Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു-കല്‍ബുര്‍ഹി വിമാന സര്‍വീസ് വീണ്ടും; ജൂണ്‍ 10 മുതല്‍ ദിവസേന പറക്കും, യാത്രക്കാര്‍ക്ക് ആശ്വാസം

ബെംഗളൂരു-കല്‍ബുര്‍ഹി വിമാന സര്‍വീസ് വീണ്ടും; ജൂണ്‍ 10 മുതല്‍ ദിവസേന പറക്കും, യാത്രക്കാര്‍ക്ക് ആശ്വാസം

എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം കല്‍ബുർഗി-ബെംഗളൂരു വിമാന സർവീസ് വീണ്ടും ആരംഭിക്കുന്നു. ജൂണ്‍ 10 മുതല്‍ സർവീസ് പുനരാരംഭിക്കുമെന്ന് കല്‍ബുർഗി വിമാനത്താവള ഡയറക്ടർ കിഷോർ കിള്ളംപള്ളി അറിയിച്ചു.വിമാന സർവീസ് നടത്തുന്ന കമ്പനിക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക പിന്തുണ നല്‍കിയതോടെയാണ് സർവീസ് വീണ്ടും തുടങ്ങാനുള്ള തീരുമാനം കൈക്കൊണ്ടത്.വടക്കൻ കർണാടകയെയും സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പ്രധാന വ്യോമപാതയാണിത്. സ്റ്റാർ എയറാണ് റൂട്ടില്‍ സർവീസ് നടത്തുക. 76 സീറ്റുകളുള്ള എംബ്രയർ 175 (E175) വിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ദിവസേന സർവീസ് നടത്താനാണ് കമ്പനിയുടെ തീരുമാനം.പുതുക്കിയ സമയക്രമം അനുസരിച്ച്‌ വിമാനം രാവിലെ 6.30ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 7.40ന് കല്‍ബുർഗിയിലെത്തും.

30 മിനിറ്റത്തെ ഇടവേളയ്ക്കുശേഷം രാവിലെ 8.10ന് കല്‍ബുർഗിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് മടക്കയാത്ര നടത്തും. ബിസിനസ് ആവശ്യങ്ങള്‍ക്കും ഔദ്യോഗിക യാത്രകള്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്കുമായി യാത്ര ചെയ്യുന്നവർക്ക് ഈ സമയക്രമം ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍.2025 ഒക്ടോബർ 8 മുതലാണ് ഈ റൂട്ടിലെ വിമാന സർവീസ് നിർത്തിവെച്ചത്. സർവ്വീസ് അവസാനിച്ചതിന് ശേഷം വിമാനത്താവളത്തില്‍ ഹെലികോപ്റ്റർ സർവീസുകളും ചില ചാർട്ടേഡ് വിമാനങ്ങളും മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. സർവീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥർ വിമാനത്താവളത്തില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. സാങ്കേതിക സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തിയ ശേഷമാണ് വിമാന സർവീസുകള്‍ക്ക് അനുമതി നല്‍കിയത്.സർവീസ് നിർത്തിവച്ചിരുന്ന കാലയളവില്‍ വിമാനത്താവളത്തില്‍ വിവിധ വികസന പ്രവർത്തനങ്ങളും നടപ്പാക്കി. മൂന്ന് കിലോമീറ്റർ നീളമുള്ള റണ്‍വേ നവീകരിക്കുകയും വിമാനത്താവളത്തിലേക്കുള്ള ഒൻപത് കിലോമീറ്റർ ദൈർഘ്യമുള്ള ആക്സസ് റോഡ് വികസിപ്പിക്കുകയും ചെയ്തു.

റോഡുകളില്‍ പുതിയ തെരുവുവിളക്കുകള്‍ സ്ഥാപിച്ചതോടെ യാത്രക്കാരുടെ സുരക്ഷയും യാത്രാസൗകര്യവും മെച്ചപ്പെടുമെന്നാണ് അധികൃതർ പറയുന്നത്.വിമാന യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെകെആർടിസി) പ്രത്യേക ബസ് സർവീസും ഏർപ്പെടുത്തും. രാവിലെ 5.30ന് നഗരത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പ്രത്യേക ബസ് സർവീസ് നടത്തും. മടക്കയാത്രയ്ക്കായി രാവിലെ 8.15ന് വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേക്കും ബസ് സർവീസ് ലഭ്യമാക്കും.വിമാനത്താവളത്തില്‍ യാത്രക്കാർക്ക് കൂടുതല്‍ സൗഹൃദപരമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ടെർമിനലിനുള്ളില്‍ ‘ഫ്ലൈബ്രറി’ എന്ന പേരില്‍ ഒരു ലൈബ്രറി ആരംഭിക്കാനും പദ്ധതിയുണ്ട്.

യാത്രക്കാർക്കിടയില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം.കല്‍ബുർഗി വിമാനത്താവളത്തിന്റെ വളർച്ച വ്യക്തമാക്കുന്ന കണക്കുകളും ശ്രദ്ധേയമാണ്. 2020 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഈ റൂട്ടില്‍ മാത്രം 5,792 വിമാന സർവീസുകളാണ് നടത്തിയത്. ഇതിലൂടെ 2.83 ലക്ഷത്തിലധികം യാത്രക്കാർ യാത്ര ചെയ്തു. യാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തില്‍ മുംബൈ, ഡല്‍ഹി, തിരുപ്പതി, ഗോവ തുടങ്ങിയ നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകള്‍ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group