വാഷിങ്ടണ്‍: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ ‘ലോകത്തിലെ കപ്പലുകളേ, എൻജിനുകള്‍ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ’ എന്ന് യുഎസ് പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപിൻ്റെ ആഹ്വാനം.സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിൻ്റെ പ്രതികരണം. ഇറാനും യുഎസും തമ്മില്‍ സമാധാന കരാറില്‍ ധാരണയിലെത്തിയെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇക്കാര്യം ശരിവെച്ച് ട്രംപ് രംഗത്തെത്തിയത്.”ഇറാൻ ഇസ്‌ലാമിക് റിപ്പബ്ലിക്കുമായുള്ള കരാർ ഇപ്പോള്‍ പൂർത്തിയായിരിക്കുന്നു.
എല്ലാവർക്കും അഭിനന്ദനങ്ങള്‍. ഹോർമുസ് കടലിടുക്ക് ടോള്‍ ഇല്ലാതെ തുറന്നുകൊടുക്കാൻ ഞാൻ ഇതിനാല്‍ പൂർണ അധികാരം നല്‍കുന്നു, അതോടൊപ്പം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയുടെ ഉപരോധം ഉടനടി നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്യുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എൻജിനുകള്‍ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ. എണ്ണ പ്രവഹിക്കട്ടെ”- ട്രംപ് അറിയിച്ചു.ജൂണ്‍ 19ന് സ്വിറ്റസർലൻഡില്‍വെച്ച് സമാധാന കരാർ ഒപ്പിടുമെന്നാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ്റെ പ്രഖ്യാപനം. ലെബനൻ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക നടപടികള്‍ ഉടനടി അവസാനിപ്പിക്കുമെന്ന് ഇരുപക്ഷവും പ്രഖ്യാപിച്ചിട്ടുണ്ടെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.ഈ വർഷം ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ തുടങ്ങിയ സംഘർഷത്തില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്.
ഇതില്‍ ഏറെയും ഇറാനിലും ലെബനനിലുമാണ്. അടിക്ക് തിരിച്ചടിയെന്നോണം ഇസ്രായേലിനും ഗള്‍ഫ് മേഖലയിലെ യുഎസിൻ്റെ സൈനിക താവളങ്ങള്‍ക്കും നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിലും വ്യാപക നാശം സംഭവിച്ചു. ഇതിന് പിന്നാലെ, ആഗോളതലത്തില്‍ സമുദ്രമാർഗമുള്ള എണ്ണക്കടത്തിന്റെ ഏകദേശം 20-25 ശതമാനം നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ എണ്ണവിലയും കുതിച്ചു. തുടർന്ന് യുഎസ് നാവികസേന ഇറാൻ തുറമുഖങ്ങളില്‍ ഉപരോധം ഏർപ്പെടുത്തിയത് സാഹചര്യം കൂടുതല്‍ വഷളാക്കി.എണ്ണവിലയില്‍ ഇടിവ്ഇരുരാജ്യങ്ങളും സമാധാന കരാറില്‍ ധാരണയിലെത്തിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് ഓയിലില്‍ വിലയില്‍ നാല് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ബ്രൻ്റ് ക്രൂഡ് ഓയില്‍ വില 3.51 ഡോളർ കുറഞ്ഞ് ബാരലിന് 83.82 ഡോളറിലേക്ക് താഴ്ന്നു.