ബംഗളൂരു: എട്ട് വര്‍ഷം മുന്‍പ് വ്യാജ സുപ്രീം കോടതി രേഖകള്‍ ചമച്ച് ജീവപര്യന്തം തടവുകാരന്‍ ജയില്‍ മോചിതനായതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് സംഭവം. വ്യാജരേഖകള്‍ നിര്‍മ്മിക്കാന്‍ സഹായിച്ച തടവുകാരനും കൂട്ടാളികള്‍ക്കുമെതിരെ ജയില്‍ അധികൃതര്‍ ഇപ്പോള്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.2018 ഡിസംബര്‍ 3-നാണ് ക്രിമിനല്‍ അപ്പീലില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചതെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ഒരു കത്ത് ജയില്‍ അധികൃതര്‍ക്ക് ലഭിക്കുന്നത്. ഈ വ്യാജ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, മൊത്തം 10,000 രൂപ പിഴയൊടുക്കി 2018 നവംബര്‍ 13-ന് ശങ്കര്‍ ജയിലില്‍ നിന്ന് മോചിതനാവുകയായിരുന്നു എന്ന് പുതിയ എഫ്.ഐ.ആറില്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം, ശങ്കര്‍ സമര്‍പ്പിച്ച കോടതി രേഖകള്‍ വ്യാജമാണെന്ന് കാണിച്ച് പരാതികള്‍ ഉയര്‍ന്നതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്.തുടര്‍ന്ന് കര്‍ണാടക ജയില്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ബന്ധപ്പെട്ട രേഖകള്‍ കൂടുതല്‍ പരിശോധനയ്ക്കായി ബെംഗളൂരു സതേണ്‍ റേഞ്ച് ജയില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിന് കൈമാറി.വ്യാജരേഖകള്‍ ചമയ്ക്കുന്നതിനും സമര്‍പ്പിക്കുന്നതിനും നിരവധി പേര്‍ ശങ്കറിനെ സഹായിച്ചിട്ടുണ്ടെന്നാണ് ജയില്‍ അധികൃതരുടെ നിഗമനം. പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യാനും ഗൂഢാലോചനയിലും രേഖകള്‍ ചമച്ചതിലും പങ്കാളികളായ എല്ലാവര്‍ക്കുമെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനുമുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.