Home കർണാടക മുഖം മാറ്റാൻ ബെംഗളൂരു നഗരം; വരുന്നത് 9 ഫ്ലൈഓവറുകള്‍, ചെലവ് 3100 കോടി രൂപ, ടെൻഡറുകള്‍ ക്ഷണിച്ചു

മുഖം മാറ്റാൻ ബെംഗളൂരു നഗരം; വരുന്നത് 9 ഫ്ലൈഓവറുകള്‍, ചെലവ് 3100 കോടി രൂപ, ടെൻഡറുകള്‍ ക്ഷണിച്ചു

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതില്‍ മേല്‍പ്പാലങ്ങളുടെ ഫലപ്രാപ്‌തിയെക്കുറിച്ച്‌ ചർച്ചകള്‍ തുടരുമ്പോഴും, ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈല്‍) ഒമ്പത് ചെറുതും ഇടത്തരവുമായ മേല്‍പ്പാലങ്ങള്‍ക്കായി ടെൻഡറുകള്‍ ക്ഷണിച്ചു രംഗത്ത് വന്നിരിക്കുകയാണ്.29 കിലോമീറ്റർ നീളമുള്ള ഈ പദ്ധതിക്ക് 3100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.ഏറ്റവും വലിയ നിർദ്ദേശങ്ങളിലൊന്ന് നഗരമധ്യത്തിലെ 7 കിലോമീറ്റർ മേല്‍പ്പാലമാണ്, ഇതിന് 557.23 കോടി രൂപ ചെലവ് വരും. മിനർവ സർക്കിള്‍-ഹഡ്‌സണ്‍ സർക്കിള്‍, ബാല ഗംഗാധരനാഥ സ്വാമിജി ഫ്‌ളൈഓവറിനെ ടൗണ്‍ ഹാളുമായി ബന്ധിപ്പിക്കുന്ന ലൂപ്പ് ഫ്ളൈഓവർ, സംഗോളി രായണ്ണ സർക്കിള്‍ (ആനന്ദ് റാവു ഫ്‌ളൈഓവർ)-കെആർ സർക്കിള്‍ പാത എന്നിവ ഇതില്‍പ്പെടുന്നു.ഓള്‍ഡ് മദ്രാസ് റോഡിനെ ഇലക്‌ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന 5.2 കിലോമീറ്റർ മേല്‍പ്പാലമാണ് മറ്റൊരു പ്രധാന പദ്ധതി; ചെലവ് 852 കോടി രൂപ.

