ബെംഗളൂരു: നഗരത്തിലെ തെരുവ് വിളക്കുകള്‍ എല്‍ഇഡി സംവിധാനത്തിലേക്ക് മാറ്റുന്ന പദ്ധതി പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി, ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ (ബിഎൻസിസി) പരിധിയില്‍ 68,907 എല്‍ഇഡി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു.ഇത് കോർപ്പറേഷൻ പരിധിയിലെ ആകെ തെരുവ് വിളക്കുകളുടെ 86 ശതമാനത്തോളം വരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.നഗരത്തെ കൂടുതല്‍ സുരക്ഷിതവും സ്‌മാർട്ടും പരിസ്ഥിതി സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ കീഴില്‍ ഈ പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ബിഎൻസിസി പരിധിയില്‍ ആകെ 1,24,325 തെരുവ് വിളക്കുകളുണ്ട്. ഇതില്‍ 59,693 എല്‍ഇഡി വിളക്കുകളും 64,632 പഴയ രീതിയിലുള്ള തെരുവ് വിളക്കുകളുമാണ് ഉണ്ടായിരുന്നത്.
കൂടാതെ ഒഴിവുണ്ടായിരുന്ന 14,576 പോളുകളിലും പുതിയ എല്‍ഇഡി വിളക്കുകള്‍ സ്ഥാപിച്ചതോടെ ആകെ 68,907 എല്‍ഇഡി തെരുവ് വിളക്കുകള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടു. ബാക്കിയുള്ള ജോലികള്‍ വേഗത്തില്‍ പൂർത്തിയാക്കുന്നുണ്ട്. തെരുവ് വിളക്കുകള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി സിസിഎംഎസ് (സെൻട്രലൈസ്‌ഡ് കണ്‍ട്രോള്‍ ആൻഡ് മോണിറ്ററിംഗ് സിസ്‌റ്റം) സ്വിച്ചുകള്‍ സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്.’സർക്കാർ അനുമതിയോടെ പിപിപി മാതൃകയില്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി യെലഹങ്ക, ബ്യാതരായനപുര, പുലകേശിനഗർ, ഹെബ്ബാള്‍, സർവജ്ഞനഗർ, ദസറഹള്ളി മേഖലയിലെ അഞ്ച് വാർഡുകള്‍, രാജരാജേശ്വരി നഗറിലെ മൂന്ന് വാർഡുകള്‍ എന്നിവിടങ്ങളില്‍ എല്‍ഇഡി തെരുവ് വിളക്കുകളുടെ സ്ഥാപനം 86 ശതമാനം പൂർത്തിയായി. ബാക്കിയുള്ള സ്ഥലങ്ങളിലെ ജോലികള്‍ തുടരുകയാണ്’ എന്നാണ് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചത്.അതേസമയം, വെളിച്ചക്കുറവ് അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ, പൊതുജനങ്ങളുടെ പരാതികളും സ്ഥലപരിശോധനയും അടിസ്ഥാനമാക്കി പുതിയ തെരുവ് വിളക്ക് കാലുകള്‍, ഭൂഗർഭ കേബിളുകള്‍, എറിയല്‍ ബഞ്ച്ഡ് (എബി) കേബിളുകള്‍ എന്നിവ സ്ഥാപിക്കാൻ കോർപ്പറേഷൻ പദ്ധതിയിട്ടിട്ടുണ്ട്.
യെലഹങ്ക, ബ്യാതരായനപുര മണ്ഡലങ്ങളില്‍ 1,313 പുതിയ തെരുവ് വിളക്ക് കാലുകളും 63.6 കിലോമീറ്റർ നീളമുള്ള കേബിള്‍ ശൃംഖലയും സ്ഥാപിക്കാനാണ് ബിഎൻസിസി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ഏകദേശം 5.5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഹെബ്ബാള്‍, പുലികേശിനഗർ, സർവജ്ഞനഗർ മണ്ഡലങ്ങളില്‍ 1601 പുതിയ കാലുകളും 46.6 കിലോമീറ്റർ നീളമുള്ള കേബിള്‍ ശൃംഖലയും സ്ഥാപിക്കും. ഇതിനായി 3.1 കോടിയിലധികം രൂപ ചെലവഴിക്കും.തെരുവ് വിളക്കുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടെങ്കില്‍, അതത് പ്രദേശങ്ങളുടെ ചുമതലയുള്ള ഏജൻസികളെയും മാനേജർമാരെയും പൗരന്മാർക്ക് നേരിട്ട് ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.