ബെംഗളൂരു: യാത്രക്കാരുടെ എണ്ണം കുറവായിരിക്കും എന്ന കാരണം ചൂണ്ടിക്കാട്ടി നമ്മ മെട്രോ ഘട്ടം 3എ റെഡ് ലൈൻ പദ്ധതിയില്‍ നിന്ന് വെറ്ററിനറി കോളേജ് മെട്രോ സ്‌റ്റേഷൻ ഒഴിവാക്കാനുള്ള ബിഎംആർസിയുടെ തീരുമാനത്തില്‍ വിമർശനം ശക്തമാവുന്നു.സ്ഥാപനത്തിന്റെ തന്നെ ഡിപിആറിലെ കണക്കുകള്‍ക്ക് വിരുദ്ധമാണ് തീരുമാനമെന്നാണ് വിമർശനം . ഡിപിആർ പ്രകാരം ഈ സ്‌റ്റേഷനില്‍ പ്രതിദിനം 18,303 പേർ യാത്ര ആരംഭിക്കുമെന്നാണ് കണക്കാക്കുന്നത്.ഇതിന് പിന്നാലെയാണ് വിമർശനം. ഈ തീരുമാനം എതിർത്ത് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ രംഗത്തെത്തിയിരുന്നു. യാത്രക്കാരുടെ താത്പര്യങ്ങള്‍ അവഗണിച്ച് നിർദ്ദിഷ്‌ട ഷോർട്ട് ടണല്‍ റോഡ് പദ്ധതിക്ക് വഴിയൊരുക്കാനാണ് സർക്കാരിന്റെ ഈ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു.
യാത്രക്കാരുടെ എണ്ണം കുറവായിരിക്കുമെന്നതിനാലാണ് സ്‌റ്റേഷൻ ഒഴിവാക്കിയതെന്ന ബിഎംആർസിയുടെ വിശദീകരണത്തെ തേജസ്വി സൂര്യ ചോദ്യം ചെയ്‌തു.2031-ഓടെ ഈ സ്‌റ്റേഷനില്‍ പ്രതിദിനം 18,303 പേർ യാത്ര ആരംഭിക്കുമെന്ന് ഡിപിആറില്‍ പറയുമ്പോള്‍ ഇത് റെഡ് ലൈൻ ആരംഭിക്കുന്ന സർജാപുര സ്‌റ്റേഷൻ ഉള്‍പ്പെടെ മറ്റ് പല സ്‌റ്റേഷനുകളേക്കാളും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണമില്ലാത്തതും യുക്തിരഹിതവുമായ തീരുമാനമാണിതെന്നാണ് തേജസ്വി സൂര്യ പറഞ്ഞു.വെറ്ററിനറി കോളേജ് സ്‌റ്റേഷൻ ആദ്യം ഭൂഗർഭ സ്‌റ്റേഷനായി പദ്ധതിയിട്ടിരുന്നുവെന്നും, പിന്നീട് അത് എലിവേറ്റഡ് സ്‌റ്റേഷനാക്കി പുനർരൂപകല്‍പ്പന ചെയ്‌ത ശേഷം ഇപ്പോള്‍ പൂർണമായും ഒഴിവാക്കിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടണല്‍ റോഡ് പദ്ധതിക്ക് വഴിയൊരുക്കാനാണ് ഈ മാറ്റങ്ങളെല്ലാം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.റെഡ് ലൈൻ പദ്ധതിയേയും ടണല്‍ റോഡ് പദ്ധതിയേയും തേജസ്വി സൂര്യ താരതമ്യം ചെയ്യുകയും ചെയ്‌തു. 2033-ഓടെ റെഡ് ലൈനില്‍ ഒരു ദിശയില്‍ ഒരു മണിക്കൂറില്‍ 24,000 യാത്രക്കാരും, പ്രതിദിനം എട്ട് ലക്ഷത്തിലധികം ആളുകളും യാത്ര ചെയ്യുമെന്നാണ് ഡിപിആറില്‍ കണക്കാക്കുന്നത്.
ഇതിന് വിപരീതമായി, കാർ ടണല്‍ റോഡിലൂടെ ഒരു ദിശയില്‍ ഏകദേശം 6500 വാഹനങ്ങള്‍ മാത്രമേ സഞ്ചരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.ടണല്‍ റോഡ് പദ്ധതിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം കാരണം ഘട്ടം 3എ പദ്ധതിക്ക് ഏകദേശം രണ്ട് വർഷത്തെ കാലതാമസം നേരിട്ടതായും, അതുമൂലം പദ്ധതിച്ചെലവ് വർധിച്ചതായും തേജസ്വി യാദവ് എംപി ആരോപിച്ചു. ഈ കാലതാമസത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുപകരം, ഇപ്പോള്‍ അതുതന്നെ സ്‌റ്റേഷൻ ഒഴിവാക്കാനുള്ള കാരണമായി ബിഎംആർസി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ബെംഗളൂരുവിലെ ആളുകളില്‍ ഭൂരിഭാഗവും മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളെയാണ് പ്രയോജനപ്പെടുത്തുന്നത്. മെട്രോയുടെ വികസനത്തെ വലിയ രീതിയില്‍ ആളുകള്‍ നോക്കി കാണുന്നതും അതുകൊണ്ടാണ്. എന്നാല്‍ തുരങ്കപാത ഉള്‍പ്പെടെയുള്ള വൻകിട പദ്ധതികളില്‍ നേരത്തെ തന്നെ ഒരുവിഭാഗം എതിർപ്പ് അറിയിച്ചിരുന്നു. പാരിസ്ഥിതിക വിഷയങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് ഈ വിമർശനം. അതിന് പിന്നാലെയാണ് ഈ വിവാദവും ഉണ്ടായിരിക്കുന്നത്.