സ്വാമി വിവേകാനന്ദ മെട്രോ സ്‌റ്റേഷൻ, ഇന്ദിരാനഗർ, ഓള്‍ഡ് എയർപോർട്ട് റോഡ്, ഹൊസൂർ റോഡ് വഴി സില്‍ക്ക് ബോർഡ് ജംഗ്ഷൻ വരെയാണിത്. ബി-സ്മൈല്‍ ഷൂളെ സർക്കിള്‍ മുതല്‍ സെന്റ് ജോണ്‍സ് ഹോസ്‌പിറ്റല്‍ റോഡ് വരെ 5.3 കിലോമീറ്റർ മേല്‍പ്പാലം നിർദ്ദേശിച്ചു.ഇത് അനപല്യ, അടുഗോഡി ജംഗ്ഷനുകളിലൂടെ കടന്നുപോകും; ചെലവ് 519 കോടി രൂപയാണ്. വടക്കൻ ബെംഗളൂരുവില്‍ ദൊഡ്ഡബല്ലാപ്പൂർ റോഡ് (പോലീസ് സ്‌റ്റേഷൻ ജംഗ്ഷൻ) മുതല്‍ എൻഎച്ച്‌-7 (നവയുഗ ഫ്ലൈഓവർ, കൊഗിലു സർക്കിള്‍) വരെയുള്ള 1.5 കിലോമീറ്റർ മേല്‍പ്പാലത്തിന് ടെൻഡർ ക്ഷണിച്ചു. ഓള്‍ഡ് യെലഹങ്ക ടൗണ്‍ വഴിയാണ് പാത; ചെലവ് 103 കോടി രൂപ.വെസ്‌റ്റ് ഓഫ് കോർഡ് റോഡിലെ പൈപ്പ്ലൈൻ റോഡ്, തുമകുരു റോഡിലെ ആർഎൻഎസ് ശാന്തിനികേതൻ, കൊനനകുണ്ടെ ക്രോസ്, കനകപുര റോഡിലെ അടിയാർ ആനന്ദഭവൻ എന്നിവിടങ്ങളിലും മേല്‍പ്പാലങ്ങള്‍ നിർദ്ദേശിച്ചിട്ടുണ്ട്. ഭൂരിഭാഗം പദ്ധതികളും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഇപിസി മാതൃകയിലാണ്. നഗരവികസന വകുപ്പിന്റെ ശുപാർശകളെ തുടർന്ന് സംസ്ഥാന മന്ത്രിസഭ ഈ നിർദ്ദേശങ്ങള്‍ക്ക് അടുത്തിടെ അംഗീകാരം നല്‍കി.അതിനിടെ മെട്രോയുടെ ജോലികളും നഗരത്തില്‍ തകൃതിയായി നടക്കുന്നുണ്ട്. ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ടം രണ്ട് പുതിയ എലിവേറ്റഡ് ഇടനാഴികളോടെ യാഥാർത്ഥ്യമാകുന്നു.

ആകെ 44.65 കിലോമീറ്റർ ദൂരവും 31 സ്‌റ്റേഷനുകളുമുണ്ടാവും റൂട്ടില്‍. ജെപി നഗർ നാലാം ഘട്ടം-കെമ്പാപുര, ഹോസഹള്ളി-കടബഗെരെ പാതകള്‍ 2029 ഡിസംബറിനും 2031 മെയ് മാസത്തിനും ഇടയില്‍ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.വിശദമായ പദ്ധതി റിപ്പോർട്ട് പ്രകാരം, ജെപി നഗർ നാലാം ഘട്ടം മുതല്‍ കെമ്പാപുര വരെയുള്ള 32.15 കിലോമീറ്റർ ഒന്നാം ഇടനാഴിയില്‍ 22 എലിവേറ്റഡ് സ്‌റ്റേഷനുകളാണുള്ളത്. ഹോസഹള്ളി-കടബഗെരെ പാതയിലെ 12.50 കിലോമീറ്റർ രണ്ടാം ഇടനാഴിയില്‍ ഒമ്പത് എലിവേറ്റഡ് സ്‌റ്റേഷനുകളാണുള്ളത്. ഇരു റൂട്ടുകള്‍ക്കുമായി സങ്കടക്കട്ടയിലെ സർക്കാർ സ്ഥലത്ത് ഒരു പൊതു ഡിപ്പോയും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌ അധികൃതർ.കൂടാതെ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഔട്ടർ റിംഗ് റോഡിലെ (ഒആർആർ) കുരുക്കഴിക്കാനായി നിരവധി നിർണായക പദ്ധതികളാണ് ആസൂത്രണം ചെയ്യൂത്. 17 കിലോമീറ്റർ റോഡ് നവീകരണം, പുതിയ മെട്രോ ലൈനുകള്‍, ഹെബ്ബാള്‍ തുരങ്കം, പുതിയ റിംഗ് എക്‌സ്പ്രസ് വേ എന്നിവയെല്ലാം ഈ പ്രധാന സാങ്കേതിക ഇടനാഴിയിലെ യാത്രകള്‍ സുഗമമാക്കാൻ ലക്ഷ്യമിടുന്നവയാണ്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി 450 കോടി രൂപയുടെ നവീകരണ പദ്ധതിക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group