Home തിരഞ്ഞെടുത്ത വാർത്തകൾ പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

by ടാർസ്യുസ്

പാലക്കാട്: കരിമ്പുഴ പഞ്ചായത്തിൽഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ (62) ആണ് മരിച്ചത്. മൂന്ന് ദിവസം മുൻപാണ് ഇവർക്ക് പനി ബാധിച്ചത്. പിന്നീട് സമീപത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയായിരുന്നു. വീണ്ടും പനി കൂടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കു സ്ഥിരീകരിച്ചത്.വിദഗ്ദ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചിരുന്നെങ്കിലും അവർ അതിന് തയ്യാറായില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫാറൂഖ് കോളേജ് സ്വദേശിയായ 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രോഗവ്യാപനം തടയുന്നതിനായി സമ്പർക്കപ്പട്ടിക ശക്തമായി നിരീക്ഷിച്ചുവരികയാണ്.ഇന്നലെ പരിശോധനയ്ക്കായി അയച്ച സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട മൂന്ന് പേരുടെ ഫലം നെഗറ്റീവ് ആയതായി അധികൃതർ അറിയിച്ചു. നിലവിൽ 87 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇവരിൽ മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ആളുകൾ ഉൾപ്പെടുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഉറവിടം കണ്ടെത്തുന്നതിനായി കേന്ദ്ര ആരോഗ്യ സംഘവും സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതരും കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു. എന്നാൽ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group