ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.തനിക്ക് ലഭിച്ച പടുകൂറ്റൻ ആപ്പിള്‍ മാലയില്‍ നിന്ന് ഒരെണ്ണം എടുത്ത് കടിക്കുകയും ബാക്കിയുള്ളവ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞു കൊടുക്കുന്നതുമാണ് വീഡിയോയിലുള്ളത്. കനകപുരയിലെ ഹൊരഹള്ളിയില്‍ തനിക്ക് ലഭിച്ച സ്വീകരണത്തിനിടയിലാണ് ‘ഡികെ’യുടെ ഈ ആപ്പിള്‍ പ്രയോഗം നടന്നത്.തങ്ങളുടെ പ്രിയ നേതാവിനെ വരവേല്‍ക്കാൻ പ്രാദേശിക ജനവിഭാഗവും അണികളും ചേർന്ന് ആപ്പിളും പൂക്കളും കോർത്ത ഭീമൻ ‘ഗജമാല’യാണ് ശിവകുമാറിന് സമ്മാനിച്ചത്. ക്രെയിനില്‍ തൂക്കിയ മാല വേദിക്ക് മുന്നിലെത്തിയതോടെ അദ്ദേഹം അതില്‍ നിന്നും ഒരു ആപ്പിള്‍ പറിച്ച് കടിക്കുകയായിരുന്നു. തുടർന്ന് മാലയിലെ ആപ്പിളുകള്‍ ഓരോന്നായി അദ്ദേഹം താഴെ തടിച്ചുകൂടിയ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞു കൊടുത്തു. ആവേശത്തോടെയാണ് അണികള്‍ ആപ്പിളുകള്‍ പിടിച്ചെടുത്തത്.
സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോയെക്കുറിച്ച് ചേരിതിരിഞ്ഞാണ് അഭിപ്രായ പ്രകടനം നടക്കുന്നത്. യാതൊരു പ്രോട്ടോക്കോളും നോക്കാതെ ജനങ്ങളുമായി അടുത്തിടപഴകുന്ന് നേതാവാണ് ഡികെ എന്ന് അനുകൂലിക്കുന്നവർ വാദിക്കുന്നു. പ്രസാദം പോലെയാണ് അണികള്‍ ആ ആപ്പിള്‍ സ്വീകരിച്ചതെന്നും അവർ പറയുന്നു. പൊതുവേദിയില്‍ വെച്ച് ആഹാരസാധനങ്ങള്‍ ഇത്തരത്തില്‍ ജനങ്ങള്‍ക്ക് നേരെ എറിഞ്ഞു കൊടുക്കുന്നത് ശരിയായ നടപടിയല്ലെന്നും, ഇത് മോശം കാഴ്ചയാണെന്നുമാണ് വിമർശകരുടെ പക്ഷം.വിവിഐപി അകമ്പടി വാഹനങ്ങള്‍ ഒഴിവാക്കി സാധാരണക്കാരനായി ബെംഗളൂരു മെട്രോയില്‍ ശിവകുമാർ യാത്ര ചെയ്തത് വലിയ വാർത്തയായിരുന്നു. സഹയാത്രികർക്കൊപ്പം സെല്‍ഫിയെടുത്തും, പത്രം വായിച്ചും, കുട്ടികള്‍ക്ക് ചോക്ലേറ്റ് വിതരണം ചെയ്തും സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്നതിന് തൊട്ടുപിന്നാലെയാണ് കനകപുരയിലെ ഈ ആപ്പിള്‍ വീഡിയോയും എത്തിയിരിക്കുന്നത്. എന്തായാലും കർണാടക രാഷ്ട്രീയത്തിലെ ഈ ‘ട്രബിള്‍ ഷൂട്ടർ’ വീണ്ടും സോഷ്യല്‍ മീഡിയയിലെ സംസാരവിഷയമായി മാറിയിരിക്കുകയാണ്.