‘ദൃശ്യം’ ഫ്രാഞ്ചൈസിയിലെ ജോർജ്ജുകുടിയുടെ വീട് സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതമാണ്. തൊടുപുഴയ്ക്ക് അടുത്ത് വഴിത്തലയിലുള്ള കർഷകനായ എം.കെ.ജോസഫിന്റെ (ജോസഫ് കുരുവിള) വീടാണ് ചിത്രത്തില്‍ ജോർജ്ജുകുടിയുടെ വീടായി മാറിയത്. ദൃശ്യം പരമ്പരയിലെ ജോർജ്ജുകുടിയുടെ വളർച്ചയ്ക്കൊപ്പം ഈ വീടിനും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 2013-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം മുതല്‍ ഈ മാസം പുറത്തിറങ്ങിയ മൂന്നാം ഭാഗം വരെ ഈ വീട് സിനിമയുടെ പ്രധാന ലൊക്കേഷനായിരുന്നു.സിനിമയുടെ ചിത്രീകരണത്തിനായി ഈ വീട് വിട്ടുനല്‍കിയതിലൂടെ വീട്ടുടമസ്ഥന് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് എം.കെ. ജോസഫ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ ഭാഗത്തിന്റെ ചിത്രീകരണ സമയത്ത് പ്രതിദിനം 6,000 രൂപയായിരുന്നു വാടകയായി നല്‍കിയിരുന്നത്. എട്ടു വർഷത്തിന് ശേഷം രണ്ടാം ഭാഗം എത്തിയപ്പോള്‍ ഇത് 10,000 രൂപയായും, മൂന്നാം ഭാഗത്തില്‍ അത് 15,000 രൂപയായും വർദ്ധിച്ചു. 13 ദിവസത്തോളം നീണ്ടുനിന്ന മൂന്നാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി മാത്രം 1,95,000 രൂപയാണ് വീട്ടുടമസ്ഥന് ലഭിച്ചത്. കൂടാതെ, വീടിന്റെ അറ്റകുറ്റപ്പണികളും അണിയറപ്രവർത്തകർ നടത്തിയിരുന്നു. 1977-ല്‍ നിർമ്മിച്ച, ഏകദേശം 49 വർഷം പഴക്കമുള്ള വീടാണിത്.അതേസമയം, ‘ദൃശ്യം 3’ ആഗോള ബോക്സ് ഓഫീസില്‍ വലിയ കുതിപ്പാണ് നടത്തുന്നത്. ഇതിനകം 220 കോടി രൂപയോളം ചിത്രം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ നാലാം ഭാഗം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. എന്നാല്‍ അണിയറപ്രവർത്തകർ ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.