ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ സ്വപ്ന പദ്ധതികളിലൊന്നായ ബെംഗളൂരു ബിസിനസ് കോറിഡോർ (ബിബിസി) പദ്ധതിയുടെ ആദ്യ പാക്കേജിൻ്റെ കരാർ സ്വന്തമാക്കി ബെംഗളൂരു ആസ്ഥാനമായുള്ള ശങ്കരനാരായണ കണ്‍സ്ട്രക്ഷൻസ് (എസ്എൻസി).ബിബിസിയുടെ 19.5 കിലോമീറ്റർ നിർമാണത്തിനുള്ള കരാറാണ് എസ്എൻസി നേടിയത്.മുൻപ് പെരിഫറല്‍ റിങ് റോഡ് (പിആർആർ) എന്നറിയപ്പെട്ടിരുന്ന 74 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി അതിവേഗത്തില്‍ പൂർത്തിയാക്കുന്നതിനായി മൂന്ന് പാക്കേജുകളായി തിരിക്കുകയായിരുന്നു. തുമകുരു റോഡിനും ബല്ലാരി റോഡിനും ഇടയിലുള്ള ഭാഗം ഉള്‍ക്കൊള്ളുന്ന ആദ്യ പാക്കേജിന് 10 വർഷത്തെ അറ്റകുറ്റപ്പണി ഉള്‍പ്പെടെ 3,348 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഔട്ടർ റിങ് റോഡിലെ (ORR) എലിവേറ്റഡ് മെട്രോ ഇടനാഴി എസ്എൻസി നേരത്തെ ഷെഡ്യൂളിനുള്ളില്‍ പൂർത്തിയാക്കിയിരുന്നു.ശങ്കരനാരായണ കണ്‍സ്ട്രക്ഷൻസ്, ഹൈദരാബാദ് ആസ്ഥാനമായുള്ള വിശ്വ സമുദ്ര എൻജിനീയറിങ് എന്നീ രണ്ട് കമ്പനികളും ലേലം നടപടികളില്‍ പങ്കെടുത്തുവെന്നും രണ്ട് സ്ഥാപനങ്ങളും സാങ്കേതിക റൗണ്ടില്‍ യോഗ്യത നേടിയിരുന്നുവെന്നും ബിബിസി ലിമിറ്റഡ് ചെയർമാൻ എല്‍കെ അതീഖ് പറഞ്ഞു. അതേസമയം, കമ്പനികള്‍ മുന്നോട്ട് വെച്ച ലേലത്തുക വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസം ബിഡിഎ സിവില്‍ ജോലികള്‍ക്കായി ടെൻഡറുകള്‍ നല്‍കിയിരുന്നു. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ ഏകദേശം 80 ശതമാനം ഏറ്റെടുക്കല്‍ പുരോഗമിച്ച ഘട്ടത്തിലാണ്.കരാറുകാരന് ജോലി ആരംഭിക്കാൻ കുറഞ്ഞത് മൂന്ന് മാസമെടുക്കും. ഏറ്റെടുത്ത ഭൂമി ഉടൻ കൈമാറാൻ തുടങ്ങുമെന്ന് അതീഖ് പറഞ്ഞു. എയർപോർട്ട് റോഡിലെ കോളിൻസ് എയ്റോസ്പേസ് ജങ്ഷൻ മുതല്‍ വൈറ്റ്ഫീല്‍ഡ് റോഡിന് അപ്പുറം സീഗെഹള്ളി വരെ നീളുന്ന പാക്കേജ് 2 ജൂലൈ മാസത്തോടെ ടെൻഡറിനായി തയ്യാറെടുക്കുകയാണെന്നും അതീഖ് പറഞ്ഞു.അതേസമയം, ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിനെ ചോദ്യം ചെയ്യുന്ന ഹർജികള്‍ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ ബാംഗ്ലൂർ വികസന അതോറിറ്റിക്ക് (ബിഡിഎ) ഉടൻ കരാർ നല്കാൻ കഴിഞ്ഞേക്കില്ല. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമല്ല നഷ്ടപരിഹാരമെന്ന് പറഞ്ഞ് നിരവധി കർഷകർ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയെ ചോദ്യം ചെയ്തിട്ടുണ്ട്.
പദ്ധതി പുതുക്കി ഇടനാഴി വീതി 65 മീറ്ററായി വർധിപ്പിക്കുകയും ഇരുവശത്തും സർവീസ് റോഡുകള്‍ ഉണ്ടാകുമെന്നും എല്‍കെ അതീഖ് പറഞ്ഞു. പുതുക്കിയ രൂപകല്‍പ്പനയില്‍ ഹെസരഘട്ട റോഡ്, ചന്നസാന്ദ്ര തുടങ്ങിയ ജങ്ഷനുകളിലെ എലിവേറ്റഡ് ഇന്റർചേഞ്ചുകള്‍, അവലഹള്ളി ഭാഗത്തെയും ഐവിആർഐ കാമ്പസിലൂടെയും ഒരു ഫ്ലൈഓവർ എന്നിവ ഉള്‍പ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പാക്കേജ് 1 വിശദാംശങ്ങള്പാക്കേജ് 1 മായി ബന്ധപ്പെട്ട സിവില്‍ ജോലികള്‍ക്കായി ബാംഗ്ലൂർ വികസന അതോറിറ്റി മാർച്ച് 30നാണ് 3,348 കോടി രൂപ കണക്കാക്കിയ ടെൻഡറുകള്‍ ക്ഷണിച്ചത്. ആദ്യ പാക്കേജില്‍ മൂന്ന് ക്ലോവർലീഫ് ജങ്ഷനുകള്‍, ഒരു ഗ്രേഡ് സെപ്പറേറ്റർ, രണ്ട് റെയില്‍ ഓവർ ബ്രിഡ്ജുകള്‍ എന്നിവയുള്ള 21 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നിർമാണം ഉള്‍പ്പെടും. ഇതില്‍ ആകെ 7.5 കിലോമീറ്റർ എലിവേറ്റഡ് ഇടനാഴി ഉള്‍പ്പെടുന്നുണ്ട്. ഇടനാഴിയില്‍ 12-ലെയ്ൻ കോണ്‍ഫിഗറേഷനും ഒരു യൂട്ടിലിറ്റി കോറിഡോർ, സമർപ്പിത സൈക്കിള്‍ പാത, 3 മീറ്റർ ഫുട്പാത്ത് എന്നിവ ഉണ്ടായിരിക്കും.