Home കർണാടക ബെംഗളൂരു എംജി റോഡിനെയും ഫ്രേസര്‍ ടൗണിനെയും ബന്ധിപ്പിക്കുന്ന പാത അടച്ചിട്ട് ഒരു മാസം; യാത്രക്കാര്‍ ദുരിതത്തില്‍

ബെംഗളൂരു എംജി റോഡിനെയും ഫ്രേസര്‍ ടൗണിനെയും ബന്ധിപ്പിക്കുന്ന പാത അടച്ചിട്ട് ഒരു മാസം; യാത്രക്കാര്‍ ദുരിതത്തില്‍

by ടാർസ്യുസ്

ബെംഗളൂരു: എംജി റോഡിനെയും ഫ്രേസർ ടൗണിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ഒരു മാസമായി അടച്ചിട്ടതോടെ കൊമേഴ്സ്യല്‍ സ്ട്രീറ്റിന് ചുറ്റുമുള്ള യാത്രയില്‍ ദുരിതം അനുഭവിക്കുകയാണ് യാത്രക്കാരും പ്രദേശവാസികളും സ്ഥലത്തെ കച്ചവടക്കാരും.മഴവെള്ളം ഒഴുക്കാനുള്ള ഓടയുടെയും പൈപ്പ് ജോലികളുടെയും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ നിലവില്‍ സമീപത്തുള്ള ഇടുങ്ങിയ ഉള്‍റോഡുകളിലൂടെ കടന്നുപോകേണ്ടി വരുന്ന സാഹചര്യമാണ്.ഇതുമൂലം തിരക്കേറിയ സമയങ്ങളില്‍ വലിയ ഗതാഗതക്കുരുക്കാണ് മേഖലയില്‍ അനുഭവപ്പെടുന്നത്. എംജി റോഡിനെയും ഫ്രേസർ ടൗണിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് അടച്ചതിനാല്‍ വാഹനങ്ങള്‍ വീരപിള്ളൈ സ്ട്രീറ്റ്, സെൻട്രല്‍ സ്ട്രീറ്റ്, ഡിസ്പെൻസറി റോഡ്, ഇബ്രാഹിം സാഹിബ് സ്ട്രീറ്റ്, ഡിക്കൻസണ്‍ റോഡ് എന്നിവ വഴിയാണ് നിലവില്‍ പോകുന്നത്.

ഇതാണ് മേഖലയില്‍ ഒന്നാകെ ഗതാഗത കുരുക്ക് രൂക്ഷമാകാൻ കാരണമായിരിക്കുന്നത്. മുമ്പ് വെറും അഞ്ച് മിനിറ്റില്‍ എത്തിച്ചേരാനായിരുന്ന സ്ഥലത്തേക്ക് ഇപ്പോള്‍ കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെ എടുക്കുന്നുണ്ടെന്നാണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്. ഉള്‍റോഡുകളില്‍ വാഹനങ്ങളുടെ തിരക്ക് വർധിച്ചതോടെ ഇവിടുത്തെ സാധാരണക്കാരുടെ യാത്രയും അവതാളത്തിലായിരിക്കുകയാണ്.പൈപ്പ് കണക്ഷൻ ജോലികള്‍ക്കായി ഒരു മാസം മുമ്പാണ് അധികൃതർ റോഡ് അടച്ചത്. എന്നാല്‍ ഇതുവരെ ജോലികള്‍ വളരെ മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത്. മണ്‍സൂണ്‍ ആരംഭിച്ചിട്ടും ബെംഗളൂരുവില്‍ മഴ ശക്തിപ്രാപിച്ചിട്ടും ജോലികള്‍ പെട്ടെന്ന് തീർക്കാതെ ഇഴഞ്ഞു നീങ്ങുന്നത് വലിയ രീതിയില്‍ എതിർപ്പിന് കാരണമാവുന്നുണ്ട്. എന്നാല്‍ അധികാരികള്‍ ഇതുവരെയും കണ്ണ് തുറന്നിട്ടില്ലെന്നാണ് യാത്രക്കാർ ഉയർത്തുന്ന ആക്ഷേപം.’റോഡ് കുഴിച്ചിട്ട് ഒരു മാസമായി. ഇനി ജോലികള്‍ പൂർത്തിയാക്കാൻ ഒരു മാസം കൂടി വേണ്ടിവരുമെന്നാണ് ബിഡബ്ള്യുഎസ്‌എസ്ബി പറയുന്നത്. ഇതുവരെ പകുതി ജോലി പോലും തീർന്നിട്ടില്ല. തൊഴിലാളികള്‍ ഒരു ദിവസം ജോലി ചെയ്‌താല്‍ രണ്ട് ദിവസം അവധിയെടുക്കുന്ന അവസ്ഥയാണ്.

റോഡ് മുഴുവൻ കുഴിച്ച്‌ മണ്ണ് കടകളുടെ മുന്നില്‍ കൂട്ടിയിട്ടിരിക്കുകയാണ്. വലിയ പൈപ്പും ഇവിടെ വെച്ചിട്ടുണ്ട്. ഇത് എല്ലാവർക്കും ബുദ്ധിമുട്ടാണ്’ ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയെ ഉദ്ധരിച്ചുകൊണ്ട് ഡെക്കാൻ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നു.ജോലിക്കിടെ മഴവെള്ളം ഒഴുകിപ്പോകുന്ന ചാലും തൊഴിലാളികള്‍ തകർത്തതായി പ്രദേശവാസികള്‍ പറയുന്നു. അതിനാല്‍ മഴ പെയ്യുമ്പോള്‍ വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതെ പ്രദേശത്ത് വെള്ളക്കെട്ടും ചെളിയും രൂപപ്പെടുകയാണ്. മഴക്കാലത്ത് ഇത്തരമൊരു പ്രധാന ജോലി തുടങ്ങിയത് എന്തിനാണെന്നും നാട്ടുകാർ ചോദിക്കുന്നു. മഴ ശക്തമായതോടെ തുറന്നുകിടക്കുന്ന കുഴികള്‍ അപകടസാധ്യതയും വർധിപ്പിച്ചിട്ടുണ്ട്.നിരവധി ആളുകള്‍ യാത്രക്കായി ആശ്രയിക്കുന്ന റോഡില്‍ ഇത്തരമൊരു ജോലി കൃത്യമായ മുന്നൊരുക്കമില്ലാതെ നടത്തിയ അധികാരികളുടെ നടപടിയില്‍ വിമർശനം ശക്തമാണ്. ഗതാഗതം സുഗമമാക്കാൻ നഗരസഭയും ട്രാഫിക് പൊലീസും ചേർന്ന് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും, ജോലികള്‍ വേഗത്തില്‍ പൂർത്തിയാക്കി റോഡ് എത്രയും പെട്ടെന്ന് തുറക്കണമെന്നുമാണ് യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group