Home തിരഞ്ഞെടുത്ത വാർത്തകൾ ‘അവനെ നിര്‍ബന്ധിച്ചാ അമേരിക്കയിലേക്ക് അയച്ചത്, എന്നിട്ടിപ്പോള്‍’; ഇന്ത്യക്കാരൻ പിസ ഡെലിവറിക്കിടെ കൊല്ലപ്പെട്ടു, കെണിയൊരുക്കി കൊന്നതെന്ന് കുടുംബം

‘അവനെ നിര്‍ബന്ധിച്ചാ അമേരിക്കയിലേക്ക് അയച്ചത്, എന്നിട്ടിപ്പോള്‍’; ഇന്ത്യക്കാരൻ പിസ ഡെലിവറിക്കിടെ കൊല്ലപ്പെട്ടു, കെണിയൊരുക്കി കൊന്നതെന്ന് കുടുംബം

ഫിലാഡല്‍ഫിയ: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ പിസ ഡെലിവറി ചെയ്യാനെത്തിയ 28 വയസ്സുകാരനായ ഇന്ത്യൻ യുവാവിനെ അജ്ഞാതർ വെടിവെച്ചു കൊന്നു.ശനിയാഴ്ച രാത്രിയാണ് സംഭവം. തെലങ്കാന സ്വദേശിയായ അൻഷുല്‍ കുഞ്ചയാണ് കൊല്ലപ്പെട്ടത്. മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന അൻഷുല്‍, അധിക വരുമാനത്തിനായാണ് പാർട്ട് ടൈം ആയി പിസ്സ ഡെലിവറി എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്നത്. വ്യാജ ഓർഡർ നല്‍കി ജനവാസമില്ലാത്ത സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് അൻഷുലിനെ കൊലപ്പെടുത്തിയതെന്ന് കുടുംബം പറയുന്നു.ശനിയാഴ്ച രാത്രി വൈകി വിജനമായ ഒരു സ്ഥലത്തേക്ക് അൻഷുലിന് പിസ്സ ഡെലിവറി ഓർഡർ ലഭിക്കുകയായിരുന്നു. ഓർഡർ നല്‍കിയ വിലാസത്തില്‍ അൻഷുല്‍ എത്തിയ ഉടൻ, അവിടെയുണ്ടായിരുന്ന അജ്ഞാതർ അൻഷുലിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം.

അൻഷുലിന്റെ തലയ്ക്ക് ഒന്നിലധികം തവണ വെടിയേറ്റു. കൃത്യം നിർവഹിച്ച ശേഷം അക്രമികള്‍ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. രക്തസ്രാവത്തോടെ അബോധാവസ്ഥയില്‍ കണ്ടെത്തിയ അൻഷുലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അൻഷുലിന്റെ പക്കല്‍ നിന്നും പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്ന് കുടുംബം പറയുന്നു. ഇത് കൊള്ളയടിക്കാനുള്ള ശ്രമമല്ലെന്നും വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നുമുള്ള സംശയം ബലപ്പെടുത്തുന്നു. ആക്രമണം നടന്ന സമയത്ത് കറുത്ത വസ്ത്രം ധരിച്ച്‌ ബാക്ക്പാക്ക് തോളിലിട്ട രണ്ട് മുഖംമൂടി ധാരികള്‍ ആ പ്രദേശത്ത് നടന്നുപോകുന്നതായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു.മുൻപ് അമേരിക്കയില്‍ വെച്ച്‌ അൻഷുല്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. അന്ന് മാലയും ഫോണും പണവും കവർച്ചക്കാർ തട്ടിയെടുത്തിരുന്നു. അൻഷുലിന് ലഭിച്ച പിസ്സ ഡെലിവറി ഓർഡർ വകവരുത്താൻ വേണ്ടി മാത്രം ഒരുക്കിയ ഒരു വലിയ ‘കെണി’ ആയിരുന്നുവെന്ന് സഹോദരി തൻവി മാധ്യമങ്ങളോട് പറഞ്ഞു. ആളൊഴിഞ്ഞതും ഉപേക്ഷിക്കപ്പെട്ടതുമായ ഒരു കെട്ടിടത്തിലേക്കാണ് പിസ്സ എത്തിക്കാൻ ആവശ്യപ്പെട്ടത്. എന്തിനാണ് കൊലപ്പെടുത്തിയതെന്നും ആരാണ് അക്രമിയെന്നും കണ്ടെത്തണമെന്ന് സഹോദരി ആവശ്യപ്പെട്ടു.

സഹോദരന്‍റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് തൻവി അധികൃതരോട് അഭ്യർത്ഥിച്ചു. “വളരെ സ്നേഹമുള്ള വ്യക്തിയായിരുന്നു എന്‍റെ സഹോദരൻ. കഴിഞ്ഞ നാല് വർഷത്തോളമായി അവൻ യുഎസിലായിരുന്നു. വ്യാജ ഓർഡർ നല്‍കി കെണിയില്‍പ്പെടുത്തിയാണ് അവനെ കൊലപ്പെടുത്തിയതെന്ന് ഞങ്ങള്‍ അറിഞ്ഞു. അവന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുക എന്നതാണ് ഇപ്പോള്‍ ഞങ്ങളുടെ ആവശ്യം”- തൻവി പറഞ്ഞു.തിങ്കളാഴ്ചയോടെ മൃതദേഹം വിട്ടുകിട്ടുമെന്നാണ് അധികൃതർ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. കൊലപാതകത്തില്‍ തങ്ങള്‍ക്ക് പ്രത്യേകമായി ആരെയും സംശയമില്ലെന്നും എന്നാല്‍ ഇതിന് പിന്നില്‍ പ്രവർത്തിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മക്കളെ വിദേശത്തേക്ക്, പ്രത്യേകിച്ച്‌ അമേരിക്കയിലേക്ക് അയക്കരുതെന്ന് തൻവി കണ്ണീരോടെ അഭ്യർത്ഥിച്ചു. തന്റെ സഹോദരന് യുഎസിലേക്ക് പോകാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. നിർബന്ധിച്ചാണ് അവനെ അയച്ചത്. ഒടുവില്‍ അവന് സംഭവിച്ചത് എന്താണെന്ന് നോക്കൂ. ദയവായി നിങ്ങളുടെ മക്കളെ യുഎസിലേക്ക് അയക്കരുതെന്ന് തൻവി പറഞ്ഞു.

ന്യൂയോർക്കിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറല്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും അന്വേഷണ പുരോഗതിക്കായി അധികൃതരെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. യുവാവിന്റെ ദാരുണമായ കൊലപാതകം അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. അൻഷുലിന്റെ ജന്മനാടായ തെലങ്കാനയിലെ ഗുണ്ട്‌ലപോച്ചമ്പള്ളി ഗ്രാമത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കടുത്ത ദുഃഖത്തിലാണ്. യുവാവിന്റെ അപ്രതീക്ഷിത വേർപാട് ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group