ബെംഗളൂരു കർണാടകയുടെ മറ്റ് ഭാഗങ്ങളിലും ചൊവ്വാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ (ചൊവ്വാഴ്ച) തെക്കൻ കർണാടകയിലും 10 ന് സംസ്ഥാനത്തൊട്ടാകെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.11ന് സംസ്ഥാനത്തുടനീളം ഓറഞ്ച് അലർട്ട് തുടരും.തിങ്കളാഴ്ച തീരദേശ കർണാടകയില്‍ റെഡ് അലർട്ടാണ്. തെക്കൻ, വടക്കൻ കർണാടകയില്‍ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.കർണാടകയുടെ പകുതിയിലധികം പ്രദേശങ്ങളില്‍ കാലവർഷം എത്തിക്കഴിഞ്ഞു. കുടക് ജില്ലയില്‍ വ്യാഴാഴ്ച കാലവർഷം ആരംഭിച്ചതായി വകുപ്പ് അറിയിച്ചു. കാലവർഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ്.അതേസമയം സംസ്ഥാനത്ത് ഇത്തവണ നല്ല വേനല്‍മഴ ലഭിച്ചിരുന്നു.
125 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. മേഖലാതല കണക്കുകള്‍ പ്രകാരം വടക്കൻ കർണാടകയില്‍ 42 ശതമാനം അധിക മഴ ലഭിച്ചു. തീരദേശ മേഖലകളില്‍ 80 മുതല്‍ 110 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തി.തെക്കൻ കർണാടകയില്‍ മഴ ശരാശരിയേക്കാള്‍ നേരിയ തോതില്‍ കുറവായിരുന്നു.കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവില്‍ യാത്രാ മുന്നറിയിപ്പുമായി ട്രാഫിക് പോലീസ്ബെംഗളൂരു: കനത്ത മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ ബെംഗളൂരുവില്‍ ഗതാഗത തടസങ്ങളും വെള്ളക്കെട്ടും ഉണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. നഗരത്തില്‍ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും വെള്ളക്കെട്ടുള്ള റോഡുകളില്‍ വാഹനം സാവധാനത്തില്‍ ഓടിക്കണമെന്നും നിർദേശമുണ്ട്. വെള്ളം കയറിയ റോഡുകളിലൂടെ വാഹനങ്ങള്‍ കടത്തിവിടരുതെന്നും റോഡുകളിലെ സാഹചര്യങ്ങള്‍ നിരന്തരം ശ്രദ്ധിക്കണമെന്നും പോലീസ് അഭ്യർഥിച്ചു.
തത്സമയ ട്രാഫിക് വിവരങ്ങള്‍ ലഭിക്കുന്നതിനായി ബി.ടി.പി ആസ്ട്രാം (BTP ASTraM) ആപ്പ് ഉപയോഗിക്കാനും പോലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്. റൂട്ട് മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതിലൂടെ ലഭ്യമാകും.ആദ്യഘട്ടത്തില്‍ നേരിയ മഴ ലഭിക്കുമെങ്കിലും ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മഴയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഗതാഗത തടസങ്ങള്‍ നേരിടാൻ ആവശ്യമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ട്രാഫിക് പോലീസ് അറിയിച്ചു.തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്ത് കൂടുതല്‍ സജീവമാകുകയാണ്. കർണാടക, തമിഴ്നാട്, ഗോവ എന്നിവിടങ്ങളില്‍ കാലവർഷം എത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്കും കാലവർഷം വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. വരും ദിവസങ്ങളില്‍ മഴ ശക്തമാകാൻ അനുകൂല സാഹചര്യമുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.