ബെംഗളൂരു: ബെംഗളൂരുവിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം കർണാടകയിലൊരുങ്ങുന്നു.ഐടി നഗരമായ ബെംഗളൂരുവില്‍ നിന്ന് ഏകദേശം 36 കിലോമീറ്റർ അകലെയുള്ള അനേക്കല്‍ എന്ന സ്ഥലത്താണ് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുക. അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച നിർവഹിച്ചു.ആനേക്കല്‍ താലൂക്കിലെ സൂര്യനഗറില്‍ ആണ് 943 കോടി രൂപ ചെലവഴിച്ച് 80,000 പേർക്ക് ഇരിക്കാവുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുക. ഭവന വകുപ്പും കർണാടക ഹൗസിങ് ബോർഡും (കെഎച്ച്ബി) സംയുക്തമായിട്ടാണ് പദ്ധതി പൂർത്തിയാക്കുക. പദ്ധതി യാഥാർഥ്യമാകുന്നതോടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറും.
ഇതുവരെ വീടുകള്‍ മാത്രം നിർമിച്ചുകൊണ്ടിരുന്ന ഭവന വകുപ്പും കെഎച്ച്ബിയും 80,000 സീറ്റുള്ള സ്റ്റേഡിയത്തിന്റെ നിർമാണവുമായി മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗുജറാത്തിലെ സ്റ്റേഡിയത്തിന് 90,000 സീറ്റുള്ള ശേഷിയുണ്ട്. അനേക്കലിലെ പദ്ധതി പൂർത്തിയാകുമ്പോള്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്റ്റേഡിയമായിരിക്കും ഇത്. ക്രിക്കറ്റ് സ്റ്റ്ഡിയം ടൂറിസത്തെ മാത്രമല്ല നമ്മുടെ സമ്പദ്വ്യവസ്ഥയെയും ഉത്തേജിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.80,000 പേർക്ക് ഇരിക്കാനുള്ള സൗകര്യവും കളിക്കാർക്കും കാണികള്‍ക്കും വേണ്ട മറ്റ് സൗകര്യങ്ങളും സ്റ്റേഡിയത്തിലുണ്ടാകും. 75 ഏക്കർ വിസ്തൃതിയുള്ള സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ഗ്രൗണ്ടിന് പുറമേ 400 മീറ്റർ വിസ്തൃതിയുള്ള അത്ലറ്റിക്സ് ട്രാക്ക് ആൻഡ് ഫീല്‍ഡ്, ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോള്‍, വോളിബോള്‍, ടേബിള്‍ ടെന്നീസ് എന്നിവയ്ക്കുള്ള ഇൻഡോർ സ്പോർട്സ് അരീന, ഒളിമ്പിക് വലുപ്പത്തിലുള്ള സ്വിമ്മിങ് പൂള്, മുറികള്‍, ഷവർ റൂം, ശുചിമുറികള്‍, ഡൈവിങ് പൂള്, നീന്തല്‍ പരിശീലന കുളം എന്നിവ ഉള്‍പ്പെടും.സ്റ്റേഡിയത്തിനൊപ്പം റീട്ടെയില്‍ ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, ബേസ്മെന്റ് പാർക്കിങ് ഏരിയ എന്നിവയ്ക്ക് പുറമേ ഓഡിറ്റോറിയം, എക്സിബിഷൻ ഹാളുകള്‍, ഹാള്‍ ഓഫ് ഫെയിം, കോണ്‍ഫറൻസ് സെമിനാർ റൂമുകള്‍ എന്നിവയുള്‍പ്പെടെ ഒരു കണ്വെൻഷൻ സെന്റർ നിർമിക്കും.
മെഡിക്കല്‍ സെന്റർ, ഫിറ്റ്നസ് സെന്റർ, ന്യൂട്രീഷൻ സെന്റർ, അത്ലറ്റിക്സ് ഹോസ്റ്റല്‍, ഫിസിയോതെറാപ്പി സെന്റർ എന്നിവയും ഉള്‍പ്പെടും.കഴിഞ്ഞ വർഷം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കന്നി ഐപിഎല്‍ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേർക്ക് ജീവ നഷ്ടമാകുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനുശേഷം സംസ്ഥാനത്ത് ഒരു അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ആവശ്യകത സർക്കാർ തിരിച്ചറിഞ്ഞുവെന്ന് സിദ്ധരാമയ്യ പറഞ്ഞു.സർക്കാരിന്റെ സാമ്പത്തിക സഹായമില്ലാതെ സ്റ്റേഡിയത്തിന് കെഎച്ച്ബി പൂർണമായും ധനസഹായം നല്‍കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഒഴിഞ്ഞ സ്ഥലങ്ങള്‍ വില്‍ക്കുന്നതിലൂടെ കെഎച്ച്ബിക്ക് 20,000 കോടി രൂപ വരുമാനം ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. പ്രദേശം വികസിപ്പിക്കുന്നതിനുള്ള അംഗീകാരത്തിന്ന പുറമേ ജിഗാനി ഹോബ്ലി വഴി ഒരു പ്രധാന റോഡ് നിർമിക്കുന്നതിന് ഭരണപരമായ അനുമതിയും നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ ഉടൻ തന്നെ പണി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.