ബെംഗളൂരു: ഐപിഎൽ ടൂർണമെന്റിനിടെ പ്രവർത്തിച്ചിരുന്ന സംഘടിത ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പ് ശൃംഖലയെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) കണ്ടെത്തി. വിവിധ കേസുകളിലായി അഞ്ച് മാസ്റ്റർ ബുക്കികളെ പോലീസ് അറസ്റ്റ് ചെയ്തു.പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി വാതുവെപ്പ് ഐഡികൾ നൽകിയെന്നാണ് പ്രതികൾക്കെതിരായ ആരോപണം. കഴിഞ്ഞ 20 ദിവസത്തിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് നടത്തിയ ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ സിസിബി രജിസ്റ്റർ ചെയ്തു.ഡൽഹിയിലും മുംബൈയിലും നിന്ന് ഓൺലൈനായി വാതുവെപ്പ് പോയിന്റുകൾ വാങ്ങിയ ‘മാസ്റ്റർ ബുക്കികൾ’ ആണെന്നാണ് പോലീസിന്റെ സംശയം. കർണാടക പോലീസ് ആക്ടും ബിഎൻഎസ് സെക്ഷൻ 112 (Petty Organised Crime) പ്രകാരവുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത പോലീസ്, വാതുവെപ്പ് ഐഡികളും അനുബന്ധ വിവരങ്ങളും എങ്ങനെ ലഭിച്ചതെന്ന് അന്വേഷിച്ചുവരികയാണ്.പോലീസ് ഇൻസ്പെക്ടർ അരുൺ സലുങ്കെയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടീരവ നഗർ സ്വദേശിയായ സയ്യിദ് ദസ്തഗിർ (45), പദരായണപുര സ്വദേശിയായ സജയത്ത് (40) ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.മറ്റൊരു കേസിൽ അന്നപൂർണേശ്വരി നഗറിലെ മുദ്ദിനപാളയ മെയിൻ റോഡിന് സമീപത്ത് നിന്ന് ദിലീപിനെ പിടികൂടി. എസ്.ജെ. പാർക്കിലെ ലിസിയ സിറ്റി സെന്ററിന് സമീപം നടത്തിയ റെയ്ഡിൽ ക്രാന്തി കുമാർ ജെയിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരുവിൽ ഐപിഎൽ ഓൺലൈൻ വാതുവെപ്പ് റാക്കറ്റ്: അഞ്ച് പേർ പിടിയിൽ
previous post