പിച്ച്‌ ജീവിതം തിരിച്ചുനല്‍കണമെന്നുമാണ് യുവാക്കളുടെ അഭ്യർഥന.ആദ്യഘട്ടത്തില്‍ നിയമസഹായത്തിനായി കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടെങ്കിലും ജീവന് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് കുടുംബം പിൻവാങ്ങിയിരുന്നു. പിന്നീട് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ കുടുംബം ഇന്ത്യൻ എംബസിയെയും സമീപിച്ചെങ്കിലും ലഹരിക്കേസുമായി ബന്ധപ്പെട്ടതിനാല്‍ ഇടപെടാനാകില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനിടെ കേരള മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവർക്കും രണ്ടാഴ്ച മുമ്പ് പരാതി നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group