ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനൊരുങ്ങുന്ന ഡി.കെ ശിവകുമാർ രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയാകും.1,413 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപിത ആസ്തി. ‘അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്'(എഡിആർ) തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വിശകലനത്തിലാണ് ശിവകുമാർ ഒന്നാമതെത്തിയത്.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു (931 കോടി രൂപ), തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് (648 കോടി രൂപ) എന്നിവരാണ് തൊട്ടുപിന്നില്‍. ഇതോടെ ഇന്ത്യയിലെ ഏറ്റവും പണക്കാരായ മൂന്ന് മുഖ്യമന്ത്രിമാരും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരായി മാറി. മുൻപ് 2025-ല്‍ എഡിആർ പുറത്തുവിട്ട പട്ടികയില്‍ ചന്ദ്രബാബു നായിഡുവിന് പിന്നില്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും (332 കോടി രൂപ), കർണാടകയിലെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ് ഉണ്ടായിരുന്നത്.
ലളിത വസ്ത്രധാരണത്തിലൂടെ സാധാരണക്കാരന്റെ പ്രതിച്ഛായ വളർത്താൻ ശ്രമിക്കുന്ന മറ്റ് പല രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തനാണ് ശിവകുമാർ. തന്റെ സമ്പത്ത് വസ്ത്രധാരണത്തിലൂടെ വ്യക്തമാക്കാൻ അദ്ദേഹം മടിക്കാറില്ല. ലൂയിസ് വിറ്റണ്, ഷനെല്‍, പ്രാഡ, ബർബെറി, ഗൂച്ചി തുടങ്ങിയ ആഗോള ആഡംബര ബ്രാൻഡുകളുടെ വസ്ത്രങ്ങളും, റോളക്സ്, കാർട്ടിയർ തുടങ്ങിയ പ്രീമിയം ബ്രാൻഡ് വാച്ചുകളും അദ്ദേഹം ഉപയോഗിക്കാറുണ്ട്. തന്റെ ഷർട്ടുകളിലും കുർത്തകളിലും സ്വന്തം പേരിന്റെ ചുരുക്കെഴുത്തായ ‘ഡികെ’ എന്ന് പ്രത്യേകമായി തുന്നിച്ചേർക്കുന്നതും അദ്ദേഹത്തിന്റെ ഒരു ശൈലിയാണ്. ഒരിക്കല്‍ ബെംഗളൂരുവിലെ ഒരു മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിക്കാൻ എത്തിയപ്പോള്‍ പോലും ലൂയിസ് വിറ്റണ് ബ്രാൻഡിന്റെ സ്കാർഫ് കഴുത്തില്‍ ധരിച്ചാണ് അദ്ദേഹം എത്തിയത്.ശിവകുമാറിന്റെ ആകെ ആസ്തിയില്‍ 1,140 കോടി രൂപ സ്ഥാവര സ്വത്തുക്കളും (ഭൂമി, കെട്ടിടങ്ങള്‍), 273 കോടി രൂപ ജംഗമ സ്വത്തുക്കളുമാണ് (പണം, സ്വർണം, ഓഹരികള്‍). അദ്ദേഹത്തിന് 265 കോടി രൂപയുടെ ബാധ്യതകളുമുണ്ട്. തന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്വത്തുക്കള്‍ സുതാര്യമായാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ശിവകുമാർ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
ഡി.കെ ശിവകുമാറിന്റെ ആസ്തിയിലുണ്ടായ വർദ്ധനവ്:അച്ഛനില്‍ നിന്നും മുത്തശ്ശിയില്‍ നിന്നും വില്പത്രം വഴി ലഭിച്ച കൃഷിഭൂമിയാണ് അദ്ദേഹത്തിന്റെ പ്രധാന സമ്പാദ്യം. ബെംഗളൂരു, മൈസൂരു, കനകപുര, ഡല്‍ഹി എന്നിവിടങ്ങളില്‍ അദ്ദേഹത്തിന് സ്വന്തമായി വീടുകളുണ്ട്. ബെംഗളൂരുവിലെ ഗോപാലപുരയില്‍ ഒരു മാള്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കർണാടകയില്‍ ഭൂമിവില കുതിച്ചുയർന്നതാണ് അദ്ദേഹത്തിന്റെ ആസ്തി ഇത്രയധികം വർദ്ധിക്കാൻ കാരണം.ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ ഏറ്റവും സമ്പന്നർ എഐഎഡിഎംകെ എംഎല്‍എ ലീമ റോസ് മാർട്ടിനും (5,863 കോടി രൂപ), മഹാരാഷ്ട്ര എംഎല്‍എ പരാഗ് ഷായുമാണ് (3,383 കോടി രൂപ).